സംന്യാസത്തിന് കാഷായരുദ്രാക്ഷങ്ങള്‍ വേണ്ട (40)

നമ്മുടെ ദൈനംദിന പ്രവൃത്തികളില്‍ നമ്മുടെ സമീപനം എന്തായിരിക്കണം എന്നതാണ് ഗീത പറയുന്നത്. സംന്യാസം പിടിച്ചുകെട്ടലല്ല, സ്വാതന്ത്ര്യമാണ്. കൃഷ്ണന്‍ ബാഹ്യമായി ഒന്നിനേയും പരിത്യജിച്ചില്ല. ആന്തരികമായി ഒന്നിനെ സ്വീകരിച്ചു. അപ്പോള്‍ പോകേണ്ടത് – അഹങ്കാരം – പോയി.

ഈ പ്രപഞ്ചത്തില്‍ മറ്റു ജീവജാലങ്ങളില്‍ അഹങ്കാരത്തിന്റെ അംശംപോലുമില്ല. അതിനാല്‍ മൃഗസദൃശമാകുക ഉയര്‍ന്ന ഒരവസ്ഥയാണ്. അഹങ്കാരം പ്രകൃതിയില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തുന്നു. തത്ത്വത്തെ അറിഞ്ഞിട്ടുള്ള യോഗി കാണുന്നു, കേള്‍ക്കുന്നു, സ്പര്‍ശിക്കുന്നു, മണക്കുന്നു, ഭക്ഷിക്കുന്നു, സംസാരിക്കുന്നു, പിടിക്കുന്നു, നടക്കുന്നു, വിസര്‍ജിക്കുന്നു, ശ്വസിക്കുന്നു, കണ്ണടയ്ക്കുന്നു, തുറക്കുന്നു, ഉറങ്ങുന്നു. അതിനോടൊപ്പം ഇന്ദ്രിയങ്ങളാണ് ഇന്ദ്രിയവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് (നമ്മുടെ ധാരണ ഞാന്‍ എന്നാണ്). ഞാന്‍ ഒന്നുംതന്നെ ചെയ്യുന്നില്ല എന്നറിയുന്നു. ഞാന്‍ എല്ല‍ാം ചെയ്യുന്നു, പക്ഷേ, ഒന്നും ഞാനല്ല.

സാധാരണ ജീവിതത്തില്‍ ഒരാള്‍ (ഗൃഹസ്ഥന്‍) നേടേണ്ട സംന്യാസത്തെക്കുറിച്ചാണ് ഗീത പറയുന്നത്. എല്ല‍ാം ചെയ്യുന്നു, എല്ല‍ാം അനുഭവിക്കുന്നു. ഉടമസ്ഥതാബോധം വിടുന്നു. ഇത്രകാലം എന്റേത് എന്നു കരുതിയത് എന്റേതല്ല എന്നറിയുന്നു. എന്തെങ്കിലും ഉള്ളില്‍ സംഭവിക്കുന്നു എങ്കില്‍ അത് അവനവന്‍പോലുമറിയാതെ ആയിരിക്കണം. ഒന്നും ബലമായി അടിച്ചമര്‍ത്തലോ, ഉപേക്ഷിക്കലോ അല്ല സംന്യാസം. എല്ല‍ാം ചെയ്ത്, അനുഭവിച്ച് ഫലങ്ങളില്‍ സംഗമില്ലാതെ ഇരിക്കലാണ്.

സംന്യാസമാകട്ടെ കര്‍മ്മയോഗത്തില്‍ നിന്നല്ലാതെ പ്രാപിക്കാന്‍ പ്രയാസമാണ്. സംന്യാസത്തെ പ്രാപിക്കേണ്ടത് കര്‍മ്മത്തിലൂടെയാണ്. ഈ സംന്യാസം സുഹൃത്താണ്, ലക്ഷ്യമാണ് എന്നറിയണമെങ്കില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാതിരിക്കണം. കാഷായമോ, രുദ്രാക്ഷമോ ധരിച്ചല്ല ഗൃഹസ്ഥന്‍ സംന്യാസിയാകേണ്ടത്. ഭാര്യ കാവിയുടുത്ത് ‘മകനേ വരൂ’ എന്നു പറഞ്ഞാല്‍ ഭര്‍ത്താവിന് ഉള്‍ക്കൊള്ളാനാകില്ല. ഭര്‍ത്താവെന്നും ഭാര്യയെന്നും മകനെന്നും സഹോദരനെന്നുമെല്ലാമുള്ള കര്‍ത്തവ്യങ്ങള്‍ സംഗമില്ലാതെ നിറവേറ്റുകയാണ് വേണ്ടത്.

ഗൃഹസ്ഥരാണ് ഏറ്റവും കൂടുതല്‍ സങ്കീര്‍ണമായ കര്‍മ്മങ്ങളിലൂടെ കടന്നുപോകുന്നത്. അവര്‍ക്കാണ് നന്നായി സംന്യാസ ഭാവം വേണ്ടത്; ഗുഹയിലോ കാട്ടിലോ ഇരിക്കുന്നവര്‍ക്കല്ല. ഒരുവന്‍ പൂര്‍ണനാകുന്നത് സംന്യാസത്തിലാണ്. സംന്യാസം ഓരോരുത്തരുടേയും അവകാശമാണ്. ഈ സംന്യാസത്തില്‍ ഒന്നിനേയും ഉപേക്ഷിക്കുന്നില്ല, എന്നാല്‍ എല്ലാറ്റിനേയും ഉപേക്ഷിക്കുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close