മോക്ഷം മരണാനന്തര ബഹുമതിയല്ല (42)

മോക്ഷം മരണാനന്തര ബഹുമതിയല്ലെന്നും ഇവിടെത്തന്നെ, ഇപ്പോള്‍ തന്നെ പ്രാപിക്കാവുന്നതാണ്. തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ ( ഈ ജന്മത്തില്‍, ഈ ചുറ്റുപാടില്‍) കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം (അങ്ങനെയാണ്, അതറിഞ്ഞാല്‍ മതി).

വിഷയ ജാതങ്ങളായ സുഖാനുഭവങ്ങള്‍ ദുഃഖത്തിന്റെ ഉറവിടമാണ്. കാരണം, അവയ്ക്ക് തുടക്കവും ഒടുക്കവുമുണ്ട്. അതില്‍ ജ്ഞാനി രമിക്കുന്നില്ല (അത് വേണ്ടെന്നല്ല). അറിയുക ഉള്‍ക്കാഴ്ചയാണ്. മതപണ്ഡിതന്‍ (അതിനെ തലക്കനമാക്കിയവന്‍) അജ്ഞാനത്തിന്റെ ഓളങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ സ്വാത്മസാക്ഷാത്കാരം നേടിയവര്‍ (അതിനെ ജീവിതമാക്കിയവര്‍) കരകയറും. ജ്ഞാനിക്ക് ഇന്ദ്രിയ വ്യാപാരങ്ങളില്‍ ആസക്തിയുണ്ടാകുന്നില്ല. അതേസമയം, ഇന്ദ്രിയങ്ങള്‍ വ്യാപരിക്കുന്നുണ്ട്.

ജ്ഞാനി എന്നു പറയുന്നത് മറ്റാരെയോ കുറിച്ചല്ല. ഏതൊരു സാധാരണക്കാരനും സാധാരണ ജീവിതം നയിച്ചുകൊണ്ട് ആയിത്തീരാവുന്നതാണത്. ഉള്ളിലെ ഒരു കൊളുത്തു നീങ്ങാന്‍ സ്വയമറിയാത്ത ഒരു നിമിഷം മതി. അന്ധകാരത്തില്‍ വരുന്ന മിന്നല്‍പ്പിണര്‍ കാണിച്ചു തരുന്ന കാഴ്ചയെ തുടര്‍ന്നു വരുന്ന എത്ര ഗഹനമായ ഇരുട്ടിനും വിസ്മൃതമാക്കാനാവില്ല. അറിവ് ഒരിക്കല്‍ സ്വായത്തമാക്കിയാല്‍ വിട്ടുപോകില്ല. എവിടെയാണോ അവിടെ തന്നെ, ആ അവസ്ഥയെ പൂര്‍ണമനസ്സോടെ സ്വീകരിച്ച് അറിയുക. അതിന് കാശിയിലോ ആശ്രമത്തിലോ പോകേണ്ട. ചന്തയുടെ നടുക്കാണ് ഇരുത്തിയിരിക്കുന്നതെങ്കില്‍ അവിടെയിരുന്ന് അറിയണം. മറ്റെവിടെ നിന്നും കിട്ടില്ല.

വിദ്യയില്‍ നിന്നുള്ള വിനയംകൊണ്ട് ജ്ഞാനി ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയേയും അതിനെ പാകം ചെയ്യുന്നവനേയും ഒന്നായി കാണുന്നു. ഭേദചിന്തയില്ല. എന്തിനെങ്കിലും ഒന്നിനായി പ്രവര്‍ത്തിക്കണമെന്ന തോന്നലുമില്ല. അവന്‍ എല്ലമായിത്തീര്‍ന്നവനാണ്. ഒന്നിനോടും എതിരിടാത്തവനാണ്.

ഈശ്വരന്‍ ഒരുവന്റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്റെയും കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്റെ കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close