ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 23

തം വിദ്യാദ് ദുഃഖസംയോഗ-
വിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ
യോഗോഽനിര്‍വിണ്ണ ചേതസാ

വൈഷയികമായ സകല സുഖദുഃഖങ്ങളുടേയും സംബന്ധത്തെ വേര്‍പെടുത്തുന്ന ഇപ്രകാരമുള്ള അവസ്ഥാവിശേഷത്തെ യോഗമെന്ന് അറിയേണ്ടതാകുന്നു. ഈ യോഗം ചിത്തദാര്‍ഡ്യത്തോടുകൂടിയും ബുദ്ധിക്ഷയം കൂടാതെയും അഭ്യസിക്കപ്പെടേണ്ടതാണ്.

ഞാന്‍ നിനക്ക് ഉപദേശിച്ചു തന്നതപോലെയുള്ള യോഗാസനത്തില്‍ ഇരുന്നുകൊണ്ട് ദൃഢനിശ്ചയത്തോടെ യോഗം അനുഷ്ഠിച്ചാല്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. യോഗാചരണംകൊണ്ട് ഇന്ദ്രിയങ്ങളെ അടക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ മനസ്സ് പിന്തിരിഞ്ഞ് അന്തര്‍മുഖമാകുമ്പോള്‍ അത് ആത്മാവിന്റെ അടുത്തേയ്ക്ക് അടുക്കുന്നു. അത് താമസംവിനാ ആത്മാവിന്റെ സഹജമായ സ്വഭാവം മനസ്സിലാക്കി ഞാന്‍ തന്നെയാകുന്നു ആത്മാവ് എന്ന് ഉത്ഘോഷിക്കുന്നു. അതോടെ ചിത്തം സ്വയമായി ചലിച്ച് ചൈതന്യപൂര്‍ണ്ണമായ പരമാത്മാവില്‍ നിമഗ്നമാവുകയും സാധകന്‍ നിത്യാനന്ദത്തിന്റെ സാമ്രാജ്യത്തില്‍ സുസ്ഥിരമായി വസിക്കുകയും ചെയ്യുന്നു. ഈ സാമ്രാജ്യം ഇന്ദ്രിയങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥാനമാണ്. ഇതിനപ്പുറമായി ഒന്നും അവശേഷിക്കുന്നില്ല.

അപ്പോള്‍പ്പിന്നെ മഹാമേരുവേക്കാളും ഉയരമുള്ള ദുരിതാനുഭവങ്ങളുടെ കൂമ്പാരം അവന്റെ മേല്‍ പതിച്ചാലും അവന്റെ മനസ്സ് ഉലയുകയില്ല. അവന്റെ ശരീരം ആയുധംകൊണ്ടു മുറിക്കപ്പെടുകയോ അഗ്നിയില്‍ പതിക്കുകയോ ചെയ്താലും പരമാനന്ദത്തെ അവലംബമാക്കി വിശ്രമം കൊള്ളുന്ന അവന്റെ ചിത്തം കലുഷമാവുകയില്ല. മനസ്സ് ആത്മാനന്ദത്തില്‍ ആമഗ്നമായതിനാല്‍ അതിനു ശരീരത്തെപ്പറ്റി യാതൊരു ബോധവുമില്ല. വര്‍ണ്ണാനാതീതമായ ഈ അലൗകികാനന്ദം കൈവരിച്ചതിനാല്‍ ദേഹത്തെ ബാധിക്കുന്ന എല്ലാ സുഖദുഃങ്ങളേയും അത് വിസ്മരിക്കുന്നു.

പ്രാപഞ്ചിക ജീവിതത്തിന്റെ കുരുക്കില്‍പ്പെട്ടുകിടന്നിരുന്ന മനസ്സ് ഒരിക്കല്‍ ആത്മാനന്ദത്തിന്റെ സ്വാദ് ആസ്വദിച്ചു കഴിഞ്ഞാല്‍ പിന്നെ അത് എല്ലാ ഇച്ഛകളേയും വിസ്മരിച്ചുകൊണ്ട് പ്രസ്തുത കുരുക്കില്‍നിന്നും പിന്‍വാങ്ങുന്നു. ഈ ആനന്ദം യോഗികള്‍ക്കു മഹത്വത്തിന്റെ കിരീടമാണ് സന്തോഷത്തിന്റെ സാമ്രാജ്യമാണ്. എല്ലാ സ്ഥാനത്തിന്‍റേയും അവസാനലക്ഷ്യം ഈ ആനന്ദാനുഭവമാണ്. യോഗാനുഷ്ഠാനംകൊണ്ട് ഈ ആനന്ദം നേരിട്ട് അനുഭവസിദ്ധമാകുന്നു. അനുഭവസിദ്ധി നേടിയവന്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു.