ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 1൦

ബീജം മാം സര്‍വ്വഭൂതാനാം
വിദ്ധി പാര്‍ത്ഥ സനാതനം
ബുദ്ധിര്‍ബുദ്ധി മതാമസ്മി
തേജസ്തേജസ്വിനാമഹം.

ശ്ലോകം 11
ബലം ബലവതാമസ്മി
കാമരാഗവിവര്‍ജ്ജിതം
ധര്‍മ്മോവിരുദ്ധോ ഭൂതേഷു
കാമോഽസ്മി ഭരതര്‍ഷഭ

അല്ലയോ അര്‍ജ്ജുന, പരമാത്മാവായ എന്നെ സകലഭൂതങ്ങളുടേയും നിത്യമായ ആദികാരണമാണെന്നറിഞ്ഞാലും. ബുദ്ധിശാലികളുടെ സൂഷ്മബുദ്ധിയും പ്രഗത്ഭന്മാരുടെ പ്രാഗത്ഭ്യവും ഞാനാണെന്നറിഞ്ഞാലും.

അല്ലയോ ഭരതര്‍ഷഭ, ബലവാന്‍മാരുടെ കാമരാഗാദികളെ നിയന്ത്രിച്ച് സ്വധര്‍മ്മമനുഷ്ഠിക്കാനുള്ള സാമര്‍ത്ഥ്യവും ഞാനാകുന്നു. ജീവികളില്‍ ആത്മസാക്ഷാത്കാരത്തിനു തടസ്സമുണ്ടാകാത്ത വിധമുള്ള ലൗകികസുഖാഭിലാഷവും ഞാനാകുന്നു.

ഞാന്‍ ജനനവും ആരംഭവും ഇല്ലാത്ത സ്വയംജാതനും ലോകത്തിന്റെ ബീജവുമാണ്. അതിന്റെ അങ്കുരം സൃഷ്ടിസമയത്ത് അന്തമില്ലാത്ത ആകാശത്തോളം വിസ്തൃതിയില്‍ വളരുകയും ലോകാവസാനത്തില്‍ പവിത്രമായ ഓങ്കാരത്തിന്റെ അ, ഉ, മ് എന്ന മൂന്നക്ഷരങ്ങളേയും വിഴുങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം അത് പ്രപഞ്ചത്തിന്റെ ആകാരവും പ്രപഞ്ചം അവസാനിക്കുമ്പോള്‍ അത് നിരാകാരവും ആയിത്തീരുന്നു. ദേഹവും ദേഹിയും തമ്മിലുള്ള വിവേചനപരമായ ജ്ഞാനവുമായി ഈ അറിവിനെ യോജിക്കുമ്പോള്‍ അത്യന്തം നിഗൂഢമായ ഈ അറിവിന്റെ അര്‍ത്ഥവും മൂല്യവും നിനക്കു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.

ഈ സംസാരം അങ്ങനെ നില്‍ക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ തപസ്വിയുടെ തപശ്ചര്യയും ബലവാന്‍റ ബലവും ബുദ്ധിശാലിയുടെ ബുദ്ധിയും ആകുന്നു. കര്‍ത്തവ്യ നിര്‍വ്വഹണത്തിനും ധനസമ്പാദനത്തിനുവേണ്ടി അതിമോഹത്തോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യനില്‍കാണുന്ന ഇച്ഛയുടെ കാതല്‍ ഞാനാകുന്നു. കാമം സാധാരണയായി ഇന്ദ്രിയങ്ങളുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അതു വികാരങ്ങളുടെ അടിമയുമാണ്. എന്നാല്‍ പരിശുദ്ധമായ ആഗ്രഹം കര്‍ത്തവ്യപാലനത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുകയില്ല. ഈ കാമം അവിഹിത കര്‍മ്മങ്ങളുടെ രാജവീഥിയില്‍ക്കൂടി മുന്നോട്ടുപോകുമ്പോള്‍ ആത്മനിയന്ത്രണമാകുന്ന ദീപയഷ്ടി എപ്പോഴും അയാള്‍ക്കു പ്രകാശം നല്‍കുന്നുണ്ടായിരിക്കും. അപ്പോള്‍ അവന്‍ അവന്റെ ഐഹികകര്‍മ്മങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നു. അത് അവന്റെ മോക്ഷപ്രാപ്തിക്കു സഹായകമായിത്തീരുന്നു. അങ്ങനെ പ്രാപഞ്ചിക ജീവിതം നയിക്കുന്നവര്‍ക്കും മോക്ഷം ലഭിക്കുന്നു. മേല്‍പ്രകാരം നിയന്ത്രിക്കപ്പെട്ട കാമമാണ് എല്ലാ ജീവജാലങ്ങളുടേയും ഉത്പത്തിയുടെ ഉറവിടം. ഈ കാമം ഞാനാകുന്നു. ഞാന്‍ എന്തിനാണ് ഇതെപ്പറ്റിയെല്ലാം വീണ്ടും വീണ്ടും പറയുന്നത്! ചുരുക്കിപ്പറഞ്ഞാല്‍ സമസ്തസൃഷ്ടിയും എന്നില്‍നിന്നു വിടര്‍ന്ന് വ്യാപിച്ചിട്ടുള്ളതാണെന്നറിയുക.