ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 18

ഉദാരാഃ സര്‍വ്വ ഏവൈതേ
ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം.

ഇവരെല്ലാവരും ആദരണീയര്‍തന്നെയാകുന്നു.എന്നാല്‍ ജ്ഞാനിയായവന്‍ ഞാന്‍ തന്നെയാകുന്നുവെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍ അവന്‍ എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവനും എന്നെത്തന്നെ പരമലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നവനും ആകുന്നു.

സ്വാര്‍ത്ഥോദ്ദേശ്യത്തോടുകൂടി എന്നെ ഭജിക്കുന്ന ഒരു ഭക്തനെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, യതാര്‍ത്ഥത്തില്‍ ഞാന്‍ കൂടുതലായി സ്നേഹിക്കുന്നത്, സ്വന്തം ആത്മാവിനെ സാക്ഷാത്കരിച്ച ജ്ഞാനിയെയാണ്.

ജ്ഞാനേശ്വരന്‍ പറയുന്നു: പിന്‍കാലുകള്‍ കെട്ടിയിട്ടാണ് ആളുകള്‍ പശുക്കളെ കറക്കുന്നത്. എന്നാല്‍ കാലുകള്‍ കെട്ടാതെയല്ലേ പശു അതിന്റെ കിടാവിന് പാല്‍ ചുരത്തികൊടുക്കുന്നത് ? അതെന്തുകൊണ്ടാണ് ? പശുക്കുട്ടിക്ക് അതിന്റെ അമ്മയെ അല്ലാതെ മറ്റാരെയും അറിയില്ല. അമ്മയെ കാണുമ്പോള്‍ ഇതാ എന്റെ അമ്മയെന്ന ഏകവിചാരത്തോടെ കിടാവ് അമ്മയെ സമീപിക്കുന്നു. അതുപോലെ തന്റെ കുട്ടിക്കു താനല്ലാതെ മറ്റാരും ആശ്രയമില്ലെന്ന തോന്നലാണ് പശുവിന് ഉണ്ടാകുന്നത്. തന്മൂലം പശു അതിന്റെ കിടാവിനെ അകമഴിഞ്ഞു സ്നേഹിക്കുകയും യഥേഷ്ടം പാല്‍ ചുരത്തികൊടുക്കുകയും ചെയ്യുന്നു. ജ്ഞാനികളോടുള്ള ഭഗവാന്റെ സ്നേഹം അപ്രകാരമാണ്. അതവിടെ നില്‍ക്കട്ടെ. ഭഗവാന്‍ തുടര്‍ന്നു പറഞ്ഞതു ശ്രദ്ധിക്കുക.

ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ മുമ്പുപറഞ്ഞ മറ്റുവിധത്തിലുള്ള മൂന്നുതരം ഭക്തന്മാരെയും ഞാന്‍ ഇഷ്ടപ്പെടു്ന്നു. അവരും നല്ലവരാണ്. എന്നാല്‍ സമുദ്രത്തില്‍ ഒഴുകിച്ചേരുന്ന നദി തിരിച്ചൊഴുകുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതുപോലെ, എന്നെ സാക്ഷാത്കരിച്ചവര്‍ ഐഹികമായ അവരുടെ നിലനില്‍പ്പുതന്നെ വിസ്മരിക്കുന്നു. അവരുടെ മനസ്സിന്റെ താഴ്വാരത്തില്‍നിന്നു പുറപ്പെടുന്ന അനുഭവമാകുന്ന അരുവി എന്നെ സന്ധിക്കുമ്പോള്‍ ഞാനുമായി ചേര്‍ന്ന് ഒന്നായിത്തീരുന്നു. അവരെപ്പറ്റി എന്തീണ് കൂടുതല്‍ പറയാനുള്ളത് ? ജ്ഞാനിയായവന്‍ ഞാന്‍‍തന്നെയാണ്. ഞാന്‍ ഇതു പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ സന്ദര്‍ഭം ഉണ്ടായതുകൊണ്ടു പറഞ്ഞുപോയെന്നുമാത്രം.