നമ്മുടെ ശത്രു നാം തന്നെയാണ് (44)

ഭഗവാന്‍ അര്‍ജുനനെ ‘പാണ്ഡവ’ എന്നു വിളിക്കുന്നത് ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ്. പാണ്ഡു ബാഹ്യമായ എല്ല‍ാം ഉപേക്ഷിച്ച് കാട്ടിലേക്കു പോയി. ആന്തരികമായ കാമനയെ ഉപേക്ഷിച്ചില്ല. അതില്‍പ്പെട്ട് ദഹിച്ചുപോയി. ആന്തരികമായ കാമനയെ ഉപേക്ഷിച്ച്, രാജ്യത്തില്‍ തന്നെ ജീവിച്ചിരുന്നുവെങ്കിലും കുഴപ്പമുണ്ടാകുമായിരുന്നില്ല. ബാഹ്യമായ കര്‍മ്മങ്ങളെ ഉപേക്ഷിച്ചാലോ ബാഹ്യമായ ലക്ഷണങ്ങളെ സ്വീകരിച്ചാലോ ഒരുവന്‍ സംന്യാസിയോ യോഗിയോ ആകില്ല. ഗതകാല കര്‍മ്മങ്ങളോടും കര്‍മ്മഫലങ്ങളോടുമുള്ള വിട പറയലാണ്, സംഗമില്ലായ്മയാണ് സംന്യാസം.

ന‍ാം ആശ്രയിക്കേണ്ടത് നമ്മെത്തന്നെയാണ്. ഉള്‍ക്കാഴ്ചയുള്ള ബോധമനസ്സിലേക്ക് ആഴ്ന്നിറങ്ങിയ നമ്മളെ, അവനവനെ, സ്വയം ജയിച്ചവന് അവന്‍ തന്നെ ആത്മാര്‍ത്ഥ സുഹൃത്ത്. തന്നെത്തന്നെ ജയിക്കാത്തവന് അവന്‍ തന്നെ ശത്രു. നമ്മുടെ ശത്രു ന‍ാം തന്നെയാണ്. മനസ്സിനെ ജയിച്ച് പ്രശാന്തനായവന് ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും മാനാപമാനങ്ങളും, എല്ലാ വിപരീതങ്ങളും ഒരുപോലെയാകുന്നു.

അറിവ് അനുഭവമായ ഇളക്കമില്ലാത്തവര്‍ക്ക് മണ്‍കട്ടയും സ്വര്‍ണവും സമമാണ്. യോഗി സ്വര്‍ണത്തെ മണ്‍കട്ടയെപ്പോലെ എറിയുമെന്നല്ല. മണ്ണിന് മണ്ണും സ്വര്‍ണത്തിന് സ്വര്‍ണവും വേണം. യോഗി രണ്ടിന്റേയും കാരണത്തെക്കൂടി കാണുന്നു. അവയെ അറിയുന്നു. നഷ്ടബോധം ഇല്ലാത്തവനാകുന്നു.

ഏതിലും സമബുദ്ധിയുള്ളവന്‍, സമദൂരമുള്ളവന്‍ വിശേഷപ്പെട്ടവനാണ്. ഒന്നിലും ഏര്‍പ്പെടരുതെന്നല്ല, എന്തു ചെയ്യുന്നു എന്ന് പൂര്‍ണമായി അറിഞ്ഞ് പ്രത്യേക വികാരങ്ങളില്ലാതെ ചെയ്യണം. സഹായിച്ചാല്‍ നന്ദി പോലും പ്രതീക്ഷിക്കരുത്. ശാന്തമായ, അസ്വസ്ഥതകളെ അകറ്റിനിര്‍ത്തിയ മനസ്സിനേ ധ്യാനാവസ്ഥയിലാകാന്‍ പറ്റൂ. കലഹത്തിലിടപ്പെട്ട് വന്നിരുന്ന് ധ്യാനിക്കാന്‍ പറ്റില്ല.

ഉള്‍ക്കാഴ്ച ധ്യാനത്തിലൂടെയാണ് ഉണ്ടാകുന്നത്. ധ്യാനിക്കാന്‍, മനസ്സിനെ സാമ്യാവസ്ഥയിലാക്കാന്‍ നിങ്ങള്‍ക്കു സാധ്യമായ സമയമേതോ അതാണ് ബ്രാഹ്മമുഹൂര്‍ത്തം. അത് രാവിലെയോ ഉച്ചയ്ക്കോ എപ്പോള്‍ വേണമെങ്കിലുമാക‍ാം. ശരീരവും പരിസരവും വൃത്തിയാക്കി ഉറപ്പുള്ള ഒരിടത്തിരിക്കണം. അധികം ഉയരെയോ താഴെയോ ആകരുത്. ഒരു പുല്‍പ്പായ മടക്കി അതിനു മുകളില്‍ വൃത്തിയുള്ള തുണിവിരിച്ച് ഇരിക്ക‍ാം. തറയില്‍ നേരിട്ട് ഇരുന്നാല്‍ കാല്‍ മരവിക്കും. നമ്മുടെ വീട്ടിലെ വായുസഞ്ചാരമുള്ള, ശ്രദ്ധ വ്യതിചലിക്കുന്ന ഒന്നും ഇല്ലാത്ത മുറി മതി ധ്യാനിക്കാന്‍. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. ഉണര്‍വോടുകൂടിയിരിക്കണം. ഭക്ഷണത്തിനു ശേഷമാകരുത്. ശരീരം, കഴുത്ത്, ശിരസ്സ് എന്നിവ നേര്‍രേഖയിലാക്കി ഇളകാതെ കണ്ണ് മൂക്കിന്റെ അഗ്രത്തില്‍ കേന്ദ്രീകരിച്ച്, ഭയരഹിതനായി മനസ്സിനെ ബോധത്തിലേക്ക് ഏകാഗ്രമാക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close