ധ്യാനം സ്വാഭാവിക ജീവിതപ്രക്രിയതന്നെയായി മാറണം (45)

ധ്യാനയോഗം മഹാ മനുഷ്യര്‍ക്കുള്ളതാണെന്നും സാധാരണക്കാരന് അപ്രാപ്യമാണെന്നുമുള്ള ചിന്ത ശരിയല്ല. കൃത്യമായി ശീലിച്ചാല്‍ ആര്‍ക്കുംസ്വായത്തമാക്കാവുന്ന ഒന്നാണ് ധ്യാനമാര്‍ഗം. പക്ഷേ, ധ്യാനവിഷയത്തില്‍ ന‍ാം നമ്മെത്തന്നെ കബളിപ്പിക്കാനോ, വഞ്ചിക്കാനോ പാടില്ല. ആത്മാര്‍ഥതയും സമ്പൂര്‍ണസമര്‍പ്പണവും ഇതിന് അനിവാര്യമാണ്.

ധ്യാനത്തിലൂടെ ന‍ാം നമ്മെത്തന്നെ അറിയുകയാണ്. ഭഗവദ്ഗീതാ ധ്യാനയോഗത്തിലെ 10 മുതല്‍ 14 വരെയുള്ള ശ്ലോകങ്ങള്‍ ഇക്കാര്യത്തില്‍ സാധകന് മാര്‍ഗനിര്‍ദേശം നല്‍കുന്നു. എന്നിലെ ചിന്തകളെ ഞാന്‍ വിശകലനം ചെയ്ത് അതിന് ആധാരമായ ബോധത്തെ അറിയുകയാണ് ധ്യാനത്തിലൂടെ ചെയ്യുന്നത്.


ഒന്നിനുപിറകെ ഒന്നായി വരുന്ന വിചാരങ്ങളുടെ സമ്മേളനമാണ് മനസ്സ്. ഇതിലെ ഓരോ വിചാരത്തെയും ന‍ാം വിശകലനം ചെയ്ത് മറികടക്കുമ്പോഴാണ് ബോധത്തിലേക്കെത്തുക. നമ്മുടെ അകവെളിവില്‍ വിലയം പ്രാപിച്ചിരിക്കുന്ന ബോധമാണ് സൂക്ഷ്മശരീരം. ഇതിനെയും ഭേദിച്ച് ഉള്ളിലേക്ക് പ്രവേശിക്കാന്‍ ധ്യാനയോഗം പ്രാപ്തനാക്കുന്നു.

പട്ടാളച്ചിട്ടയോടെയിരുന്ന് നിര്‍ബന്ധ ബുദ്ധിയാല്‍ സാക്ഷാത്കരിക്കാവുന്ന അവസ്ഥയല്ല ധ്യാനം. ഇത് സ്വാഭാവിക ജീവിതപ്രക്രിയതന്നെയായി മാറണം. അമിത ഭക്ഷണവും ഭക്ഷണമില്ലായ്മയുമൊക്കെ ധ്യാനത്തിന് വിരുദ്ധമാണ്. അധികം ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാത്തവനും ഇതു സാധ്യമാകില്ല. എല്ലാ കാര്യത്തിലും ഒരു ക്രമം അനിവാര്യമാണ്. ഒപ്പം ശരീരത്തിലും മനസ്സിലും നിയന്ത്രണവും വേണം. കുട്ടിക്കാലം മുതല്‍ക്കുതന്നെ ധ്യാനയോഗം ശീലിച്ചുതുടങ്ങ‍ാം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close