ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്ന് : അര്‍ജുനവിഷാദയോഗം

ശ്ലോകം 2

സഞ്ജയന്‍ ഉവാച:

ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്.

സഞ്ജയന്‍ പറഞ്ഞു:

ദുര്യോധനരാജാവ് അപ്പോള്‍ പാണ്ഡവപ്പട അണിനിരന്നതു കണ്ടിട്ട് ദ്രോണാചാര്യരെ സമീപിച്ചു ഇപ്രകാരം പറഞ്ഞു:

ശ്ലോകം 3

പശ്യതാം പാണ്ഡുപുത്രാണാം
ആചാര്യ, മഹതീം ചമും
വ്യൂഢാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ

ഹേ ആചാര്യ! ധീമാനും അങ്ങയുടെ ശിഷ്യനുമായ ദ്രുപദപുത്രനാല്‍ (ധൃഷ്ടദ്യുമ്നന്‍) വ്യൂഹം ചമച്ച് നിര്‍ത്തപ്പെട്ട പാണ്ഡവരുടെ ഈ മഹാസേനയെ കണ്ടാലും.

സഞ്ജയന്‍ പറഞ്ഞു:

വിശ്വത്തെ നശിപ്പിക്കുന്ന സമയത്ത് സംഹാരരുദ്രന്‍ തൊള്ളതുറന്നതുപോലെ, പാണ്ഡവസൈന്യങ്ങള്‍ ക്രോധാവേശരായിരിക്കുന്നു. പുറത്തേക്ക് ഉദ്ഗളിക്കുന്ന വിഷം നിയന്ത്രിക്കാന്‍ കഴിയാത്തതുപോലെ പാണ്ഡവസൈന്യം ഇളകിമറിഞ്ഞിരിക്കുന്നു.
സമുദ്രത്തെ നിര്‍ജ്ജലമാക്കിയശേഷം കൊടുങ്കാറ്റില്‍പ്പെട്ട് ആകാശത്തിലേക്കുയരുന്ന ബഡവാഗ്നിപോലെ, അണിയണിയായി വ്യൂഹനം ചെയ്തിരിക്കുന്ന പാണ്ഡവസൈന്യങ്ങള്‍ ഭീകരമായി കാണപ്പെട്ടു. എന്നാല്‍ ആനക്കൂട്ടത്തെ കാണുന്ന സിംഹം അതിനെ അവഗണിക്കുന്നതുപോലെ, ദുര്യോധനന്‍ പാണ്ഡവസൈന്യത്തെ അവഹേളനത്തോടെയാണ് വീക്ഷിച്ചത്. അവന്‍ ഗുരുവായ ദ്രോണാചാര്യരെ സമീപിച്ചുപറഞ്ഞു:

ഗര്‍വ്വിതരായ പാണ്ഡവസൈന്യത്തെ കണ്ടാലും. അതിന്റെ വിവിധ അണികള്‍ ചലിക്കുന്ന പ്രാകാരംപോലെ കാണപ്പെടുന്നു. അങ്ങ് യുദ്ധപരിശീലനം നടത്തി പ്രഗത്ഭനാക്കിയ ധൃഷ്ടദ്യുമ്നന്‍ എത്ര സമര്‍ത്ഥമായിട്ടാണ് ഈ സൈന്യത്തെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു കണ്ടാലും.