കടുത്ത ശപഥങ്ങളെടുക്കരുത് (50)

ഒരുപാട് ഉറങ്ങുക അല്ലെങ്കില്‍ തീരെ ഉറങ്ങാതിരിക്കുക, വാരിവലിച്ച് തിന്നുക അല്ലെങ്കില്‍ ഒട്ടും ഭക്ഷണം കഴിക്കാതിരിക്കുക. മനുഷ്യമനസ്സിന് എന്തിന്റെയും പരമാവധിയേ അറിയൂ. മധ്യവര്‍ത്തിയാകാന്‍ അറിയില്ല. വീണക്കമ്പി അങ്ങേയറ്റം മുറുകിയിരുന്നാലോ തീരെ അയഞ്ഞിരുന്നാലോ സംഗീതമുണ്ടാകില്ല. പാകത്തിനാകണം. ജീവിതചര്യയും അധ്യാത്മിക ജീവിതവും വീണക്കമ്പി പോലെയാകണം. മിതമായ ഭക്ഷണം, ഉറക്കം എന്നിവ വേണം. ശരീരത്തെ പീഡിപ്പിച്ചാല്‍ മനസ്സ് ശാന്തമാകില്ല. അതിനാല്‍ കടുത്ത ശപഥങ്ങളെടുക്കരുത്.

ശ്രദ്ധയോടുകൂടി അറിയാന്‍ പ്രയത്നിച്ചുവെങ്കിലും പൂര്‍ണജ്ഞാനം നേടാന്‍ കഴിയാതെ വന്നാല്‍, അതിനു മുമ്പ് മരിച്ചുപോയാല്‍ അവന്റെ ഗതി എന്താകും എന്ന് അര്‍ജുനന്‍ ചോദിക്കുന്നു. ശ്രമം ഒരിക്കലും വൃഥാവിലാവില്ലെന്ന് ഭഗവാന്‍ പറയുന്നു.

തുടങ്ങിവച്ചവന് വിനാശം സംഭവിക്കുന്നില്ല. ശുഭകര്‍മ്മം ചെയ്ത ഒരുവനും ദുര്‍ഗതി വരില്ല. തുടങ്ങിവച്ച അറിവ് പരമമായ ശാന്തിയിലേക്ക് നിശ്ചയമായും നയിക്കും. തുടങ്ങിവച്ചത് പൂര്‍ത്തിയാക്കാനുതകുംവിധം ഐശ്വര്യസമ്പൂര്‍ണമായ ഗൃഹത്തിലോ ജ്ഞാനികളുടെ കുലത്തിലോ ആണ് ആ ആത്മാവ് പുതിയ ശരീരം സ്വീകരിക്കുക, ജന്മമെടുക്കുക.

ന‍ാം പൂര്‍ണരാണ്. പക്ഷേ, ജന്മമെടുക്കുമ്പോള്‍ ഭാഗികമായി മാത്രമേ പ്രകടമാകുന്നുള്ളു. ശരീരം മുഴുവന്‍ കെട്ടിവരിഞ്ഞ് ചെറുവിരല്‍ മാത്രം സ്വതന്ത്രമായ അവസ്ഥയാണത്. ന‍ാം മോക്ഷത്തിനായി, പൂര്‍ണതയ്ക്കായി നിരന്തരം ആഗ്രഹിക്കുന്നു. എല്ലാറ്റിലും എല്ലായിടത്തും നാമുണ്ടായിരിക്കാന്‍, വിശ്വമായിത്തീരാന്‍ ആഗ്രഹിക്കുന്നു. ആ പൂര്‍ണതയെ പ്രാപിച്ചാല്‍, അറിഞ്ഞാല്‍ പിന്നെ ജനിമൃതികളില്ല.

നമ്മെ സത്യം ഗ്രഹിപ്പിക്കാനായി പലരും പല പ്രകാരത്തില്‍ ശ്രമിച്ചിട്ടുണ്ട്. എവിടെയൊക്കെയോ ആരൊക്കെയോ ആരംഭിച്ചതിന്റെ തുടര്‍ച്ചയാണ് നമ്മുടെ ഇപ്പോഴത്തെ അന്വേഷണവും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close