പ്രകൃതിയെ മലിനമാക്കുന്നവന്‍ ഭക്തനല്ല (52)

ഭഗവാന്‍ തന്റെ മേല്‍വിലാസം (പ്രകൃതം) വിശദീകരിക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹംബോധം ഇതെല്ല‍ാം ഭഗവാന്റെ പ്രകൃതിയാണ്. ഭഗവാന്‍ ഇവയില്‍ പരമാത്മാവായി വര്‍ത്തിക്കുന്നു. ഈ എട്ടു ഭിന്നപ്രകൃതികളിലാണ് വിശ്വത്തില്‍ കാണുന്ന എല്ല‍ാം. ഇവയെല്ല‍ാം ഭഗവാനാണ്.

അതുകൊണ്ട് ഭക്തന്‍ എപ്പോഴും പ്രകൃതിയുമായി അങ്ങേയറ്റം സമരസപ്പെട്ടു കഴിയുന്നവനായിരിക്കും. അപ്പോള്‍ പ്രപഞ്ചത്തിന്റെ സംഗീതം കേള്‍ക്കാന്‍ തുടങ്ങും. അതായിത്തീരും. ഈശ്വരന്റെ ഭിന്നപ്രകൃതികളോട് അങ്ങേയറ്റം ആദരവോടെയാണ് ന‍ാം പെരുമാറേണ്ടത്.

ഭൂമി എല്ല‍ാം സഹിക്കുന്നു, എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്നു; ജലം എല്ലാ തടസ്സങ്ങളേയും മൃദുവായി അതിജീവിക്കുന്നു, എവിടെയും സ്വന്തം വഴി കണ്ടെത്തുന്നു; അഗ്നി എല്ല‍ാം പരിശുദ്ധമാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളേയും ഉള്‍ക്കൊള്ളാന്‍ നമുക്കും കഴിയണം.

അതിനു പകരം ഭൂമിപൂജ നടത്തി എല്ലാവര്‍ക്കും പ്ലാസ്റ്റിക്ഗ്ലാസില്‍ പായസം നല്‍കി ആകെ മലിനമാക്കിയാല്‍ ഭൂമിയെ ദ്രോഹിക്കലാകും. നദീതീരത്തെ വിഷം വമിപ്പിക്കുന്ന ഫാക്ടറികള്‍ ആധുനിക കാലത്തെ കാളിയന്മാരാണ്.പലതരം ആഭരണങ്ങള്‍ നമ്മുടെ കാഴ്ചയാണ്. സ്വര്‍ണക്കടക്കാരന് എല്ല‍ാം സ്വര്‍ണമാണ്. ഇങ്ങനെ എല്ല‍ാം പഞ്ചഭൂതങ്ങള്‍ മാത്രമാണെന്നറിഞ്ഞ ധീരന് ഒന്നിലും മോഹമുണ്ടാകില്ല.

ന‍ാം സമുദ്രം പോലെയാകണം. അനാവശ്യമായ ഒന്നിനേയും സമുദ്രം സ്വീകരിക്കുന്നില്ല. പുല്‍ക്കൊടിയിട്ടാല്‍ പോലും തിരിച്ചു കരയില്‍ കൊണ്ടുവരും. ഒരു പുല്‍ക്കൊടിയെ സ്വീകരിച്ചാല്‍ എല്ലാ പുല്ലും വരും. അപ്പോള്‍ സ്വപ്രകൃതം മാറും. ഞാന്‍ ഞാനായി നില്‍ക്കണം. സ്വാഭാവികമായി വന്നു ചേരുന്നതെല്ല‍ാം സ്വീകരിക്കണം. എത്ര വന്നു ചേര്‍ന്നാലും എത്ര എടുത്താലും മാറ്റം വരരുത്.

പിതൃതര്‍പ്പണത്തിലൂടെ മരിച്ച വ്യക്തിക്ക് ഒന്നും കിട്ടുന്നില്ലെന്ന് സ്വാമി പറഞ്ഞു. അതേസമയം, ശ്രാദ്ധം ശ്രദ്ധാപൂര്‍ണം ചെയ്യേണ്ട ഒന്നാണ്. അത് ഉറങ്ങിക്കിടക്കുന്ന പാരസ്പര്യത്തെ ഉണര്‍ത്തലാണ്, കടമ നിറവേറ്റലാണ്, സ്വമനസ്സിനെ സാന്ത്വനിപ്പിക്കലാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close