ഈശ്വരനെ വ്യക്തിയായി കാണുന്നവന്‍ മൂഢനാണ് (55)

കൃഷ്ണന്‍ ആരെന്നറിയുവാന്‍ ന‍ാം ഇനിയും സംസ്കാര സമ്പന്നരാകണം. വസുദേവനന്ദനനായി അറിഞ്ഞാല്‍ കുഴപ്പമാണ്. എന്റെ നാശരഹിതമായ, ശ്രേഷ്ഠമായ, പരമമായ ഭാവത്തെ അറിയാത്ത ബുദ്ധിഹീനന്മാര്‍ അവ്യക്തമായ എന്നെ വ്യക്തിയായി വിചാരിക്കുന്നുവെന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നു.

നമ്മെ അറിയേണ്ടതും ഇങ്ങനെയാണ്. സ്വയം വ്യക്തിയായി കരുതിയാല്‍ പരിമിതപ്പെട്ടുപോകും.നാമം, രൂപം തുടങ്ങിയ മായകളാല്‍ ആവൃതമായിരിക്കുന്ന ഭഗവാന്‍ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നവനല്ല. ഭഗവാന്‍ ജനിക്കാത്തവനാണ്, നശിക്കാത്തവനാണ് എന്ന് മൂഢന്മാര്‍ അറിയുന്നില്ല. ശ്രീകൃഷ്ണജയന്തിക്ക് പോകുമ്പോള്‍ ഇതറിയണം. കാരണം ജനിച്ചവന് മരണമുണ്ട്. ജനിമൃതികളില്‍ ശ്രദ്ധവയ്ക്കുന്നവന്‍ മൂഢനാണ്.

ഈശ്വരന്‍ എന്നും ശിലയായി, ലോഹമായി ക്ഷേത്രവളപ്പില്‍ തളച്ചിടപ്പെടണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. ഒരിക്കലും പ്രത്യക്ഷപ്പെടരുത്. അങ്ങനെ വിളിച്ചുകൊണ്ടിരിക്കണം. അതിലാണ് മതത്തിന്റെ നിലനില്‍പ്പ്. ഇപ്പോള്‍ എല്ല‍ാം ഈശ്വരനാണെന്നറിയാന്‍ പേടിയാണ്. കാരണം കുറേ ആഗ്രഹങ്ങളുണ്ട്. അതെല്ല‍ാം നഷ്ടപ്പെടുമോ എന്ന ഭയം. നമ്മുടെ ശ്രദ്ധ ഏതിലാണോ അതാണ് നമ്മുടെ ഈശ്വരന്‍.

സ്വന്തം പൂര്‍വവാസനയാല്‍ ഓരോ ആഗ്രഹങ്ങളില്‍ പെട്ടവര്‍ ആ ദേവതകളെ പ്രാപിക്കുന്നു. അത്തരം ദൈവങ്ങളെ (ഇന്ദ്രിയവിഷയങ്ങളെ) ആശ്രയിക്കുന്നവര്‍ക്ക് ഭഗവാന്‍ തന്നെ അതില്‍ ഇളകാത്ത ശ്രദ്ധയെ കൊടുക്കുന്നു. ന‍ാം ആവശ്യപ്പെടുന്നത് കിട്ടുന്നു. ആരാധിക്കുന്ന ദേവതയില്‍ നിന്ന് ഇഷ്ടപ്പെട്ട ഫലത്തെ ഭഗവാന്‍ തന്നെ നല്‍കുന്നു. ഭഗവാനെ വേണ്ടവര്‍ക്ക് ഭഗവാനെ കിട്ടും. ഭഗവാനില്‍ നിന്നുവേണ്ടവര്‍ക്ക് അതുംകിട്ടും. അനുഭവിക്കുന്ന എല്ല‍ാം ന‍ാം ചോദിച്ചുവാങ്ങിയതാണ്. സാഹചര്യങ്ങളെ കുറ്റം പറയരുത്. ലക്ഷ്യത്തിലേക്ക് അടുപ്പിക്കാതിരിക്കുന്ന ചങ്ങലകളെ നിങ്ങളെത്രമാത്രം സ്നേഹിക്കുന്നു എന്ന് ബുദ്ധന്‍ ചോദിക്കുന്നു.

സംസ്കാരത്തെ ഹനിക്കുന്ന, സ്വയം താഴ്ത്തുന്ന പലതും പരിഷ്ക്കാരത്തിന്റെ പേരില്‍ കുടുംബവുമായിചേര്‍ന്ന് ആസ്വദിക്കുന്നു, അനുഭവിക്കുന്നു. എന്നാല്‍ അല്പബുദ്ധി തന്റെ പ്രാര്‍ത്ഥനയാല്‍ നേടുന്ന അനുഭവങ്ങള്‍ നാശമുള്ളതാണ്. അനേകം ജന്മങ്ങളുടെ (അനുഭവങ്ങളുടെ ) ഒടുവില്‍ ജ്ഞാനി എല്ല‍ാം വാസുദേവന്‍ എന്നറിയുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close