ഭൂമിയെ നരകമായി വിശേഷിപ്പിക്കരുത് (56)

ഈ നരകത്തില്‍ നിന്നെന്നെ കരകേറ്റേണേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു കാലത്തും ഗുണം പിടിക്കില്ല. ഇങ്ങനെയുള്ളവരെ എവിടെ കൊണ്ടിട്ടാലും അവരവിടെ നരകമുണ്ടാക്കും. ചുറ്റുപാടും നരകമായി ചിത്രീകരിക്കുന്നത് ഭക്തിയല്ല. ആ കാഴ്ചപ്പാട് ശാസ്ത്ര വിരുദ്ധമാണ്. എനിക്കു കിട്ടിയത് ഏറ്റവും ഉത്തമമെന്നു കരുതുക. മനുഷ്യജന്മം ഏറ്റവും ശ്രേഷ്ഠമെന്നാണ് ശാസ്ത്രം പറയുന്നത്. ബാഹ്യമായതിനെ മാറ്റണം എന്നല്ല ഭഗവാന്‍ പറയുന്നത്. കാഴ്ചപ്പാട് മാറ്റാനാണ്.

ഭഗവാന്റെ പേരില്‍ പ്രക്ഷോഭം നടത്തുന്നത് മുഴുവന്‍ മൂഢത്വമാണ്. സമരംചെയ്ത് ഭഗവാനെ ഉറപ്പിക്കേണ്ടതില്ല. ഭഗവാന്‍ അതിനെല്ല‍ാം അതീതനാണ്. ഗീതയെക്കുറിച്ച് മോശമായി പറയുന്നവരെ അവരുടെ വഴിക്കു വിട്ടേക്കുക. അതിനെതിരെ പൊതുയോഗം വിളിക്കുന്നത് അജ്ഞാനികളാണ്.

കഴിഞ്ഞു പോയതും ഇപ്പോഴുള്ളതും വരാനികരിക്കുന്നതും ഞാനറിയുന്നു. കാരണം ഞാന്‍ എന്നുമുള്ളവനാണ്. എന്നാല്‍ എന്നെ ആരും അറിയുന്നില്ല എന്ന് ഭഗവാന്‍ പറയുന്നു. എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന അവനവനെ സ്വാത്മചൈതന്യത്തെ ആരും അറിയുന്നില്ല എന്നു സാരം. ശരീരത്തോട് കൂടിയിരിക്കുമ്പോള്‍ രാഗദ്വേഷങ്ങളില്‍ നിന്നുണ്ടായിട്ടുള്ള ദ്വന്ദഭാവങ്ങള്‍ (സുഖദുഃഖം, ലാഭനഷ്ടം, മാനാപമാനം ഇത്യാദി) എല്ലാ ജീവികളിലും മൂഢതയുണ്ടാക്കുന്നു. അറിവുകൊണ്ട് തെറ്റിദ്ധാരണകള്‍ നീങ്ങി ധ്യാനമനസ്സോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ദ്വന്ദഭാവങ്ങളെയൊക്കെ അതിവര്‍ത്തിച്ച് ഇളക്കമില്ലാത്തവരായിരുന്നു.

അധിഭൂതം, അധിദൈവം, അധിയജ്ഞം ഇവയോടുകൂടി മനസ്സിനെ നിയമനം ചെയ്തവര്‍ മരണകാലത്തുപോലും എന്നെ അറിയുന്നു. പെട്ടെന്നുണ്ടാകുന്ന ഉള്‍ക്കാഴ്ചയാണത്. അറിഞ്ഞാല്‍ പിന്നെ ഞാനില്ല. ഈ ലോകം വിട്ടുപോകും. അതിനുമപ്പുറത്താണ് ഞാന്‍ എന്നറിയും. ജരാമരണമോക്ഷത്തിനായി ഭഗവാനെ ആശ്രയിച്ച് പ്രയത്നിക്കുന്നവര്‍ ബ്രഹ്മത്തേയും അധ്യാത്മരഹസ്യത്തേയും കര്‍മ്മത്തിന്റെ സമഗ്രതയേയും അറിയും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close