ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 26

ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ
ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിം
അന്യയാവാര്‍ത്തതേ പുനഃ

വെളുപ്പിന്റേയും കറുപ്പിന്റേയുമായ ഈ രണ്ടു മാര്‍ഗ്ഗങ്ങളും പ്രപഞ്ചഗതി നിയന്ത്രിക്കുന്ന ശാശ്വതമായ മാര്‍ഗ്ഗങ്ങളാണ്. അവയില്‍ വെളുപ്പിന്റെ മാര്‍ഗ്ഗം മടങ്ങിവരവില്ലാത്തതും കറുപ്പിന്റെ മാര്‍ഗ്ഗം വീണ്ടുംമടങ്ങിവരവുള്ളതുമാകുന്നു.

അല്ലയോ അര്‍ജുനാ, ശാശ്വതമായ രണ്ടു വഴികളാണുള്ളത്. അതില്‍ ഒന്നു ഋജുവും മറ്റേതു വക്രവും ആയിട്ടുള്ളതാണ്. ഇതില്‍ ശരിയായതും തെറ്റായതും ഏതെന്നു കണ്ട്, സത്യമായതും മിഥ്യയായതും ഏതെന്നു തിരിച്ചറിഞ്ഞ്, നിനക്കു നന്മ വരുത്തുന്നതും തിന്മവരുത്തുന്നതും ഏതാണെന്ന് ഉറപ്പുവരുത്തി, അതില്‍ക്കൂടി ചരിക്കാനായി മനഃപൂര്‍വം ഈ രണ്ടുവഴികളും നിനക്കു ഞാന്‍ ചൂണ്ടിക്കാട്ടിത്തരുകയായിരുന്നു. സൗകര്യമായി മറുകരയെത്തുന്നതിന് ഒരു വള്ളം സമീപത്തെത്തുമ്പോള്‍ ആരെങ്കിലും ആഴമേറിയ വെള്ളത്തില്‍ ചെന്നുചാടുമോ? ശരിയായ വഴി അറിയാവുന്ന ഒരുവന്‍ ഇടവഴിയില്‍കൂടി യാത്രചെയ്യാന്‍ തുനിയുമോ? വിഷവും അമൃതും തിരിച്ചറിയാന്‍ കഴിവുള്ളവന്‍ അമൃത് ഉപേക്ഷിക്കുമോ? അതുപോലെ, നേരെയുള്ള വഴി കാണുന്നവന്‍ ഒരു ഊടുവഴി തെരഞ്ഞെടുക്കുകയില്ല. ഒരുവന്‍ സത്യവും മിഥ്യയും വിവേചിച്ചറിയാന്‍ കഴിവുള്ളവനായിരിക്കണം. അപ്പോള്‍ പിന്നെ അശുഭകരമായ സന്ദര്‍ഭം അവന്‍ ഒഴിവാക്കും. അല്ലാത്തപക്ഷം രണ്ടു വഴികളെ സംബന്ധിച്ചു ചിന്താക്കുഴപ്പംഉണ്ടായാല്‍ അത് ഏറ്റവും ദോഷകരമായി പിരിണമിക്കുന്നതും, ജീവിതം മുഴുവന്‍ നേടിയ യോഗബലം വ്യര്‍ത്ഥമായിത്തീരുന്നതിന് ഇടയാക്കുന്നതും ആയിരിക്കും. ഒരു യോഗി ജ്യോതിസ്സിന്റെ മാര്‍ഗ്ഗം നഷ്ടപ്പെട്ട് ധൂമത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടിയാണ് പോകുന്നതെന്നു വിരികില്‍ അവന്‍ സംസാരബന്ധത്തില്‍പ്പെട്ട് ജനനമരണങ്ങള്‍ക്കു വിധേയനായിത്തീരും. ഈ വലുതായ അപകടം മുന്നില്‍ കണ്ടുകൊണ്ട് ജീവിതക്ലേശങ്ങളില്‍ നിന്നു രക്ഷപ്പെടനായിട്ടാണ് ഞാന്‍ രണ്ടു യോഗവഴികളെപ്പറ്റിയും നിനക്കു വെളിവാക്കിത്തന്നത്. ഒന്ന്, ഈശ്വരസാക്ഷാത്കാരത്തിനും മറ്റേത് ജനനമരണത്തിനും ഇടയാക്കുന്നു. എന്നാല്‍ വിധികല്പിത പ്രകാരം ഒരുവന്റെ മരണവേളയില്‍ ഏതെങ്കിലും ഒന്നില്‍കൂടി അവന്‍ ചരിക്കാന്‍ ഇടയാകുന്നു