പ്രണവം ഉള്ളിലാണ് ധരിക്കേണ്ടത് (57)

കുട്ടിക്കാലത്ത് മണപ്പുറത്തുണ്ടാക്കിയ കളിവീട് കടലെടുക്കുമ്പോള്‍ നോക്കിച്ചിരിച്ച് നടന്നുപോയപോലെ ശരീരം നശിക്കുമ്പോഴും പോകാന്‍ കഴിയണം.

നശ്വരമായ ഭാവമാണ് അധിഭൂതം. നശിക്കാത്ത ചൈതന്യമാണ് അധിദൈവതം. ഈ ദേഹത്തില്‍ ഭഗവാന്‍തന്നെയാണ് അധിയജ്ഞന്‍. ഇവയോടുകൂടിയവര്‍ മരണസമയത്തുപോലും എന്നെ അറിയുന്നു. പരമവും നാശരഹിതവുമായ ബ്രഹ്മത്തെയും (സ്വരൂപം) അതിന്റെ സ്വഭാവമായ അധ്യാത്മരഹസ്യവും (ജീവഭാവം) എല്ലാ സൃഷ്ടികള്‍ക്കും ഹേതുവായ കര്‍മ്മത്തിന്റെ സമഗ്രതയെയും അറിയുന്നു.

അവസാനകാലത്ത് ഏതുഭാവത്തെ സ്മരിച്ചുകൊണ്ടാണോ ദേഹം വിടുന്നത് ആ ഭാവത്തെതന്നെ പ്രാപിക്കും. മരണസമയത്തും ഭഗവാനെതന്നെ സ്മരിക്കുന്നവര്‍ ഭഗവാനെ പ്രാപിക്കും. വിഷയങ്ങളെ സ്മരിക്കുന്നവര്‍ അതതിനെ പ്രാപിക്കും. ജാഗ്രതവസ്ഥയില്‍ ഈശ്വരനെന്തെന്നറിഞ്ഞാലേ മരണസമയത്തും ആ സ്മരണ വരൂ. അതിനാല്‍ എല്ലായ്പ്പോഴും ഈസ്വരസ്മരണയിലാകണം മനസ്സ്. ഇത് എപ്പോഴും നാമംജപിക്കലല്ല. ഈശ്വരനല്ലാതെ മറ്റൊന്നുമില്ലെന്നും കര്‍മ്മങ്ങളെല്ല‍ാം ബ്രഹ്മപൂജയാണെന്നും അറിയലാണ്. മരണസമയം എപ്പോഴെന്ന് ആര്‍ക്കും അറിയാന്‍പറ്റില്ല. അതിനാല്‍ എപ്പോഴും ഈശ്വരസ്മരണയിലായിരിക്കണം.

നിരന്തരപരിശീലനംകൊണ്ട് മറ്റു വിഷയങ്ങളില്‍ പോകാത്ത സ്വമനസ്സുകൊണ്ട് ധ്യാനിക്കുന്നവന്‍ പ്രകാശരൂപനായ പരമപുരുഷനെ പ്രാപിക്കുന്നു. സര്‍വജ്ഞനും കാലാതീതനും ലോകനിയന്താവും അണുവിന്റെ അണുവും എല്ലാറ്റിന്റെയും അടിസ്ഥാനവും ചിന്തിച്ചറിയാനാവാത്തവനും സൂര്യനെപ്പോലെ ജ്യോതിര്‍മയനുമായ പരംപൊരുളിനെ, അഭ്യാസബലം നിമിത്തം ഉറച്ച (ഏകാഗ്രമായ) മനസ്സുകൊണ്ട് പ്രാണനെ പുരികങ്ങള്‍ക്കിടയില്‍ നിര്‍ത്തി ആരാണോ മരണസമയത്തുപോലും ധ്യാനിക്കുന്നത് അവന്‍ മോക്ഷംപ്രാപിക്കുന്നു.

വിജനമായ ഒരിടത്ത് ഏകാന്തതയില്‍ ശാന്തമായി ധ്യാനിക്കാനുള്ളതാണ് പ്രണവം. പ്രണവത്തെ സ്മരിച്ചുകൊണ്ടുള്ള ജീവിതം നമ്മെ മുക്തരാക്കും. അതൊരിക്കലും സംഘര്‍ഷത്തിന്റെ ചിഹ്നമാകരുത്. ഓംകാരം ടെലിഫോണ്‍ പോസ്റ്റിലോ ചുമരിലോ ഒക്കെ മറ്റുള്ളവരില്‍ ഭീതിജനിപ്പിക്കുംവിധം പതിപ്പിക്കുന്നത് സനാതനധര്‍മ്മത്തെ അവഹേളിക്കലാണ്. പുറത്തു കാണിക്കുന്ന ചിഹ്നം പുറത്തുതന്നെയാകും. അതിനാല്‍ പ്രണവം ഉള്ളിലാണ് ധരിക്കേണ്ടത്. ഹൃദയത്തിലാണ് എഴുതേണ്ടത്. അത് തെരുവിലിറക്കാനുള്ളതല്ല. റോഡിന്റെഡിവൈഡറായും സ്വന്തം സ്ഥലം സംരക്ഷിക്കാനും മതചിഹ്നങ്ങള്‍ വയ്ക്കുന്നവരുണ്ട്, സര്‍ക്കാര്‍ മതത്തില്‍ തൊടില്ല എന്ന ധൈര്യത്തില്‍. അവര്‍ ആ ചിഹ്നങ്ങള്‍ക്ക് അത്രവിലയേ നല്‍കുന്നുള്ളു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close