ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഒന്‍പത് : രാജവിദ്യാരാജഗുഹ്യയോഗം
ശ്ലോകം 3

അശ്രദ്ദധാനഃ പുരുഷാം
ധര്‍മ്മസ്യാസ്യ പരന്തപ!
അപ്രാപ്യ മാം നിവര്‍ത്തന്തേ
മൃത്യുസംസാരവര്‍ത്മനി.

അല്ലയോ അര്‍ജുന, ഭക്തിയോടുകൂടിയ ജ്ഞാനലക്ഷണമായ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കാത്ത ജനങ്ങള്‍, എന്നെ പ്രാപിക്കാതെ ജനിക്കാതെ ജനിച്ചും മരിച്ചും തുടരുന്ന ഈ സംസാരമാര്‍ഗ്ഗത്തില്‍തന്നെ കിടന്നുഴലുന്നു.

അല്ലയോ അര്‍ജ്ജുനാ, ശുദ്ധവും സ്വാദിഷ്ഠവുമായ ക്ഷീരം പശുവിന്റെ അകിടില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെള്ള് ക്ഷീരത്തിനു പകരം ഊറ്റിക്കുടിക്കുന്നത് രക്തമല്ലേ? താമരവള്ളിയും തവളയും ഒരേ സ്ഥലത്തു വളരുന്നു. എന്നാല്‍ താമരയിലെ തേന്‍നുകരുന്നത് ഭ്രമരങ്ങളണ്. തവള മണ്ണുതിന്ന് തൃപ്തിപ്പെടുന്നു. നിര്‍ഭാഗ്യവാനായ ഒരുവന്റെ വീട്ടില്‍ അവനറിയാതെ ഒരു നിധി ഒളിഞ്ഞിരിക്കുന്നുണ്ടാവും. അവന്‍ കാലയാപനം ചെയ്യുന്നത് ഭിക്ഷയെടുത്തായിരിക്കും. ഇതുപോലെ, എല്ലാ ആനന്ദത്തിന്റെയും ലക്ഷ്യമായ ഞാന്‍ ഒരുവന്റെ ഹൃദയത്തില്‍ അധിവസിക്കുന്നുവെങ്കിലും അവന്‍ അതു മനസ്സിലാക്കാതെ ഇന്ദ്രിയവിഷയങ്ങളുടെ പിന്നാലെ ആനന്ദം തേടി പായുകയാണ്. അമൃത് തുപ്പിക്കളഞ്ഞിട്ട് കാനല്‍ജലം കുടിക്കാന്‍ പോകുന്നതുപോലെ, പരശുമണിക്കു പകരം വെറും മുത്ത് കൈമാറുന്നതുപോലെ ഇതു ശുദ്ധ അസംബന്ധമാണ്. അഹങ്കാരപ്രവര്‍ത്തനങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് ഈ അധമന്മാര്‍ എന്നെ പ്രാപിക്കാന്‍ കഴിയാതെ പുളയുകയാണ് എന്റെ പ്രകൃതി എന്താണെന്നറിയാത്തതുകൊണ്ടാണ് ഇവര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എന്താണെന്നു ചോദിച്ചാല്‍, എല്ലായ്പ്പോഴും നിനക്കഭിമുഖമായി നില്‍ക്കുന്ന സൂര്യനാണെന്നു പറയാം. എന്നാല്‍, ചിലപ്പോള്‍ പ്രത്യക്ഷപ്പെടുകയും ചിലപ്പോള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സൂര്യന്റെ പോരായ്മ എനിക്കില്ല.