മനുഷ്യന്‍ എത്ര നിസ്സാരനാണ് (58)

ന‍ാം ഉറങ്ങുന്നത് ബ്രഹ്മത്തിലാണ്. ഉണര്‍ന്നിരിക്കുന്നതും ബ്രഹ്മഭാവത്തിലാകണം. ബ്രഹ്മലോകം മുതലുള്ള ലോകങ്ങള്‍ (അനുഭവമണ്ഡലങ്ങള്‍) ആവര്‍ത്തിക്കുന്നതാണ്. വരവും പോക്കുമുണ്ട്. ബ്രഹ്മാവിനുതന്നെ ജനനവും മരണവുമുണ്ട്. ഭഗവാനെ പ്രാപിച്ചവനുമാത്രമേ ജനിമൃതികള്‍ ഇല്ലാതാകുന്നുള്ളൂ. പിന്നെ തിരിച്ചുവരവില്ല.

ബ്രഹ്മാവിന്റെ പകല്‍ ആയിരം യുഗമാണ്. രാത്രിയും അത്രതന്നെ. ഇതറിയുന്നവര്‍ കാലത്തെ അറിയുന്നു. അപാരമായ ജഗത്തിന്റെ മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സാരനെന്ന് ഇത് സൂചിപ്പിക്കുന്നു. ഭഗവാന്‍ കാലാതീതനാണ്. നമ്മുടെ സമയം ‘സെക്കന്റി’ല്‍ ആരംഭിക്കുന്നു. ‘ഫസ്റ്റാണ്’ ഭഗവാന്‍. കാലത്തിനും മുമ്പേ. അറിയലിനുമുമ്പേയുള്ളതിനെ അറിയാന്‍ കഴിയില്ല എന്ന അറിവാണ് ഗീത പറയുന്ന അറിവ്. പ്രവൃത്തികൊണ്ട് ഇതിനെ നേടാന്‍ പറ്റില്ല എന്ന അറിവില്‍ ചെയ്യുന്ന കര്‍മ്മമാണ് നിഷ്കാമ കര്‍മ്മം.

ബ്രഹ്മാവിന്റെ പകലില്‍ അവ്യക്തതയില്‍നിന്ന് (ചൈതന്യപ്രകൃതിയില്‍നിന്ന്) വ്യക്തമായത് (ചരാചരങ്ങള്‍) ഉണ്ടാകുന്നു. രാത്രിയില്‍ ഈ അവ്യക്തതയില്‍ തന്നെ എല്ല‍ാം ലയിക്കുന്നു. ഇതുപോലെയാണ് നമ്മുടെ ജീവിതവും. നമ്മളുണരുമ്പോഴാണ് എല്ല‍ാം ജനിക്കുന്നത്. ഉറങ്ങുമ്പോള്‍ എല്ല‍ാം ലയിക്കുന്നു.

ഉണര്‍ന്നവനാണ് ലോകം. ന‍ാം ഉണര്‍ന്നാല്‍, അല്പമൊന്നുയര്‍ന്നാല്‍ വളരെയേറെ ഊര്‍ജം ചെലവഴിക്കുന്ന പലതും എത്ര നിസ്സാരമാണെന്ന ബോധമുണ്ടാകും. പ്രാണിസമൂഹം അസ്വതന്ത്രരായി വീണ്ടും വീണ്ടും ജനിക്കുന്നത് ഭഗവാന്റെ അറിവോടെയാണ്. ഒരു വൃക്ഷത്തിന്റെ നിശ്ശബ്ദമായ അറിവുകൂടാതെ ഒരിലയും ചലിക്കുന്നില്ല, പൊഴിയുന്നില്ല.

ഭവിച്ചിട്ടുള്ളതെല്ല‍ാം യാതൊന്നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്നോ, എന്ത് ഈ വിശ്വമാകെ വ്യാപിച്ചിരിക്കുന്നുവോ ആ ഭഗവാനെ അനന്യഭക്തികൊണ്ട് നേട‍ാം. അന്യചിന്തകൂടാതെ എല്ലാസമയവും ഭഗവാനെ സ്മരിക്കുന്ന യോഗിക്ക് ഭഗവാന്‍ സുലഭനായിരിക്കും. മനസ്സെവിടെ വേണമെങ്കിലും പോകട്ടെ, പോകുന്നിടമെല്ല‍ാം ഈശ്വരനാണെന്നറിയുക. ഭഗവാനെ പ്രാപിക്കുക എന്നത് അസ്ഥിരമായ ഒന്നുമായും താദാത്മ്യം പ്രാപിക്കാതിരിക്കലാണ്. ഇങ്ങനെ പരമഗതിപ്രാപിക്കാനുള്ള മന്ത്രമാണ് എല്ലാ ശബ്ദങ്ങളും ഉള്‍ക്കൊള്ളുന്ന പ്രണവം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close