സ്നേഹിക്കുക; ദോഷങ്ങള്‍ കാണാതിരിക്കുക (59)

സ്നേഹംകൊണ്ട് ഒരാള്‍ക്കും ഒരാളുടേയും ദോഷം കാണാന്‍ സാധ്യമല്ല. അസൂയയില്‍ നിന്നാണ് എല്ലാ ദോഷദര്‍ശനവും ഉണ്ടാകുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ ദോഷത്തെ ആവിഷ്കരിക്കുന്നതാണ് അസൂയ. അസൂയ ഒഴിഞ്ഞെങ്കില്‍ മാത്രമേ പരമമായ സത്യത്തെ അറിയാന്‍ കഴിയൂ.

ആത്മതത്ത്വത്തെ വെളിപ്പെടുത്തുന്ന വിദ്യ രഹസ്യങ്ങളില്‍ രഹസ്യവും വിദ്യകളില്‍ രാജാവുമാണ്. പരിശുദ്ധവും ഉത്തമവുമായ അത് പ്രത്യക്ഷമായി അറിയാവുന്നതാണ്. ധര്‍മ്മശാസ്ത്രാനുസാരിയായ അത് അനുഷ്ഠിക്കാന്‍ എളുപ്പമുള്ളതാണ്, നാശമില്ലാത്തതാണ് . വ്യക്തമല്ലാത്ത രൂപത്തോടുകൂടിയ ഭഗവാന്‍ ഈ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നു. എല്ല‍ാം ഭഗവാനില്‍ ഇരിക്കുന്നവയാണ്. എന്നാല്‍ അവയിലൊന്നും ഭഗവാനില്ല. ചേരാതെയുള്ള ചേര്‍ച്ചയാണിത്. ഞാന്‍ പ്രവര്‍ത്തിതാവല്ല, അനുഭോക്താവല്ല, പ്രകൃതിയുടെ സാക്ഷിമാത്രം എന്ന് ഭഗവാന്‍ പറയുന്നു. ഇതേഭാവമാണ് നമുക്കും വേണ്ടത്. വികാരങ്ങള്‍ നമ്മിലുണ്ടാക‍ാം. ന‍ാം അവയിലുണ്ടാകാന്‍ പാടില്ല.

ഈ ധര്‍മ്മത്തിന്റെ സ്വരൂപത്തിലും ഫലത്തിലും ശ്രദ്ധയില്ലാത്തവര്‍ ജനനമരണങ്ങളുള്ള സംസാരമാര്‍ഗ്ഗത്തില്‍ തന്നെ വര്‍ത്തിക്കുന്നു. പ്രകാശത്തിന്റെ, വെളുപ്പിന്റെ മാര്‍ഗം അറിവിന്റെ മാര്‍ഗമാണ്. അറിവുമൂലം സത്കര്‍മ്മം ചെയ്യുന്നവര്‍ എപ്പോള്‍ പോകുന്നോ അതാണ് ഉത്തരായനം. ഞാന്‍ ശരീരമാണ് എന്ന മിഥ്യാധാരണയുള്ളവരുടെ (അജ്ഞാനികളുടെ) മാര്‍ഗമാണ് ദക്ഷിണായനം. അതിനാല്‍ കാലാതീതനായി വര്‍ത്തിക്കുക. വൃക്ഷത്തില്‍ നിന്ന് കരിയില ഓടയില്‍ വീണാല്‍ നികൃഷ്ടമായി എന്നു കരുതേണ്ട, ക്ഷേത്രവളപ്പില്‍ വീണതുകൊണ്ട് പ്രത്യേകിച്ച് പുണ്യവുമില്ല.

മനസ്സ് ഏതെങ്കിലും ആഗ്രഹത്തിനുപുറകെപോയാല്‍ ഗതികിട്ടില്ല. അതിനാല്‍ നിഷ്കാമകര്‍മ്മം ചെയ്ത് എല്ലാറ്റിനേയും അതിവര്‍ത്തിക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close