പകരംവീട്ടുന്ന രീതി സനാതനധര്‍മ്മത്തിന്റേതല്ല (61)

ഭഗവാനെ ഒരാളായോ ഒരു ദേശമായോ കാലമായോ പരിമിതിപ്പെടുത്താന്‍ പറ്റില്ല. ഇപ്പോള്‍ മാര്‍ഗത്തെ ലക്ഷ്യമായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. വിശുദ്ധമെന്നു പറയുന്ന സ്ഥലങ്ങളൊക്കെ ഇപ്പോള്‍ വിവാദങ്ങളിലാണ്, കലാപങ്ങളിലാണ്. ജറുസലേം, ഹസറത്ത്ബാല്‍, അയോധ്യ ഒക്കെ. അയോധ്യ ഭൂപ്രദേശമല്ല, ആയോധനം നിലച്ച ഭൂമിയാണ്, മനസ്സാണ് എന്ന് മനസ്സിലാക്കുന്നില്ല.

ഈശ്വരന്‍ കാരുണ്യവാനാണ്, സമാധാനമാണ് എന്നു പറയുക. എന്നിട്ട് ഈശ്വരനെ എന്തെങ്കിലും പറഞ്ഞാല്‍ ശരിയാക്കിക്കളയും എന്നും പറയുക. ഇതു രണ്ടും ചേരില്ല. ഈശ്വരന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും കാര്‍ട്ടൂണ്‍ വരയ്ക്കുകയോ, പറയുകയോ ചെയ്താല്‍ ഒരു പ്രകാരത്തിലും വിഷമിക്കേണ്ട. സാമൂഹ്യദ്രോഹികള്‍ക്ക് കയ്യേറ്റം ചെയ്യാന്‍ പറ്റുന്നവനല്ല ഭഗവാന്‍. ഭഗവാന്‍ മുറിപ്പെടാതിരിക്കുമ്പോള്‍ നാമും മുറിപ്പെടരുത്.

ചിലര്‍ അറിവ് പകര്‍ന്നു കൊടുക്കുന്ന യജ്ഞത്തിലൂടെ പ്രപഞ്ചത്തിന്റെ പൂര്‍ണതയെ കാണുന്നു. ചിലര്‍ ഒന്നായും ചിലര്‍ പലതായും ഉപാസിക്കുന്നു. വൈദികമായ യാഗം, സ്മൃതിപ്രോക്തമായ കര്‍മ്മം, ഋഷിയജ്ഞം, പിതൃക്കള്‍ക്കുള്ള അന്നം, ഔഷധം, മന്ത്രം, അര്‍പ്പിക്കുന്ന നെയ്യ്, അഗ്നി, ഹോമം ചെയ്യുന്നത് എല്ല‍ാം ഭഗവനാണ്. എല്ല‍ാം ഭഗവാനെന്ന രീതിയില്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കുക.

എല്ലാ വൈരുധ്യങ്ങളും ഭഗവാന്‍ തന്നെ. എല്ലാറ്റിനും ഉപരിയായും ഭഗവാന്‍ നിലകൊള്ളുന്നു. ഭഗവാനാണ് പ്രപഞ്ചത്തിന്റെ മാതാവും പിതാവും പിതാമഹനും. അറിയേണ്ടത് ഭഗവാനെയാണ്. പ്രപഞ്ചത്തെ ധരിച്ചവനും ഓംകാരവും വേദങ്ങളും അതുതന്നെ. ലക്ഷ്യസ്ഥാനവും ഭരിക്കുന്നവനും എല്ല‍ാം നടത്തുന്നവും (പ്രഭു) അറിയുന്നവനും (സാക്ഷി) എല്ലാറ്റിന്റേയും ഇരിപ്പിടവും ആശ്രയസ്ഥാനവും സുഹൃത്തും സൃഷ്ടിയും സ്ഥിതിയും സംഹാരവും നിധാനവും നാശമില്ലാത്ത ബീജവും ഭഗവാനാണ്.

ഭഗവാന്‍ ചൂട് പിടിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും ഉണ്മയും ഇല്ലായ്മയും എല്ല‍ാം ഭഗവാന്‍ തന്നെ. വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗലോകത്തെ പ്രാപിച്ച് പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്ത്യലോകത്തേക്കു തിരിച്ചുവരുന്നു. വേദധര്‍മ്മത്തെ ശരണംപ്രാപിച്ച വിഷയേച്ഛുക്കള്‍ക്ക് ഇങ്ങനെ വരവും പോക്കുമായി കഴിയേണ്ടിവരും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close