ആന്തരിക സാധ്യതയെ ആവിഷ്കരിക്കുക (62)

നമ്മിലെ അപാരമായ ആന്തരിക സാധ്യതയെ ന‍ാം ആവിഷ്കരിക്കണം. ഭഗവാനാകാനുള്ള അവസരം ന‍ാം പാഴാക്കരുത്. ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വം (ശ്രദ്ധയോടെ) സമര്‍പ്പിക്കുന്നത് ഞാന്‍ സ്വീകരിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു. കായും പൂവുമെല്ല‍ാം പറിച്ച് അമ്പലത്തിലേല്പിക്കണം എന്നല്ല ഇവിടെ സാരം. വൃഷ്ടിയുടേയും സമഷ്ടിയുടേയും പാരസ്പര്യമാണിത്. രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം.

എല്ലാ ജീവന്റേയും ഉത്ഭവം ജലമാണ്. ജലത്തില്‍ നിന്നാവിര്‍ഭവിച്ച ഇലയാണ് നമുക്കു വേണ്ട അന്നം തരുന്നത്. തന്നെപ്പോലെ വേറൊരു സൃഷ്ടി നടത്താന്‍ യോഗ്യരാകുന്ന സമയമാണ് പുഷ്പിക്കല്‍. പൂവിന്റെ പൂര്‍ത്തീകരണമാണ് ഫലം. അടുത്തതിന്റെ വിത്ത്. ജലത്തില്‍ ജീവശക്തിയായി ആരംഭിച്ച് നാമായിത്തീര്‍ന്ന പ്രയാണം തിരിച്ചറിയുന്ന വേളയില്‍ നമ്മുടെ ഭാവം സമര്‍പ്പിതമായിത്തീരും, വിനയാന്വിതമായിത്തീരും. ഈ സമര്‍പ്പണമാണ് ഭഗവാന്‍ സ്വീകരിക്കുന്നത്. ഈ രഹസ്യം ഒരിക്കലറിഞ്ഞാല്‍ ഭഗവാനായിത്തീരും. പിന്നെ ഭേദമില്ല.

എന്തു ചെയ്യുന്നുവോ അതെല്ല‍ാം – ഭക്ഷിക്കുന്നത്, അനുഭവിക്കുന്നത്, ഹോമിക്കുന്നത്, ദാനം ചെയ്യുന്നത്, തപശ്ചര്യകളില്‍ ഏര്‍പ്പെടുന്നത് – ഒക്കെ ഭഗവാനിലര്‍പ്പിച്ച് ചെയ്യണം. അര്‍പ്പിക്കുമ്പോള്‍ പിന്നെ നാമില്ല. അപ്പോള്‍ ‘ഞാന്‍ ചെയ്തു’, ‘ഞാന്‍ കാരണം’, ‘ഞാന്‍’, ‘ഞാന്‍’ എന്നു പറയാന്‍ പറ്റില്ല. ചെയ്യുന്നതൊക്കെ ഭഗവാന്‍. അതാണ് ശരിയായ ആരാധന. അപ്പോള്‍ പല്ലുതേയ്ക്കുന്നത് ബ്രഹ്മപൂജയാകും, കുളിക്കുന്നത് ഈശ്വരനെ കുളിപ്പിക്കുന്നതാകും, ലൈംഗികബന്ധം ഹോമത്തിനു തുല്യമാകും.അന്യദേവതകളെ ഉപാസിക്കാതെ എന്നെ ഉപാസിക്കുന്നവരുടെ യോഗക്ഷേമം ഞാന്‍ വഹിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു. കൃഷ്ണന്‍ മാത്രം ദൈവം എന്നല്ല ഇവിടെ വിവക്ഷ. അന്യദേവതകള്‍ വിവിധ ചിന്തകളാണ്, ഇന്ദ്രിയവിഷയങ്ങളാണ്. അവ വിട്ട് പരമാത്മ ചൈതന്യത്തിലായിരിക്കണം ശ്രദ്ധ എന്നാണ് അര്‍ത്ഥം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close