ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം (63)

ഗീത എല്ലാ വിവേചനങ്ങളേയും നിഷേധിക്കുന്നുവെന്നും എല്ലാവരും ശാസ്ത്രത്തിനധികാരികളാണെന്ന് സമര്‍ഥിക്കുന്നു. വിവേചനം കല്പിച്ചുപോന്ന സ്ത്രീകള്‍, കച്ചവടക്കാര്‍, ശൂദ്രര്‍, തെറ്റുകളില്‍നിന്ന് ജനിച്ചവര്‍ തുടങ്ങിയവരെല്ലാവരും എന്നെ ആശ്രയിച്ചാല്‍ പരമമായ ഗതിയെ പ്രാപിക്കുമെന്നും ഭഗവാന്‍ പറയുന്നു. ഭഗവാനെ അറിയുന്നതുവരെ മാത്രമാണ് എല്ലാ വ്യത്യാസങ്ങളും. ദുര്‍നടപ്പിന്റെ മൂര്‍ത്തിപോലും ഒരിക്കല്‍ ശ്രദ്ധവെച്ചാല്‍ ശ്രേഷ്ഠനായിത്തീരും.

ഒരാളെയും മാറ്റിനിര്‍ത്തുന്നതല്ല ഭാരതസംസ്കാരം. ഭഗവാനെ ഒരിക്കലെങ്കിലും അറിഞ്ഞവര്‍ നാശമില്ലാത്തവരാകുന്നു. പൂര്‍ണമായി മനസ്സിനെ ഭഗവാനില്‍ത്തന്നെ ഉറപ്പിച്ചുള്ള ധ്യാനം, ജ്ഞാനം, ഭക്തി ഇതൊക്കെ പരമാത്മാവിലേക്കുള്ള വഴികളാണ്. വിഷയാനുഭവങ്ങളെ ദേവതകളാക്കി അവയെ ഭജിക്കുന്നവരും ആത്യന്തികമായി ഭഗവാനെയാണ് ഭജിക്കുന്നത്. അവയെയും സൃഷ്ടിച്ചത് ഭഗവാനാണല്ലോ. എന്നാല്‍ ആ ഭജനം വിധിയ‍ാംവണ്ണമല്ലാത്തതിനാല്‍ അവര്‍ക്ക് വീഴ്ചയുണ്ടാകുന്നു. അതിനാല്‍ നമ്മുടെ നമസ്കാരം രൂപത്തിനല്ല, അതിനുള്ളിലെ പരമാത്മ ചൈതന്യത്തിനാകണം. അനിത്യവും അസുഖവുമായ ലോകത്തില്‍ നിത്യതയ്ക്കും സുഖത്തിനുമായി ഭഗവാനെ എപ്പോഴും ഭജിക്കണം. സദാനാമജപം എന്നല്ല അര്‍ഥം. ദൈനംദിന വൃത്തികളെല്ല‍ാം, കര്‍മ്മങ്ങളെല്ല‍ാം ഭഗവത്സ്മരണയില്‍ ഫലക‍ാംക്ഷയില്ലാതെ ചെയ്യണം. അതാണ് ഭജനം.

ഭഗവാന് എല്ലാറ്റിലും ഒരുപോലെയാണ്. എനിക്ക് ആരോടും ദേഷ്യമോ പ്രിയമോ ഇല്ല. (കീര്‍ത്തിക്കുന്നവരോട് ഇഷ്ടമോ ദ്വേഷിക്കുന്നവരോട് ദേഷ്യമോ ഇല്ല, ആര്‍ക്കും ഒന്നും കൊടുക്കുന്നില്ല) ആരാണോ ശ്രദ്ധയോടുകൂടി ചൈതന്യസ്വരൂപത്തെ അറിയുന്നത്, അവര്‍ ഭഗവാനിലും ഭഗവാന്‍ അവരിലും ഇരിക്കുന്നു. ഭഗവാനായിത്തീരാനുള്ള വിദ്യയാണ് ഗീത ഉപദേശിക്കുന്നത്. ഭഗവാനില്‍ നിന്നെന്തെങ്കിലും നേടാനുള്ള വിദ്യയല്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close