ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ് (65)

പ്രകൃതി മുഴുവന്‍ ഇത് അറിഞ്ഞവയാണ്. അവ നമുക്ക് അറിവുതരാന്‍ കാത്തിരിക്കുകയുമാണ്. ആത്മാര്‍ത്ഥമായ ചോദ്യമുണ്ടെങ്കില്‍ ഏതെങ്കിലും മൂലയില്‍ പോയിരുന്നാല്‍ കടിക്കാന്‍ വരുന്ന കൊതുകു പറഞ്ഞുതരും ബ്രഹ്മസത്യം. ആ മൂളലില്‍ നിന്ന് എല്ല‍ാം നമുക്കറിയാന്‍ കഴിയും. പൂന്തോട്ടത്തില്‍ പോയാല്‍ പൂവ് ഇത് പറഞ്ഞുതരും. കാഷായവസ്ത്രധാരികള്‍ മാത്രമല്ല പറഞ്ഞുതരാന്‍ യോഗ്യര്‍. ന‍ാം അങ്ങനെ കരുതിയതുകൊണ്ടാണ് പ്രകൃതി അനുഗ്രഹിക്കാത്തത്.

എന്താണ് ഈശ്വരന്‍, എങ്ങനെയാണ് അറിയേണ്ടത് എന്ന് വിഭൂതിയോഗത്തില്‍ ഭഗവാന്‍ വിശദീകരിക്കുന്നു. ഭഗവാന്റെ വിസ്താരത്തിന് അവസാനമില്ല. അതിനാല്‍ പ്രാധാന്യമുള്ളത്, ആവശ്യമുള്ളത് മാത്രമാണ് പറയുന്നത്. എല്ലാറ്റിന്റേയും ഉള്ളിലെ ആത്മാവ് ഭഗവാനാണ്. ആദിയും മധ്യവും അന്തവും അതുതന്നെ.

ഒരുവന് ഈശ്വരനെ ഉപാസിക്കാന്‍ എന്തെങ്കിലും ബിംബം വേണമെങ്കില്‍ ഏറ്റവും ഉത്തമം സൂര്യനാണ്. പ്രാണനും പോഷകവും ഒക്കെ നല്‍കി സൂര്യന്‍ വിശ്വത്തെ മുഴുവന്‍ അനുഗ്രഹിക്കുന്നു. എല്ലാ അജ്ഞാനത്തേയും ദൂരീകരിക്കാന്‍ പോന്ന പ്രകാശം പരത്തുന്നു. നാമും സൂര്യനെപ്പോലെയാകണം. സാന്നിദ്ധ്യത്താല്‍ ചുറ്റുപാടും പ്രകാശം പരത്തണം. സമഷ്ടിയിലെ സൂര്യനാണ് വ്യഷ്ടിയിലെ ബുദ്ധി. ബുദ്ധിചൂടുപിടിക്കുമ്പോള്‍ മനസ്സ് തണുപ്പിക്കണം. ചന്ദ്രനാണ് മനസ്സ്. ആ മനസ്സ് സംഘര്‍ഷങ്ങളുണ്ടാക്കരുത്. നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സൂര്യചന്ദ്രന്മാര്‍ എപ്പോഴും ഉള്ളിലുണ്ടാകണം.

ഭഗവാന്‍ നശിപ്പിക്കുന്നത് അജ്ഞാനത്തെ മാത്രമാണ്. അറിവാകുന്ന ദീപം കൊണ്ട് അജ്ഞാനജന്യമായ ഇരുട്ടിനെ നീക്കുന്നു. ആനന്ദമാണ് ഭഗവാന്‍. ആനന്ദം എങ്ങിനെ നേടണമെന്നറിയാതെ പലരും തെറ്റിദ്ധാരണകളില്‍ പെട്ടുഴലുന്നു. സദ്ഭാവങ്ങളും അസദ്ഭാവങ്ങളും എല്ല‍ാം ഭഗവാനില്‍ നിന്നുണ്ടായതാണ്. നല്ലത് ഈശ്വരനെന്നും അല്ലാത്തതൊക്കെ ചെകുത്താനെന്നും ഗീതക്ക് ഭേദമില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close