ആസ്തികനും നാസ്തികനും ഒരു പോലെ തന്നെ (67)

ആസ്തികനും നാസ്തികനും നില്‍ക്കുന്നത് ഒരേ സ്ഥലത്തുതന്നെയാണ്. നാസ്തികന്‍ ലോകത്തെ സ്വീകരിക്കുന്നു. പുറകിലൊരു ചൈതന്യമുണ്ടെന്നത് നിഷേധിക്കുന്നു. ആസ്തികന്‍ ഭഗവാനെ സ്വീകരിക്കുന്നു. ലോകത്തെ നിഷേധിക്കുന്നു. രണ്ടും വിഭജനമാണ്. ലോകത്തിനെതിരായി ചിന്തിക്കുന്നത് ഗീതക്കനുസൃതമല്ല. ലോകത്തേയും ഭഗവാനേയും വിഭജിക്കാതെ ഒന്നിച്ച് അറിയലാണ് ഗീത. ന‍ാം ഇതുവരെ പ്രപഞ്ചത്തെ പഠിച്ചത് പല അളവുകോലുകള്‍ വച്ചാണ്. ഈ അളവുകള്‍ക്കൊന്നും വഴങ്ങാത്തതാണ് പ്രപഞ്ചസത്യം.

സ്ത്രീകളുടെ കീര്‍ത്തി, ശ്രീ, വാക്ക്, ഓര്‍മ, ധൈര്യം, ക്ഷമ എന്നിവ ഭഗവാനാണ്. ഭഗവാനെന്ന വില സ്ത്രീകളുടെ വാക്കിന് നല്‍കണം. പുരുഷന്മാരേക്കാള്‍ ധൈര്യവും ക്ഷമയും സ്ത്രീകള്‍ക്കാണ്. ഛന്ദസ്സുകളില്‍ ഗായത്രിയാണ് ഭഗവാന്‍. ഒരു മതത്തിന്റേതുമല്ലാത്ത മന്ത്രമാണ് ഗായത്രി. സര്‍വ്വതിനും ആധാരമായ പരമസത്യത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ദേവന്‍ ധര്‍മ്മബോധം വന്ന ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നാണു പ്രാര്‍ത്ഥന. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ഗായത്രി ഉപാസന നടത്തിയാല്‍ മക്കള്‍ തേജസ്വികളാകുമെന്ന് ആചാര്യര്‍ പറയുന്നു.

അറിവിനെ പക്വതയില്ലാതെ സ്വീകരിക്കരുത്. അതാണ് പലതെറ്റിദ്ധാരണകള്‍ക്കും കാരണം. ആണവറിയാക്ടറില്‍ മുന്‍കരുതലില്ലാതെ കയറരുതെന്നതു പോലെയാണ് അത്. അതുകൊണ്ടാണ് ക്ഷേത്രങ്ങളില്‍ അറിവുള്ളവരേ പ്രവേശിക്കാവൂ എന്ന് പുരാതന കാലത്ത് പറഞ്ഞ്. എന്നാല്‍ ഇന്ന് പൂജകര്‍ക്കുപോലും ആ യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം. പൂജയെക്കാളുപരി ശാസ്ത്രമാണ് അവര്‍ക്കറിയേണ്ടത്. ബ്രഹ്മചൈതന്യത്തെ സാക്ഷാത്കരിച്ച ആര്‍ക്കും പൂജാരിയാക‍ാം, അവര്‍ മാത്രമേ ആകാവൂ. എന്നാലേ ക്ഷേത്രം ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗമാകൂ. അല്ലെങ്കില്‍ മറ്റുപലതുമായി അധഃപതിക്കും.

സാമഗാനങ്ങളില്‍ ബൃഹത്സാമവും മാസങ്ങളില്‍ ധനുവും ഋതുക്കളില്‍ വസന്തവും തേജസ്വികളുടെ തേജസ്സും ജയവും പരിശ്രമവും സജ്ജനങ്ങളുടെ സത്വഗുണവും വൃഷ്ണികളില്‍ വാസുദേവനും പാണ്ഡവരില്‍ അര്‍ജുനനും മുനികളില്‍ വ്യാസനും കവികളില്‍ ശുക്രനും ജയേച്ഛുക്കളുടെ നീതിയും രഹസ്യങ്ങളിലെ മൌനവും ജ്ഞാനികളുടെ ജ്ഞാനവും ഭഗവനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close