എല്ലാ കാഴ്ചയും വിശ്വരൂപമായി കാണാന്‍ കഴിയണം (69)

വിശ്വരൂപം ആനന്ദകരമായ കാഴ്ച മാത്രമാണെന്ന് കരുതരുത്. ഒന്നൊഴിയാതെ എല്ല‍ാം വിശ്വരൂപമാണ്. പൂവിരിയുന്നതും ഏറ്റവും ദാരുണമായ സംഭവവും അതിലുണ്ട്. ഒരേ പോലെ ഇവ കാണാന്‍ കഴിയണം. പലദാരുണസംഭവങ്ങളും ജീവിതത്തിലുണ്ടാക‍ാം. പലതും കാണേണ്ടിവരും. അതിനുള്ള കരുത്തുനല്‍കുകയാണ് ഗീത. ഭയപ്പെടുത്തുവാന്‍ പോന്ന കാഴ്ചകളൊക്കെ വിശ്വരൂപമായി കാണണം.

ആകാശത്തിന്റേയും ഭൂമിയുടേയും ഇടയ്ക്കുള്ള സ്ഥലവും സകലദിക്കും ഭഗവാന്‍ നിറഞ്ഞിരിക്കുന്നു. അത്ഭുതകരവും ഭയാവഹവുമായ രൂപം കണ്ടിട്ട് മൂന്നുലോകവും ഭയപ്പെട്ടുവെന്ന് അര്‍ജുനന്‍ പറയുന്നു. അസംഖ്യം വായകള്‍, കണ്ണുകള്‍, തുടകള്‍, കൈകള്‍, പാദങ്ങള്‍, വയറുകള്‍, ദംഷ്ട്രകള്‍ ഒക്കെ അടങ്ങിയ ഭയാനകരൂപമാണ് ദര്‍ശിക്കുന്നത്. ആദിമധ്യാന്തങ്ങള്‍ അറിയാത്തതും ജ്വലിക്കുന്ന വലിയകണ്ണുകളോടുകൂടിയതും കാലാഗ്നിപോലുള്ള വായുള്ളതുമാണത്. കൗരവരും ഭീഷ്മരും ദ്രോണരും കര്‍ണനും പാണ്ഡവയുദ്ധവീരരും ആ വായിലേക്ക് പാഞ്ഞുചെല്ലുന്നു. ചിലര്‍ ഉടഞ്ഞു തകര്‍ന്ന തലകളോടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. ഇയ്യാമ്പാറ്റകള്‍ തീയിലേക്ക് വീഴുന്നപോലെ, പല നദീപ്രവാഹങ്ങള്‍ സമുദ്രത്തിലേക്കൊഴുകുന്നപോലെ സകലരും മരണത്തിലേക്കൊഴുകുന്നുവെന്ന് ഇതു കാണിക്കുന്നു. അളവറ്റപ്രഭാവത്തോടെ ചന്ദ്രസൂര്യന്മാരാകുന്ന കണ്ണുകളോടെ അനന്തബാഹുവായി വിശ്വത്തിനുമുഴുവന്‍ പ്രകാശമേകുന്നതും ഈ തേജസ്സാണ്. ബാഹ്യലോകത്തെ അനന്തമായ കര്‍മ്മപദ്ധതികളാകെ ഇവിടെ ഉള്‍ക്കൊള്ളുന്നു.

ഇത് ദര്‍ശിച്ച അര്‍ജുനന്‍ ഭഗവാന്‍ അറിയേണ്ട പരബ്രഹ്മമാണെന്നും വിശ്വത്തിന്റെ പരമമായ ആശ്രയസ്ഥാനമാണെന്നും നാശമില്ലാത്തവനും നിത്യധര്‍മ്മസംരക്ഷകനുമായ പ്രപഞ്ചാത്മാവാണെന്നും മനസ്സിലാക്കുന്നു. ഇതാണ് വിശ്വരൂപദര്‍ശനത്തിലൂടെ ഉണ്ടാകേണ്ടത്. ഒരു പ്രത്യേകസ്ഥലത്തല്ല ഭഗവാന്‍, നോക്കുന്നിടത്തെല്ല‍ാം ഭഗവാനാണ്. ഇത് കാണാനുള്ള ദിവ്യനേത്രം ആര്‍ക്കും നല്‍കുവാനോ സ്വീകരിക്കുവാനോ സാധ്യമല്ല. സമര്‍പിത ഭാവത്തിലൂടെ അങ്ങേയറ്റത്തെ പ്രേമത്തിലൂടെ അന്തരാത്മാവിനെ കണ്ടെത്താനുള്ള പാകതയാണത്. ഏതൊരാള്‍ക്കും സംഭവിക്കാവുന്നതാണ്. നേടാവുന്നതാണ് അത്. ഒരു തുള്ളിജലത്തില്‍ സമുദ്രവും ഒരു വിത്തില്‍ മഹാവനവും അപ്പോള്‍കാണ‍ാം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close