എല്ലാ നാമങ്ങളില്‍ നിന്നും ഈശ്വരനെ മാറ്റുക (71)

ഭഗവാന്റെ മഹിമ അറിയാതെ സ്നേഹിതനെന്നു കരുതി കരുതലില്ലാതെയോ സ്നേഹാധിക്യത്താലോ കൃഷ്ണനെന്നും യാദവനെന്നും സഖേയെന്നും വിളിച്ചതും കളിയാക്കിയതുമെല്ല‍ാം ക്ഷമിക്കണമെന്ന് അര്‍ജുനന്‍ പ്രാര്‍ഥിക്കുന്നു. ഈശ്വരന്‍ വ്യക്തിയല്ലെന്ന തിരിച്ചറിവാണിത്. ന‍ാം നമ്മുടെ കുട്ടിയായി, ഭര്‍ത്താവായി, ഭാര്യയായി, അച്ഛനായി, അമ്മയായി, സുഹൃത്തായി വിചാരിച്ചത് യഥാര്‍ഥത്തില്‍ അതല്ല എന്ന തിരിച്ചറിവുകൂടിയാണിത്.

വ്യക്തികള്‍ തമ്മിലേ സംവാദം സാധ്യമാകൂ. ഈശ്വരന്‍ വ്യക്തിയല്ല. അതിനാല്‍ ന‍ാം എന്തൊക്കെ വാദങ്ങള്‍ നടത്തിയിട്ടുണ്ടോ അതെല്ല‍ാം അപ്രസക്തമാണ്. സാന്നിധ്യമാണ് ഈശ്വരന്‍. അതിനെ അനുഭവിക്കുകയാണ് വേണ്ടത്. എല്ലാ നാമങ്ങളില്‍നിന്നും ഈശ്വരനെ മാറ്റുക, എല്ലാ രൂപങ്ങളില്‍നിന്നും.

സമര്‍പ്പണത്തിലൂടെയുള്ള ധ്യാനാവസ്ഥയിലാണ്, ഏകാഗ്രതക്കായാണ് ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യേണ്ടത്. ചെയ്യിക്കേണ്ടവയല്ല ചെയ്യേണ്ടവയാണത്. ന‍ാം അറിവുകൊടുക്കുക. അറിയാതെ ചെയ്യുക. അര്‍ജുനന്‍ വിശ്വമൂര്‍ത്തേ എന്നാണ് സംബോധന ചെയ്യുന്നത്. എല്ലാ വ്യക്തിത്വകല്പനകളില്‍ നിന്നും അടര്‍ത്തിമാറ്റിയാലേ വിശ്വമൂര്‍ത്തിയാകൂ. ഒരു രൂപത്തില്‍ കണ്ടാല്‍ എല്ലാമാകില്ല, അതു മാത്രമേ ആകൂ. സഹസ്രബാഹുവാണത്. നമുക്കും ആയിരം കൈകളുണ്ട്, ആയിരം സാധ്യ തകളുണ്ട്.

വേദയജ്ഞാധ്യയനം കൊണ്ടോ ദാന, ക്രിയ, തപശ്ചര്യകള്‍കൊണ്ടോ നിനക്കല്ലാതെ മറ്റൊരാള്‍ക്കും വിശ്വരൂപം കാണാനാവില്ലെന്ന് ഭഗവാന്‍ പറയുന്നു. ഇവിടെ അര്‍ജുനന്‍ ശ്രദ്ധയുള്ള ജിജ്ഞാസുവായ നമ്മളോരോരുത്തരെയും പ്രതിനിധാനംചെയ്യുന്നു. തന്റെ ഭയാനകരൂപംകണ്ട് പേടിക്കുകയോ വ്യാമോഹിക്കുകയോ വേണ്ടെന്നുപറഞ്ഞ് ഭഗവാന്‍ വീണ്ടും സൗമ്യരൂപം കൈക്കൊള്ളുന്നു.

വിശ്വത്തില്‍ രണ്ടു രൂപവുമുണ്ട്. അനുകൂലവും പ്രതികൂലവും. ചിലര്‍ കുറവുകള്‍മാത്രമേ കാണാറുള്ളു. എല്ല‍ാം ഭഗവാനെന്ന തലത്തില്‍ വിരാജിക്കുകയും സ്വകര്‍മ്മംചെയ്യാന്‍ ഇറങ്ങിവരുകയും ചെയ്യുമ്പോള്‍ മാത്രമേ അറിവ് പൂര്‍ണതയിലെത്തൂ.ആ അറിവില്‍ ഭഗവാന്‍ ലോകപിതാവും ഗുരുവും വായുവും യമനും അഗ്നിയും വരുണനും ചന്ദ്രനും പ്രജാപതിയും പ്രപിതാമഹനും എല്ലാമാകുന്നു. അവിടെ ശരീരത്തെ ഭൂമിക്കു സമര്‍പ്പിച്ച് പ്രണമിക്കണം. കടന്നുവന്ന വഴിയെ സ്മരിക്കണം എന്നു സാരം. ഈ സമര്‍പ്പിതഭാവത്തിലൂടെ, വിനയാന്വിതനായി വേണം ന‍ാം വിശ്വത്തെ കാണേണ്ടത്. അപ്പോള്‍ ഓരോരുത്തരും ഗീതയ്ക്ക് സ്വന്തം വ്യാഖ്യാനങ്ങള്‍ കണ്ടെത്തും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close