ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 31

ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ
ശാശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി
ന മേ ഭക്തഃ പ്രണശ്യതി.

ദുരാചരനായാല്‍പോലും അവന്‍ വേഗത്തില്‍ ധര്‍മ്മചിത്തനായി ഭവിക്കുന്നു. പിന്നെ അവന്‍ ശാശ്വതമായ ബ്രഹ്മജ്ഞാനത്തെ പ്രാപിക്കുന്നു. അല്ലയോ കുന്തീപുത്ര, എന്‍റെ ഭക്തന്‍ ഒരിക്കലും നശിക്കുകയില്ലെന്ന് ഉറപ്പായി ധരിച്ചോളു.

അപ്രകാരമുളളവന്‍ കാലക്രമേണ ഞാനുമായി ഒന്നായിത്തീരുന്നു. അക്കാര്യത്തില്‍ നീ ഒട്ടും സംശയിക്കേണ്ട. അവന് മരണമില്ല. അമൃതില്‍ ആമജ്ജനം ചെയ്തിരിക്കുന്നവന്‍ എങ്ങനെയാണ് അന്തരിക്കുക. സൂര്യന്‍ ഉദിക്കാത്തിടത്തോളം സമയം രാത്രിയായിരിക്കും. അതുപോലെ എന്നോടുളള ഭക്തി കൂടാതെ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും മഹാപാതകങ്ങളായിരിക്കും. അല്ലയോ അര്‍ജ്ജുന, ഒരുവന്‍റെ ചിത്തം എന്‍റെ സ്വരൂപസാന്നിദ്ധ്യത്തിലെത്തിക്കഴിയുമ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയായിത്തീരുന്നു. ഒരു ദീപം മറ്റൊരു ദീപത്തില്‍ നിന്നു കത്തിക്കുമ്പോള്‍ രണ്ടു ദീപവും ഒരുപോലെ ഇരിക്കുകയില്ലേ. അപ്പോള്‍ ആദ്യം ഏതാണു കത്തിയിരുന്നതെന്നു പറയാന്‍ കഴിയുമോ? അതുപോലെ ഹൃദയംഗമമായി സര്‍വ്വഭാവനയോടുകൂടി എന്നെ ഉപാസിക്കുന്ന ഭജനകര്‍ത്താവ് എന്നില്‍ നിന്ന് അഭിന്നനായിത്തീരുന്നു. അവന്‍ എന്‍റെ ശാശ്വത സ്വരൂപത്തില്‍ മുഴുകുകയും അവന് തേജസ്സും നിത്യശാന്തിയും ലഭ്യമാവുകയും ചെയ്യുന്നു. അവന്‍ എന്നില്‍ അലിഞ്ഞുചേരുന്നു.

ഇതെല്ലാം എത്ര പ്രാവശ്യമാണ് നിന്നോടു ഞാന്‍ പറഞ്ഞത്? അര്‍ജ്ജുനാ, എന്നെ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ഒരിക്കലും ദൈവാരാധനത്തില്‍ പരാങ്മുഖനാകരുത്. ഒരുവന്‍ പൂജ്യമായ കുടുംബത്തില്‍ പിറന്നെന്നോ, ഉന്നതകുലജാതനാണെന്നോ, വിദ്യാസമ്പന്നനാണെന്നോ വമ്പുപറഞ്ഞിട്ട് കാര്യമൊന്നുമില്ല. അവന്‍റെ യൗവ്വനമോ, ആകാരസുഷമയോ, ഭൗതികസമ്പത്തോ കൊട്ടിഘോഷിച്ചിട്ടെന്തു കാര്യം? ആസക്തിയേറിയ ഭക്തിയില്ലെങ്കില്‍ ഇതൊക്കെ വ്യര്‍ത്ഥമായ പൊളളത്തരങ്ങള്‍ മാത്രമാണ്. ധാരാളമുണ്ടെങ്കിലും കതിരു മുഴുവന്‍ പതിരാണെങ്കില്‍ എന്താണു പ്രയോജനം? പരിത്യജിക്കപ്പെട്ട ഒരു പട്ടണം എത്രത്തോളം മനോഹരമാണെങ്കിലും ഉപയോഗമുണ്ടോ? തുല്യദുഃഖിതരായ രണ്ടുപേര്‍ ഒരു വനത്തില്‍ കണ്ടുമുട്ടിയാല്‍ എന്തുചെയ്യാന്‍ കഴിയും? ഫലം നല്‍കാതെ പുഷ്പിക്കുക മാത്രം ചെയ്യുന്ന വൃക്ഷങ്ങള്‍ നിഷ്ഫലങ്ങളല്ലേ? സമ്പത്തും കുലമഹിമയും ജാതിശ്രേഷ്ഠതയും മറ്റും ഉണ്ടെങ്കിലും, ആത്മാവില്‍ എന്നോടു ഭക്തിയില്ലെങ്കില്‍, മനോഹരമായ ഒരു ശരീരത്തില്‍ ജീവനില്ലാത്തതുപോലെ എല്ലാം വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമാണ്. അപ്രകാരമുളള ഒരു ജീവിതം ശപിക്കപ്പെട്ടതാണ്. അപായകരമായ ഒരു വൃക്ഷചുവട്ടില്‍ ബുദ്ധിമാന്മാര്‍ ഇരിക്കുന്നതുപോലെ, എന്നെ ഉപാസിക്കാത്ത ഒരുവനെ പുണ്യം ഉപേക്ഷിക്കും. ഒരു വേപ്പുമരത്തില്‍ നിറയെ കായ്കള്‍ ഉണ്ടായെന്നു വരാം. എന്നാല്‍ കാക്കകള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതുകൊണ്ടു പ്രയോജനമുളളത്? അഭക്തനായ ഒരുവന്‍റെ ജീവിതം അതുപോലെയാണ്. അവന്‍ പാപത്തിനുവേണ്ടി മാത്രം ജീവിക്കുന്നു. മനോഹരമായി പാചകം ചെയ്ത മധുരപലഹാരങ്ങള്‍ ഒരു പാത്രത്തിലാക്കി രാത്രിയില്‍ നാല്ക്കവലയില്‍ വെച്ചാല്‍ അതു നായ്ക്കള്‍ക്കുമാത്രമേ ആഹാരമാവുകയുളളു. ഈശ്വരാരാധന ഇല്ലാത്ത ഒരുവന്‍റെ ജീവിതം ഇതുപോലെയാണ്. അവന്‍റെ സ്വപ്നത്തില്‍പോലും സല്‍ക്കര്‍മ്മങ്ങള്‍ എന്താണെന്നറിയാന്‍ അവനു സാദ്ധ്യമല്ല. അവന്‍ എപ്പോഴും ആതങ്കത്തിന് ആതിഥ്യമരുളുന്നു. ഒരുവന്‍ കുലമഹിമയുളള ഒരു കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ല. ഒരു ജാതിഭ്രഷ്ടനായി ജനിച്ചാലും കുഴപ്പമൊന്നുമില്ല. ഒരുവന്‍ മൃഗത്തിന്‍റെ ശരീരത്തില്‍ പിറന്നാലും അവന്‍ സ്വീകാര്യനാണ്. നോക്കുക മുതലയുടെ വായില്‍ അകപ്പെട്ട ഗജേന്ദ്രന്‍ ഹൃദയവേദനയോടെ അനുകമ്പാര്‍ഹമായി എന്നെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ അവനെ മുതലയില്‍ നിന്നു രക്ഷപ്പെടുത്തി, മൃഗശരീരത്തില്‍ നിന്നു മോചിപ്പിച്ച് എന്നില്‍ ലയിപ്പിച്ചില്ലെ?