ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം

അല്ലയോ ഗുരുദേവാ, ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. ബ്രഹ്മത്തെപ്പറ്റി നിര്‍മ്മലമായ ജ്ഞാനം നല്‍കുന്നതില്‍ അങ്ങു നിപുണനാണ്. അന്യൂനമായ അറിവിന്‍റെ അരവിന്ദം അങ്ങയുടെ പ്രകാശമേറ്റ് വിരിയുന്നു. അങ്ങ് സംസാരജീവിതത്തിലെ അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്ന അംശുമാനാണ്; ശിഷ്യന്മാരെ ആദ്ധ്യാത്മിക ചിന്തയില്‍കൂടി പരമപദത്തിലേക്ക് ഉയര്‍ത്തുന്നതിനു കഴിവുളള ശക്തനായ ദേവനാണ്. സര്‍വ്വലോകസംരക്ഷകനും അഖിലാനന്ദങ്ങളുടേയും രത്നങ്ങള്‍ ഉള്‍ക്കൊളളുന്ന ഖനിയും സജ്ജനങ്ങളാകുന്ന വനികകളിലെ ചന്ദനമരവും ആരാധനാര്‍ഹമായ ദേവതയാകുന്നു. അങ്ങയെ ഞാന്‍ വണങ്ങുന്നു. ചന്ദ്രന്‍ ചകോരപക്ഷിയെന്നപോലെയാണ്, അങ്ങ് വിജ്ഞന്മാര്‍ക്ക്. അങ്ങ് ആത്മസാക്ഷാത്കാരം ലഭിച്ചവരില്‍ പാര്‍ത്ഥിവനാണ്; വേദസത്തായ സാഗരമാണ്; കമദേവന്‍റെ സംഹാരകനാണ്. അങ്ങയെ ഞാന്‍ അഭിവാദ്ധ്യം ചെയ്യുന്നു.

ശ്രേഷ്ഠനായ ഗുരോ, പരിശുദ്ധനായ ഭക്തന്മാര്‍ക്ക് പൂജ്യനായുള്ളോവേ, അങ്ങ് എല്ലാ ജീവജാലങ്ങളുടേയും സ്രോതസ്സാണ്; ജനനമരണങ്ങളാകുന്ന ഭൗതികജീവിതഗജത്തിന്‍റെ ഗണ്ഡസ്ഥലം നശിപ്പിച്ചവനാണ്. അങ്ങയുടെ കൃപയാകുന്ന ഗണനാഥന്‍റെ കനിവുണ്ടെങ്കില്‍ ഒരു ബാലനുപോലും സാഹിത്യകലയുടെ ശ്രീകോവിലില്‍ കടന്നുചെല്ലാം. തിന്മയില്‍നിന്നു മോചനം നല്‍കാനുതകുന്ന അങ്ങയുടെ ഔദാര്യപൂര്‍ണ്ണമായ വാക്കുകള്‍ ആരെയും നവരസസുധാബ്ധിയുടെ ആഴമേറിയ കയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പ്രാപ്തിയുളളവരാക്കും. അങ്ങയുടെ ആജ്ഞയനുസരിച്ച് അങ്ങയെ തൃപ്തിപ്പെടുത്തുന്ന വാഗീശ്വരി, മൂകനായ ഒരുവനെ, ബൃഹസ്പതിയെ വെല്ലത്തക്ക വിധത്തില്‍, കാവ്യാത്മകത്വമുളളവനാക്കിത്തീര്‍ക്കും കരുണാമസൃണമായ നോട്ടംകൊണ്ടോ ആനന്ദദായകമായ കൈകള്‍ ശിരസ്സില്‍ വെച്ചുളള അനുഗ്രഹംകൊണ്ടോ സാധാരണക്കാരനായ ഒരു മര്‍ത്ത്യനെ ദേവതുല്യനാക്കാന്‍ അങ്ങേയ്ക്ക് കഴിയും.

എന്‍റെ അശക്തമായ വാക്കുകള്‍കൊണ്ട് ഞാന്‍ എങ്ങനെയാണ് എന്‍റെ ഗുരുവിന്‍റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നത്? പകലോന്‍റെ ശരീരത്തില്‍ ചന്ദനച്ചാറ് പൂശാന്‍ കഴിയുമോ? കല്പകതരുവിന് ഏതുവിധത്തിലുളള പുഷ്പങ്ങള്‍ കോര്‍ത്താണ് ഹാരാര്‍പ്പണം ചെയ്യുക? പാല്‍ക്കടലിന് ആദിത്യമരുളാന്‍ ആര്‍ക്കെങ്കിലും ആവുമോ? കര്‍പ്പൂരത്തിന്‍റെ സൗരഭ്യം കൂട്ടുന്നതെങ്ങനെയാണ്? എന്തു തൈലം പുരട്ടിയാണ് ചന്ദനമരത്തിന്‍റെ പരിമളം വര്‍ദ്ധിപ്പിക്കുന്നത്? അമൃതിന് അതിനേക്കാള്‍ ആമോഘമായ എന്താഹാരമാണ് നല്കുക? ആകാശത്തേക്കാളും വലുതാകാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? എന്‍റെ ഗുരുനാഥന്‍റെ മാഹാത്മ്യം അത്രത്തോളം മഹനീയമായിരിക്കെ എങ്ങനെയാണ് ഞാന്‍ അതിന്‍റെ നിസ്സീമമായ വലിപ്പം അറിയുന്നത്? ഇതു മനസ്സിലാക്കി ഞാന്‍ അദ്ദേഹത്തെ നിശബ്ദനായി പ്രശ്രയപൂര്‍വ്വം പ്രണമിക്കുന്നു. എന്‍റെ ബുദ്ധിശക്തികൊണ്ട് എന്‍റെ ഗുരുവിന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിക്കാമെന്നു ഞാന്‍ പറയുന്നത് രത്നങ്ങളുടെ തിളക്കം വര്‍ദ്ധിപ്പിക്കാമെന്നു പറയുന്നതുപോലെയാണ്; അത് സ്വര്‍ണ്ണത്തിന്മേല്‍ വെളളിപൂശുന്നതുപോലെയാണ്. ആകയാല്‍ ഞാന്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും വിനയസമന്വിതം സാഷ്ടാംഗം നമസ്ക്കരിക്കുന്നു.

അനന്തരം ജ്ഞാനദേവന്‍ ഗുരുവിനെ നോക്കി പറഞ്ഞു: അല്ലയോ ഗുരുദേവാ, അങ്ങയുടെ കൃപാകടാക്ഷംകൊണ്ടും അതിരറ്റ വാത്സല്യംകൊണ്ടും കൃഷ്ണാര്‍ജ്ജുനസംവാദമാകുന്ന ഗംഗയമുനാ സംഗമത്തിലെ പ്രയാഗില്‍ അങ്ങ് എന്നെ ഒരു വടവൃക്ഷമാക്കിത്തീര്‍ത്തു. ഉപമന്യു പാലിനുവേണ്ടി ഉമാകാന്തനോടു യാചിച്ചപ്പോള്‍ ഒരു പാലാഴി തന്നെ അദ്ദേഹം അവന്‍റെ മുന്നില്‍ കാഴ്ചവെച്ചില്ലേ? ഇളയമ്മയുടെ ദുസ്സഹമായ പെരുമാറ്റംകൊണ്ട് വ്യഥിതനായ ധ്രുവനെ വൈകുണ്ഠനാഥന്‍ ഒരു നക്ഷത്രമാക്കിത്തീര്‍ത്ത് അനുഗ്രഹിച്ചില്ലെ? അതുപോലെ സര്‍വ്വധര്‍മ്മശാസ്ത്രങ്ങളുടെയും താവളസ്ഥാനവും ബ്രഹ്മവിദ്യയുടെ നടുനായകവുമായ ഭഗവദ്ഗീതയെ ഓവിവൃത്തത്തില്‍ വിവരിക്കുന്നതിനുളള ശക്തി നല്‍കി എന്‍റെ ഗുരുനാഥന്‍ എന്നെ അനുഗ്രഹിക്കുന്നു.

ഭാഷയുടെ ജടിലമായ കാനനത്തില്‍കൂടി ഞാന്‍ അലഞ്ഞുതിരിഞ്ഞു നടന്നിട്ടും അര്‍ത്ഥവത്തായ ഒരു വാക്കുപോലും എന്‍റെ കാതുകളില്‍ പതിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ അങ്ങയുടെ കൃപകൊണ്ട് എന്‍റെ ഭാവന വിസ്മയാവഹമായ വല്ലീകുസുമങ്ങളാകുന്ന ഭാഷണമായി വിരിഞ്ഞിരിക്കുന്നു. തന്മൂലം ദേഹബുദ്ധിക്ക് അതീതമായി പോയിട്ടില്ലാത്ത എന്‍റെ വിശേഷബുദ്ധി ദിവ്യാനന്ദത്തിന്‍റെ കലവറയായിത്തീര്‍ന്നിരിക്കുന്നു. ഗീതാസിദ്ധാന്തങ്ങളാകുന്ന ക്ഷീരസാഗരതല്പത്തില്‍ എന്‍റെ മനസ്സ് ജലശയനം ചെയ്യുന്നു. ഇത് എന്‍റെ ഗുരുനാഥന്‍റെ അപാരവും അപ്രമേയവുമായ കാരുണ്യപ്രവൃത്തിയാണ്. അദ്ദേഹത്തിന്‍റെ അമേയമായ ശക്തിയെ എതു വാക്കുകള്‍ ഉപയോഗിച്ചാണ് ഞാന്‍ വര്‍ണ്ണിക്കേണ്ടത്? അപര്യാപ്തമായ വാക്കുകള്‍കൊണ്ട് അദ്ദേഹത്തിന്‍റെ പ്രശസ്തിയെ പാടിപ്പുഴ്ത്തുന്നതില്‍ അദ്ദേഹം എന്നോടു ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

അങ്ങയുടെ കൃപകൊണ്ട് ഭഗവദ്ഗീതയുടെ ആദ്യഭാഗം ഹ്രസ്വവും മധുരവുമായ ഓവിവൃത്തത്തില്‍ അത്യാനന്ദത്തോടെ ഞാന്‍ വിശദീകരിച്ചു. ബന്ധുജനങ്ങളുമായി യുദ്ധം നടത്തേണ്ടിവരുന്നതിലുളള അര്‍ജ്ജുനവിഷാദത്തെ വിവരിക്കുന്നതാണ് ഒന്നാമദ്ധ്യായം. രണ്ടാമധ്യായ്ത്തില്‍ കര്‍മ്മയോഗത്തെപ്പറ്റിയും കര്‍മ്മയോഗവും ജ്ഞാനയോഗവും തമ്മിലുളള വ്യത്യാസത്തെപ്പറ്റിയും വര്‍ണ്ണിക്കുന്നു. മൂന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം കര്‍മ്മയോഗം മാത്രമാണ്. കര്‍മ്മവും ജ്ഞാനവും തമ്മിലുളള ബന്ധമാണ് നാലാമദ്ധ്യായത്തില്‍ വിവരിച്ചിട്ടുളളത്. അഞ്ചാമധ്യായത്തില്‍ അഷ്ടാംഗയോഗത്തിന്‍റെ യഥാര്‍ത്ഥ വിവക്ഷ വിവരിച്ചിട്ട്, അതിന്‍റെ തുടര്‍ച്ചയായി ആറാമധ്യായത്തില്‍ യോഗാനുഷ്ഠാനത്തിന് ശാരീരികമായി ചെയ്യേണ്ടുന്ന ആസന വിധികളും അതിന്‍റെ പരിണിതഫലമായി പരമാത്മാവുമായി സാത്മ്യം പ്രാപിക്കുന്ന സ്ഥിതിയും യോഗഭ്രഷ്ടര്‍ക്ക് ഏര്‍പ്പെടുന്ന അവസ്ഥകളും പ്രതിപാദിച്ചിരിക്കുന്നു. ഏഴാമധ്യായത്തിന്‍റെ തുടക്കത്തില്‍ ഒരുവന്‍ എങ്ങനെയാണ് പ്രകൃതിയുടെ പ്രലോഭനങ്ങളിന്‍ നിന്ന് ഒഴിഞ്ഞുമാറേണ്ടതെന്നു വിവരിച്ചിട്ട്, ഈശ്വരസേവകന്മാരായ നാലുവിധത്തിലുളള ഭക്തനാമാരെപ്പറ്റി പറയുന്നു. എട്ടാമധ്യായത്തില്‍ അര്‍ജ്ജുനന്‍റെ ഏഴുചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞശേഷം മര്‍ത്ത്യന്‍റെ മരണസമയത്തുളള എല്ലാ അവസ്ഥകളെപ്പറ്റിയും വര്‍ണ്ണിക്കുന്നു.

നൂറായിരം ശ്ലോകങ്ങള്‍ അടങ്ങിയിട്ടുളള മഹാഭാരത്തില്‍ സര്‍വ്വവേദവിജ്ഞാനങ്ങളും ഉള്‍ക്കൊളളുന്നു. മഹാഭാരതത്തില്‍ അടങ്ങിരിക്കുന്ന എല്ലാ പ്രബോധനങ്ങളും എഴുന്നൂറു ശ്ലോകങ്ങളുളള ഗീതയിലെ കൃഷ്ണാര്‍ജ്ജുന സംവാദത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. പ്രസ്തുത സംവാദത്തിന്‍റെ കാതലായ ആശയങ്ങള്‍ ഗീതയിലെ ഒമ്പതാം അധ്യായത്തില്‍ മാത്രമായി കാണാന്‍ കഴിയും. തന്മൂലം ഒമ്പതാമധ്യായത്തിലെ അര്‍ത്ഥബന്ധം ശരിയായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നുളള സംശയം എനിക്കുണ്ട്. ഞാനെന്തിനാണ് വെറുതെ പൊങ്ങച്ചം പറയുന്നത്. ശര്‍ക്കരയും പഞ്ചസാരയും ഒരേ കരിമ്പിന്‍നീരില്‍ നിന്നുണ്ടാക്കിയിട്ടുളളതാണെങ്കിലും രണ്ടിന്‍റേയും രുചിയും ആസ്വാദ്യതയും രണ്ടു വ്യത്യസ്തരീതിയിലാണ്. അതുപോലെ ഗീതയിലെ ചില അധ്യായങ്ങള്‍ ബ്രഹ്മജ്ഞാനത്തെപ്പറ്റി വ്യക്തമായി വിശദീകരിക്കുന്നു. ചിലത് ബ്രഹ്മഗേഹത്തിലേക്കുളള വീഥി കാട്ടിത്തരുന്നു. മറ്റു ചിലത് ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജ്ഞാനത്തോടൊപ്പം സ്വയം അലിഞ്ഞ് ബ്രഹ്മസ്വരൂപവുമായി ഐക്യം പ്രാപിക്കുന്നതായി വിവരിക്കുന്നു. എന്നാല്‍ ഒമ്പതാം അധ്യായം എല്ലാ വിശദീകരണങ്ങളേയും അതിലംഘിക്കുന്നു. ശാശ്വതസത്യത്തെപ്പറ്റിയുളള ഭഗവാന്‍ കൃഷ്ണന്‍റെ വാക്കുകള്‍ അതില്‍ തെറുത്തുകെട്ടി വെച്ചിരിക്കുന്നു. ഈ അധ്യായത്തിന്‍റെ ആന്തരികമായ അര്‍ത്ഥത്തിന്മേല്‍ അര്‍ജ്ജുനനുപോലും കരുതലോടെയല്ലാതെ കൈവെയ്ക്കാന്‍ കഴിഞ്ഞിട്ടില്ലാ. ഇപ്രകാരമുളള ഒന്‍പതാമധ്യായത്തിലെ പരമസത്യങ്ങള്‍ വെളിവാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്‍റെ ഗുരുവിന്‍റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.

വസിഷ്ഠമഹര്‍ഷിയുടെ മേലങ്കി സൂര്യനെപ്പോലെ വെളിച്ചം വീശിയില്ലെ? വിശ്വാമിത്രന്‍ ത്രിശങ്കു സ്വര്‍ഗ്ഗം സൃഷ്ടിച്ചില്ലെ? ശ്രീരാമന്‍ പാറക്കല്ലുകൊണ്ടു പാലം പണിത് തന്‍റെ പടയെ പാരാവാരത്തിനക്കരെ എത്തിച്ചില്ലെ? പെറ്റുവീണയുടന്‍ തന്നെ ഹനുമാന്‍ പഴമാണെന്നു തെറ്റിദ്ധരിച്ച് പകലോനെ കൈക്കുളളിലാക്കാന്‍ മേലോട്ടു കുതിച്ചില്ലെ? അഗസ്ത്യമഹര്‍ഷി ആഴിയെ കുടിച്ചുവറ്റിച്ചില്ലെ? അതേരീതിയില്‍ നിങ്ങളുടെ സഹായംകൊണ്ട്, അജ്ഞനായ ഞാന്‍ അജ്ഞേയമായ ബ്രഹ്മത്തെക്കുറിച്ചുളള ആദ്ധ്യാത്മിക സംവാദത്തെ സംബന്ധിച്ചു സംസാരിക്കുന്നതിനു ശ്രമിച്ചു. രാമരാവണ യുദ്ധത്തിനു സമമായി രാമരാവണയുദ്ധമല്ലാതെ മറ്റൊന്നില്ല. അപ്രകാരം ഒന്‍പതാം അധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ക്ക് തുല്യമായി അതു മാത്രമേയുളളു. ഗീതാസാരം മനസ്സിലാക്കിയുട്ടുളള എല്ലാ സത്യദര്‍ശികള്‍ക്കും ഇതു ബോധ്യമായിട്ടുളളതാണ്.

ഞാന്‍ ആദ്യഭാഗത്തെ ഒന്‍പത് അധ്യായങ്ങളും എന്‍റെ കഴിവനുസരിച്ച് വിശദീകരിച്ചു. ഇനിയും അടുത്ത ഭാഗം ആരംഭിക്കാം. തുടക്കത്തില്‍തന്നെ ഭഗവാന്‍ തന്‍റെ പ്രധാനവും അപ്രധാനവുമായ പ്രകടിതരൂപങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. അതു മുഴുവന്‍ മനോഹരവും ആസ്വാദ്യകരവുമാണ്. വിശ്വനാഥനും യദുകുലതിലകവും വിജ്ഞാനസമ്പന്നരായ ആത്മാക്കള്‍ക്ക് അത്ഭുതകരമായ ആനന്ദം നല്‍കുന്നവനുമായ ഭഗവാന്‍ അര്‍ജ്ജുനനോടു ചോദിച്ചു:

അല്ലയോ പാര്‍ത്ഥ, ഞാന്‍ പറയുന്നതു നീ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ?
തുടര്‍ന്ന് ഭഗവാന്‍ അരുളിച്ചെയ്ത കാര്യങ്ങള്‍ നിവൃത്തിനാഥന്‍റെ ശിക്ഷ്യനായ ജ്ഞാനദേവന്‍ നിങ്ങളോടു വിവരിക്കുന്നതായിരിക്കും. ശ്രദ്ധിച്ചു കേള്‍ക്കുക.