ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 5

ശ്രീഭഗവാനുവാച:
പശ്യമേ പാര്‍ത്ഥ രൂപാണി
ശതശോƒഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി
നാനാവര്‍ണാകൃതീനി ച

അര്‍ജ്ജുനാ, അനേകതരം ഗുണഭാവങ്ങളോടുകൂടിയവയും നാനാവര്‍ണ്ണങ്ങളോടും ആകൃതികളോടും കൂടിയവയും ആയ എന്‍റെ നൂറുകണക്കിലും ആയിരക്കണക്കിലുമുളള ദിവ്യരൂപങ്ങള്‍ കണ്ടുകൊളളുക.

ശ്രീഭഗവാന്‍ അരുളി:അര്‍ജജുനാ, നീ എന്‍റെ ഒരു രൂപം മാത്രം കാണിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍ അര്‍ത്ഥമില്ല. ജഗത്തു മുഴുവന്‍ ഉള്‍ക്കൊളളുന്ന എന്‍റെ വിശ്വരൂപം കാണിച്ചുതരാം. എന്‍റെ ദിവ്യമായ രൂപങ്ങള്‍ കാണുക. ചിലത് കൃശമാണ്. ചിലത് സ്ഥൂലമാണ്. ചിലത് വാമനം, ചിലത് തുംഗം. ചിലതു മേദുരം. ചിലതു ബലഹീനം. ചിലതു നിസ്സീമം. ചിലതു സാഹസികം. ചിലതു സരളം. ചിലതു സക്രിയം. ചിലതു നിഷ്ക്രിയം. ചിലത് ഉദാസീനം. ചിലതു കുശാഗ്രബുദ്ധിയുളളത്. ചിലത് അശുദ്ധം. ചിലതു ശ്രദ്ധയോടു കൂടിയത്. ചിലതു മനോഹരം. ചിലതു ഗൗരവം. ചിലത് ഉദാരം. ചിലതു കൃപണം. ചിലതു കോപിഷ്ഠം. ചിലതു ശാന്തം. ചിലതു മദോന്മത്തം. ചിലതു സ്തബ്ധം. ചിലതു കുതൂഹലം. ചിലതു ഗര്‍ജ്ജിക്കുന്നത്. ചിലതു നിശ്ശബ്ദം. ചിലതു ദുരാഗ്രഹം നിറഞ്ഞത്. ചിലതു നിസ്സംഗം. ചിലതു നിദ്രാവസ്ഥയിലുളളത്. ചിലത് ഉന്നിദ്രാവസ്ഥയിലുളളത്. ചിലതു സന്തുഷ്ടം. ചിലത് അസന്തുഷ്ടം. ചിലതു പീഡിതം. ചിലതു പ്രസന്നം. ചിലതു അഹിംസാത്മകം. ചിലതു ഹിംസാത്മകം. ചിലതു ബീഭത്സം. ചിലത് അത്ഭുതം നിറഞ്ഞത്. ചിലതു സമാധിസ്ഥം. ചിലതു പരിപാലനം ചെയ്യുന്നത്. ചിലതു സംഹരിക്കുന്നത്. ചിലതു വെറും തടസ്ഥന്‍. ഇപ്രകാരം വിവിധരീതിയിലുളള അസംഖ്യം രൂപങ്ങളാണ് എനിക്കുളളത്.

ഇവയില്‍ ചിലതു ദിവ്യതേജപ്രകാശത്തോടുകൂടിയതാണ്. ചിലതിനു വിവിധ വര്‍ണ്ണങ്ങളുണ്ട്. ചിലത് ഉരുകിയ സ്വര്‍ണ്ണംപോലെ ചുവന്നിരിക്കും. ചിലതിനു പിംഗലവര്‍ണ്ണമാണ്. ചിലതിന് അസ്തമനസമയത്തെ ആകാശത്തിന്‍റെ നിറമാണ്. ചിലതിന് ഉദയസൂര്യന്‍റെ നിറമാണ്. ചിലതിന് വൈരക്കല്ലിന്‍റെ തിളക്കമാണുളളതെങ്കില്‍ മറ്റു ചിലതിന് ഇന്ദ്രനീലക്കല്ലിന്‍റെ ശോഭയാണുളളത്. ചിലതു കണ്‍മഷിപോലെ കറുത്തതാണെങ്കില്‍ മറ്റു ചിലതു രക്തംപോലെ ചുവന്നതാണ്. ചിലതു തങ്കത്തിന്‍റേതു പോലെയുളള മഞ്ഞനിറമാണെങ്കില്‍ മറ്റു ചിലതിനു താമ്രത്തിന്‍റേതു പോലെയുളള ചുവപ്പു നിറമാണ്.

എന്‍റെ രൂപങ്ങള്‍ ബഹുവര്‍ണ്ണാങ്കിതങ്ങളാണെന്നതുപോലെ എന്‍റെ ആകാരവും വിവിധ രീതികളിലാണ്. എന്‍റെ ആകൃതിയുടെ മനോഹാരിത മാരനെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ്. ശൃംഗാരലക്ഷ്മിയുടെ ഭണ്ധാരപ്പുരയിലെന്നതുപോലെ വടിവൊത്ത സുന്ദരരൂപങ്ങളും ആകര്‍ഷണീയമായ ഗാത്രങ്ങളും ഇവിടെയുണ്ട്. ചിലതു പുഷ്ടമാണ്. ചിലതു മെലിഞ്ഞതാണ്. ചിലതു നീളംകൂടിയ കഴുത്തോടുകൂടിയതും ചിലതു വിസ്താരമേറിയ നേത്രങ്ങളോടു കൂടിയതും ചിലതു ബ്രഹ്മാണ്ധസദൃശ്യവുമാണ്. ഇപ്രകാരം വിവിധാകൃതി പൂണ്ട എന്‍റെ രൂപങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല. അവയുടെ ഓരോ അവയവത്തിലും പ്രപഞ്ചത്തെ മുഴുവന്‍ ദര്‍ശിക്കാവുന്നതാണ്.