ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 9

സഞ്ജയ ഉവാച:
ഏവമുക്ത്വാ തതോ രാജന്‍
മഹായോഗേശ്വരോ ഹരിഃ
ദര്‍ശയാമാസ പാര്‍ത്ഥായ
പരമം രൂപമൈശ്വരം

ഹേ രാജാവേ, മഹായോഗേശ്വരനായ കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞിട്ട് പരമമായ ഈശ്വരസ്വരൂപം അര്‍ജ്ജുനന് കാട്ടിക്കൊടുത്തു.

സഞ്ജയന്‍ പറഞ്ഞു: കുരു വംശത്തിന്‍റെ ചക്രവര്‍ത്തിയായ മഹാരാജാവേ, ഇതു സദാ എന്നെ അമ്പരപ്പിക്കുന്നു. മഹാലക്ഷ്മിയെപ്പോലെ ഭാഗ്യലക്ഷമിയായി ജഗത്രയങ്ങളില്‍ മറ്റാരെങ്കിലുമുണ്ടോ? ഈ ലോകത്തില്‍ വേദങ്ങളെപ്പോലെ ആത്മാവിന്‍റെ ആന്തരിക സത്യത്തെപ്പറ്റി പാടാന്‍ കഴിയുന്ന എന്തെങ്കിലും ശ്രുതിയുണ്ടോ? ശേഷനേക്കാള്‍ കൂടുതല്‍ ശാരീരികമായി ഈശ്വരസേവ നടത്തുന്ന മറ്റാരെങ്കിലുമുണ്ടോ? ഒരു യഥാര്‍ത്ഥയോഗിയപ്പോലെ അഹോരാത്രം ഭഗവാനുവേണ്ടി പ്രയത്നിക്കുന്ന ഒരു ഭക്തന്‍ ഗരുഡനല്ലാതെ വേറെയാരങ്കിലുമുണ്ടോ? എന്നാല്‍ ഇവരെയെല്ലാം അവഗണിച്ചുകൊണ്ട് ഭഗവാന്‍ തന്‍റെ അഗാധമായ അന്‍പ് പാണ്ഡവരില്‍ ചൊരിയുന്നു. അവരില്‍ത്തന്നെ അര്‍ജ്ജുനനോട്, ഒരു കാമുകന് തന്‍റെ ഇഷ്ടകാമുകിയോടുള്ളതുപോലെയുള്ള പ്രേമവായ്പും വിധേയത്വവുമാണ്, ഭഗവാനുള്ളത്. ഇപ്രകാരമുള്ള ഭാഗ്യം അര്‍ജ്ജുനന് സിദ്ധിച്ചത് എങ്ങനെയാണെന്ന് ആര്‍ക്കാണറിയാവുന്നത്? ഇതാ പരബ്രഹ്മത്തിന്‍റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍, ഭാഗ്യദേവതയുടെ അനുഗ്രഹംകൊണ്ടനുഗ്രഹീതനായ അര്‍ജ്ജുനന്, തന്‍റെ വിശ്വരൂപദര്‍ശനത്തില്‍കൂടി നയനങ്ങള്‍ക്കും മൃഷ്ടഭോജനം നല്‍കി മുക്തഹസ്തമായി താലോലിക്കുകയും തുഷ്ടി വരുത്തുകയും ചെയ്തിരിക്കുന്നു. എത്രത്തോളം അനുജ്ഞയോടെയാണ് ഭഗവാന്‍ അര്‍ജ്ജുനന്‍റെ വാക്കുകള്‍ ശ്രവിക്കുന്നത്? അര്‍ജ്ജുനന്‍ കോപിക്കുമ്പോള്‍ ഭഗവാന്‍ സൗമ്യനാകും. അര്‍ജ്ജുനന്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ ഭഗവാന്‍ അവനെ സാന്ത്വനപ്പെടുത്തി പാട്ടിലാക്കും. ഭഗവാന്‍ അര്‍ജ്ജുനനില്‍ മോഹിതനായ മാതിരി പെരുമാറുന്നു. ജനിച്ചപ്പോള്‍ത്തന്നെ കമിതങ്ങളെ അടക്കാന്‍ കഴിവുള്ള ശുകമഹര്‍ഷി തുടങ്ങിയ ഋഷിശ്രേഷ്ഠന്‍മാര്‍ പോലും, ഗോകുലത്തിലെ ഗോപിമാരുമൊത്ത് ഭഗവാന്‍ നടത്തിയ ശൃഗാരലീലകളെപ്പറ്റി സാഡംബരകാവ്യങ്ങള്‍ നിര്‍മ്മിച്ച് പാടി സ്തുതിച്ചിട്ടുണ്ട്. ധ്യാനനിരതരായ യോഗിമാരുടെ സമാധിധനമാണ് ഭഗവാന്‍. ഇപ്രകാരമുള്ള ശ്രീകൃഷ്ണന്‍ അര്‍ജ്ജുന്ന് വംശംവദനനായതുകാണുമ്പോള്‍ എങ്ങനെയാണ് അത്ഭുതപ്പെടാതിരിക്കുക?

നിമിഷനേരം ആലോചിച്ചിട്ട് സഞ്ജയന്‍ തുടര്‍ന്നു: അല്ലെങ്കില്‍ ഇതില്‍ ആശ്ചര്യപ്പെടാന്‍ എന്താണുള്ളത്. അച്യുതന്‍ അഗീകരിക്കുന്ന ഒരുവനെ ഭാഗ്യദേവത പുഞ്ചിരിയോടെ സ്വീകരിക്കുന്നു. ദേവാധിദേവനായ ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു:

അര്‍ജ്ജുനാ, എന്‍റെ വിശ്വരൂപം സമ്പൂര്‍ണ്ണമായി ദര്‍ശിക്കുന്നതിനുവേണ്ടി നിനക്ക് ഞാന്‍ ദിവ്യ ചക്ഷുക്കള്‍ പ്രദാനം ചെയ്യാം.

ഭഗവാന്‍ ഇത്രയും പറഞ്ഞതോടുകൂടി അര്‍ജ്ജുനന്‍റെ അജ്ഞതയുടെ അന്ധകാരം അപ്രത്യക്ഷമായി. ഭഗവാന്‍ പറഞ്ഞത് കേവലം വാക്കുകളായിരുന്നില്ല. അവ യഥാര്‍ത്ഥത്തില്‍ വിശ്വരൂപത്തിന്‍റെ മാഹാത്മ്യത്തെ ജ്വലിപ്പിക്കുന്ന ബ്രഹ്മസാമ്രാജ്യദീപികയായിരുന്നു.

ദിവ്യ ചഷുസ്സ് പ്രദാനം ചെയ്ത ആ നിമിഷത്തില്‍ അര്‍ജ്ജുനന്‍റെ ജ്ഞാനദൃഷ്ടി എല്ലാം ഭാഗത്തേയ്ക്കുമായി വിടര്‍ന്നു. ഭഗവാന്‍ തന്‍റെ വിശ്വരൂപത്തിന്‍റെ വൈഭവം അര്‍ജ്ജുനന് പ്രകടിപ്പിച്ചുകൊടുത്തു. വിശ്വം മുഴുവന്‍ അനന്തമായ ആഴിയായും അതിലെ കല്ലോലങ്ങള്‍ ഭഗവാന്‍റെ അവതാരങ്ങളായും അര്‍ജ്ജുനന്‍ ദര്‍ശിച്ചു. പ്രപഞ്ചംതന്നെ ഭഗവാന്‍റെ പ്രഭാപൂരത്തില്‍നിന്നുണ്ടായ ഒരു മരീചികപോലെ കാണപ്പെട്ടു. ഒരു ചണത്തുണിയില്‍ ആലേഖനം ചെയ്യപ്പെട്ട ചിത്രമെന്നതുപോലെ എല്ലാ സൃഷ്ടിജാലങ്ങളും അതിന്‍റെ ശാശ്വതമായ പശ്ചാത്തലത്തില്‍ അവിടെ ഗോചരീഭവിച്ചിരുന്നു. ഭഗവാന്‍ കളിക്കുട്ടി ആയിരിക്കുമ്പോള്‍ മണ്ണുതിന്നു. ഇതുകണ്ട് കോപിഷ്ഠയായ വളര്‍ത്തമ്മ യശോദ കണ്ണനെ ശിക്ഷിക്കാനായി ഒരുമ്പെട്ടു. അപ്പോള്‍ മണ്ണുതിന്നില്ലെന്നുപറഞ്ഞ് സംഭ്രമത്തോടെ ഉണ്ണിക്കണ്ണന്‍ വായ് പിളര്‍ന്നുകാണിച്ചു. അഹോ, എന്തോരു കാഴ്ചയാണ് യശോദ കണ്ടത്? ഉണ്ണിയുടെ വായില്‍ ഇരേഴുപതിന്നാലുലോകങ്ങളും . അതുപോലെ മധുവനത്തില്‍വച്ച് ഭഗവാന്‍ ധ്രുവന്‍റെ കപോലം തന്‍റെ ശംഖുകൊണ്ടു തലോടിയപ്പോള്‍ പരമജ്ഞാനിയായിത്തീര്‍ന്ന ധ്രുവന്‍ വേദങ്ങള്‍ക്കുപോലും ഗ്രഹിക്കാന്‍ കഴിയാത്തവണ്ണം ആദ്ധ്യാത്മിക സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഭഗവാനെ സ്തുതിച്ചത്. ഇപ്പോള്‍ ശ്രീഹരിയുടെ കടാക്ഷമുണ്ടായപ്പോള്‍ അര്‍ജ്ജുനന്‍ മായയുടെ വലയത്തില്‍നിന്നും മോചിതനായിരിക്കുന്നു. ഭഗവാന്‍റെ ദിവ്യദൃഷ്ടിപ്രഭാവത്തിന്‍റെ ഐശ്വര്യത്തില്‍ എവിടെയും അത്ഭുതങ്ങള്‍ ദര്‍ശിച്ച അര്‍ജ്ജുനന്‍റെ മനസ്സ് വിസ്മയസാഗരത്തില്‍ ആമഗ്നമായി. സത്യലോകത്തിന്‍റെ അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്ന പ്രളയജലത്തില്‍ ഏകനായി നീന്തിത്തുടിച്ച മാര്‍ക്കണ്ഠേയ മഹര്‍ഷിയെപ്പോലെ, അര്‍ജ്ജുനന്‍ വിശ്വരൂപത്തിന്‍റെ ദിവ്യ വിളയാട്ടത്തില്‍പ്പെട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അവന്‍ പറഞ്ഞു: എന്തു വിസ്തൃതമായ ആകാശമാണ് ഇവിടെയുണ്ടായിരുന്നത്. അത് ആര് എവിടേയ്ക്കാണ് അപഹരിച്ചുകൊണ്ടുപോയത്? ചരവും അചരവുമായലോകം എവിടെപ്പോയി? നാലുദിശകളും കാണ്മാനില്ലാതെയായിരിക്കുന്നു. മുകളിലും താഴെയുമുള്ള പ്രദേശങ്ങള്‍ എവിടെയെന്നറിയുന്നില്ല. സ്വപ്നത്തില്‍നിന്നുണരുമ്പോള്‍ സ്വപ്നലോകം അപ്രത്യക്ഷമാകുന്നതുപോലെ ദൃശ്യപ്രപഞ്ചം തിരോഭവിച്ചിരിക്കുന്നു. സൂര്യപ്രകാശത്തില്‍ താരങ്ങളും താരാനാഥനും തിരോധാനം ചെയ്യുന്നതുപോലെ, സൃഷ്ടിപ്രപഞ്ചം മുഴുവനും വിശ്വരൂപംകൊണ്ട് ആച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു.

അര്‍ജ്ജുനന്‍റെ മനസ്സ് പ്രവര്‍ത്തനരഹിതമായി. ബുദ്ധി നിശ്ചലമായി. പഞ്ചേന്ദ്രിയങ്ങള്‍ അന്തര്‍മുഖമായി ഹൃദയത്തില്‍ ഒതുങ്ങിക്കൂടി. ശാന്തിയും ഏകാഗ്രതയും അതിന്‍റെ പാരമ്യത്തിലെത്തി. ചിന്തകളെല്ലാം വശ്യമായ ഒരു മോഹനാസ്ത്രം കൊണ്ടെന്നപോലെ ആകര്‍ഷിച്ചകറ്റികളഞ്ഞിരിക്കുന്നു. അവന്‍ അത്ഭുതമിഴികളോടെ നാലുപാടും നോക്കി. ചതുര്‍ഭുജനായ ശ്രീകൃഷ്ണന്‍റെ രൂപം ദശസഹസ്രക്കണക്കിന് തന്‍റെ ചുറ്റും നില്‍ക്കുന്നതായി കണ്ടു. വര്‍ഷകാലത്ത് വാനം കാര്‍മുകില്‍കൊണ്ടു നിറയുന്നതുപോലെ, അഥവാ, പ്രളയകാലത്ത് സൂര്യന്‍റെ പ്രഭ ജാജ്വല്യമാനമായി വളര്‍ന്ന് ഭൂമിയെ ആവരണംചെയ്യുന്നതുപോലെ, വിശ്വമൊട്ടാകെ ഭഗവാന്‍റെ വിശ്വരൂപമല്ലാതെ മറ്റൊന്നും കാണ്മാനുണ്ടായിരുന്നില്ല. ഈ സത്യപ്രകാശനത്തില്‍നിന്നു ലഭിച്ച ആത്മജ്ഞാനം അര്‍ജ്ജുനനെ അതീവ സന്തുഷ്ടനാക്കി. അവന്‍ കണ്ണുതുറന്നുനോക്കിയപ്പോള്‍ ഭഗവാന്‍റെ ഐശ്വരരൂപം അവന്‍റെ മുന്നില്‍കണ്ടു. ഭഗവാന്‍റെ വിശ്വരൂപം കാണണമെന്നുള്ള അദമ്യമായ അഭിലാഷം കൃഷ്ണന്‍ അര്‍ജ്ജുന്ന് നിറവേറ്റിക്കൊടുത്തു.