MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാന്വേഷണം

ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം
‘വന്നു നില്‍ക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍
തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു
മര്‍ക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവര്‍
നാനാസരിദ്ദ്വീപശൈലനിവാസികള്‍
പര്‍വ്വതതുല്യശരീരികളേവരു-
മുര്‍വ്വീപതേ!കാമരൂപികളെത്രയും
ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ
ദുര്‍വ്വീര്യമെല്ലാമടക്കുവാന്‍ പോന്നവര്‍
ദേവാശസംഭന്മാരിവരാകയാല്‍
ദേവാരികളെയൊടുക്കുമിവരിനി
കേചില്‍ ഗജബലന്മാരതിലുണ്ടുതാന്‍
കേചില്‍ ദശഗജശക്തിയുള്ളോരുണ്ട്‌
കേചിദമിതപരാക്രമമുള്ളവര്‍
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോപലരൂപികള്‍
കേചില്‍കനകസമാനശരീരികള്‍
കേചന രക്താന്തനേത്രം ധരിച്ചവര്‍
കേചന ദീര്‍ഘവാലന്മാരഥാപരേ
ശുദ്ധസ്ഫടികസങ്കാശശരീരികള്‍
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാര്‍ക്കും
നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദലപക്വശനന്മാരായ്‌
ശീലഗുണമുള്ള വാനരന്മാരിവര്‍
താവകജ്ഞാകാരികളെന്നു നിര്‍ണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജ‍ാംബവാന്‍
പുഷ്കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരന്‍ മഹാസത്വപരാക്രമന്‍
ഗന്ധവാഹാത്മജനീശാശംസംഭവന്‍
നീലന്‍ ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ ദീര്‍ഘ-
വാലധിപൂണ്ടവന്‍ മൈന്ദന്‍ വിവിദനും
കേസരിമാരുതി താതന്‍ മഹാബലി
വീരന്‍ പ്രമാഥി ശരഭന്‍ സുഷേണനും
ശൂരന്‍ സുമുഖന്‍ ദധിമുഖന്‍ ദുര്‍മ്മുഖന്‍
ശ്വേതന്‍ വലീമുഖനും ഗന്ധമാദനന്‍
താരന്‍ വൃഷഭന്‍ നളന്‍ വിനതന്‍ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാര്‍
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
വേണുന്നതെന്തെന്നിവരോടരുള്‍ചെയ്ക
വേണമെന്നാലിവര്‍ സാധിക്കുമൊക്കവെ’
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവന്‍
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂര്‍ണ്ണാശ്രുനേത്ര‍ാംബുജത്തോടു-
മന്തര്‍ഗ്ഗതമരുള്‍ചെയ്തിതു സാദരം
‘മല്‍ക്കാര്യഗൌരവം നിങ്കലു നിര്‍ണ്ണയ-
മുള്‍ക്കാമ്പിലോര്‍ത്തു കര്‍ത്തവ്യം കുരുഷ്വനീ
ജാനകീമാര്‍ഗ്ഗണാര്‍ത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!’
ശ്രീരാമവാക്യമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
‘നൂറായിരം കപിവീരന്മാര്‍ പോകണ-
മോരോ ദിശി പടനായന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാര്‍ പലരും പോയ്ത്തിരയണം
അംഗദന്‍ ജ‍ാംബവാന്‍ മൈന്ദന്‍ വിവിദനും
തുംഗന്‍ നളനും ശരഭന്‍ സുഷേണനും
വാതാത്മജന്‍ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടന്‍ കണ്ടു വന്നീടണം
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാള്‍ കഴിഞ്ഞിങ്ങു വരുന്നവന്‍
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരന്‍ തന്നാണെ നിര്‍ണ്ണയം’
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാന്‍
രാഘവന്‍ തന്നെത്തോഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാ‍ന്‍
ഇത്ഥം കപികള്‍ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴൂതിതു വായുതനയനും
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു
‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയില്‍ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളില്‍ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ-
യെന്നിയേ മരാരുമില്ലെന്നു നിര്‍ണ്ണയം’
പിന്നെയടയാളവാകുമരുള്‍ചെയ്തു
മന്നവന്‍ പോയാലുമെന്നയച്ചീടിനാന്‍
ലക്ഷ്മീഭഗവതിയാകിയ സീതയ‍ാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണന്‍ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മര്‍ക്കടസേനാപതികളുമായ്‌ ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങള്‍
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോള്‍
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോര്‍ത്തു കപിവരന്മാരെല്ല‍ാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാന്‍
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവര്‍