എല്ലാ അനുഭവങ്ങളേയും സ്വീകരിക്കുക (74)

ജ്ഞാന കര്‍മ്മേന്ദ്രിയങ്ങളും മനസ്സും നിയമനം ചെയ്ത്, സര്‍വത്ര സമഭാവനയുള്ളതായി, സര്‍വ്വജീവികളുടെയും നന്മയില്‍ തല്പരരായി, ഇന്നപ്രകാരത്തിലെന്നു നിര്‍ദ്ദേശിക്കാന്‍ പറ്റാത്ത, ചിന്തിക്കാന്‍ പറ്റാത്ത, സര്‍വ്വവ്യാപിയും ഇളക്കമില്ലാത്തതും (എല്ലായിടത്തുമുള്ളതിന് ചലനമുണ്ടാകില്ല, ഇല്ലാത്തിടത്തേക്ക് നീങ്ങലാണല്ലോ ചലനം) അവ്യക്തവും നാശരഹിതവും മറ്റുള്ളവയെ മാറ്റാന്‍ സഹായിച്ച് സ്വയം മാറാതെ നില്‍ക്കുന്നതുമായ ബ്രഹ്മത്തെ അറിഞ്ഞ് ആ അറിവില്‍ വിരാജിക്കുന്നതാണ് നിര്‍ഗുണോപാസന. ഞാന്‍ ശരീരമെന്ന ഭാവമുള്ളവന് അത് ക്ലേശകരമാണ്.

സര്‍വകര്‍മ്മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് (എവിടെയൊക്കെയാണോ കരചരണങ്ങള്‍ അവിടത്തന്നെ മനോബുദ്ധികളുമായിരിക്കുക) മറ്റൊന്നിനെ വിഷയമാക്കാതെ (ചെയ്താല്‍ എന്തു കിട്ടും എന്നു കരുതാതെ) അങ്ങേയറ്റം ശ്രദ്ധയോടെ ഭഗവദ്സാമീപ്യത്തില്‍ ഉപാസിക്കുന്നവര്‍ മൃത്യുസംസാരസാഗരത്തില്‍ നിന്ന് കരകയറുന്നു. ഭഗവാനെ ഉപാസിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഗീത ഉപദേശിക്കുന്നു.

ഭഗവാനില്‍ തന്നെ മനസ്സും ബുദ്ധിയും ഉറപ്പിക്കലാണ് ഒരുമാര്‍ഗം. വിശ്വത്തിലോരോന്നിനേയും രണ്ടുരീതിയില്‍ നോക്ക‍ാം. ഞാന്‍ ഉള്‍പ്പെട്ടതും ഞാനില്ലാതെയും. ഞാനോടുകൂടിയാണെങ്കില്‍ കാഴ്ച അപൂര്‍ണമാണ്. ഞാനും പ്രകൃതിയും വേറിട്ടുനില്‍ക്കും. അതാണ് ദ്വൈതഭാവം. ഞാനില്ലാതാകുമ്പോള്‍ ലോകം മാത്രമേയുള്ളു. ആ പൂര്‍ണമായ സമര്‍പ്പണത്തില്‍ എല്ല‍ാം പരിശുദ്ധമാകുന്നു. ധ്യാനമാണ് ഇത്.

മനസ്സിനെ ഉറപ്പിക്കാന്‍ സാധ്യമായില്ലെങ്കില്‍ പിന്മാറരുതെന്നും നിരന്തരമായ അഭ്യാസംകൊണ്ട് ഇത് സാധിക്കാമെന്നും ഗീത പറയുന്നു. അതും കഴിയില്ലെങ്കില്‍ എല്ലാ കര്‍മ്മങ്ങളും ഭഗവാനു വേണ്ടി ചെയ്യുക. താനെന്ന സൃഷ്ടിയുടെ പൂര്‍ണതയ്ക്കായി കര്‍മ്മം ചെയ്യുക. ഇതിനും അശക്തനാണെങ്കില്‍ മനഃസംയമനത്തോടെ സര്‍വകര്‍മ്മങ്ങളുടേയും ഫലത്തെ ത്യജിക്കുക. അപ്പോള്‍ പ്രവര്‍ത്തിക്കുന്നവന്‍ ഇല്ല, സാക്ഷി മാത്രം. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കലാണിത്. നമ്മുടെ മനസ്സ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അയാഥാര്‍ത്ഥ്യത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഒന്നും യഥാര്‍ത്ഥത്തില്‍ നമ്മുടേതല്ലെന്ന അറിവില്‍ എല്ലാ അനുഭവങ്ങളേയും (അനുകൂലമോ പ്രതികൂലമോ ആവട്ടെ) സ്വീകരിക്കുക.

അഭ്യാസത്തില്‍ നിന്നുള്ള അറിവ് ശ്രേയസ്കരമാണ്. അതിനേക്കാള്‍ വിശേഷമാണ് ജ്ഞാനത്തില്‍ നിന്നുള്ള ധ്യാനം. ധ്യാനം ഹേതുവായി കര്‍മ്മഫല ത്യാഗമുണ്ടാകും. ത്യാഗത്തില്‍ നിന്നേ ശാന്തിയുണ്ടാകൂ. എന്നെങ്കിലും ന‍ാം ശാന്തി അനുഭവിച്ചിട്ടുണ്ടെങ്കില്‍ അവിടെയൊക്കെ ത്യാഗമുണ്ടായിരിക്കും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close