പരാതിയോ പ്രതീക്ഷയോ ഇല്ലാത്തവരാണ് ഭക്തര്‍ (75)

തന്റെ ഭക്തര്‍, തനിക്കു പ്രിയപ്പെട്ടവര്‍ ഇപ്രകാരമെന്ന് ഭഗവാന്‍ വിശദീകരിക്കുന്നു. സര്‍വജീവികളോടും വെറുപ്പോ അറപ്പോ ദേഷ്യമോ ഇല്ലാതിരിക്കുക, കാരുണ്യവും സുഹൃദ് ഭാവവും ഉണ്ടായിരിക്കുക. നിര്‍മമത്വം പാലിക്കുക. നിരഹങ്കാരിയാവുക. ക്ഷമയുള്ളവരാകുക, എല്ലായ്പ്പോഴും സന്തുഷ്ടിയുള്ളവരാകുക. മനസ്സ് സംയമനം ചെയ്ത് നിശ്ചയ ദാര്‍ഢ്യത്തോടെ മനോബുദ്ധികളെ ഭഗവാനില്‍ അര്‍പ്പിക്കുക. ഇതെല്ല‍ാം ഭക്തരുടെ ലക്ഷണമാണ്.

ഭക്തന്‍ നിമിത്തം ലോകം ക്ഷോഭിക്കുന്നില്ല. ലോകം കാരണം ഭക്തനും ക്ഷോഭിക്കുന്നില്ല. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഒരു പ്രകാരത്തിലും സംഘര്‍ഷം പാടില്ല. ഇവിടെ ഉത്കൃഷ്ടമെന്നോ നികൃഷ്ടമെന്നോ എണ്ണാന്‍ പാടില്ല. മനസ്സിന്റെ തെറ്റായ കല്പനകളാണവ. സന്തോഷം, കോപം, ഭയം, ഉത്കണ്ഠ എന്നിവയില്‍ നിന്നൊക്കെ മോചിതരായവരാണ് ഭക്തര്‍. അവര്‍ക്ക് പരാതിയോ പ്രതീക്ഷയോ ഉണ്ടാകില്ല. (എല്ല‍ാം ഈശ്വരനാണെന്നറിഞ്ഞാല്‍ പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കില്ല. പ്രതീക്ഷകളകന്ന മനസ്സിന്റെ ഭാവമാണ് മൗനം). ഉള്ളിലെ അധമ വികാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ മാത്രമാണ് ഭക്തരുടെ ശത്രുസംഹാരം. അല്ലാതെ മറ്റൊന്നും അവരുടെ ശത്രുവല്ല.

ഒന്നും അപേക്ഷിക്കാത്തവര്‍ (ഒന്നും ആവശ്യമില്ലാത്തവര്‍), സമര്‍ത്ഥര്‍ (അന്ധമായ വിശ്വാസങ്ങള്‍ക്കടിപ്പെടാത്തവര്‍), ശുചിത്യമുള്ളവര്‍ – വാക്കിലും മനസ്സിലുമടക്കം പരിശുദ്ധരായവര്‍, ഒന്നിനോടും പക്ഷപാതിത്വങ്ങളില്ലാത്തവര്‍, വ്യാകുലങ്ങളില്ലാത്തവര്‍, എല്ലാറ്റിന്റേയും ആരംഭത്തെ പരിത്യജിച്ചവര്‍ (എല്ലാ കര്‍മ്മങ്ങളുടെയും ആരംഭം ഞാന്‍ എന്ന ഭാവമാണ്) ഇവരൊക്കെ ഭക്തരാണ്.

അവര്‍ താത്കാലിക നേട്ടങ്ങളില്‍ സന്തോഷിക്കുന്നില്ല. ഒന്നിനേയും കുറ്റപ്പെടുത്തുന്നില്ല, ഒന്നിലും ദുഃഖിക്കുന്നില്ല, ഒന്നിനായും ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ശുഭാശുഭങ്ങളോ നന്മതിന്മകളോ ഇല്ല. അവര്‍ ശത്രുമിത്രം, മാനാപമാനം, ശീതോഷ്ണം, സുഖദുഃഖം, സ്തുതി-നിന്ദ ഇവയൊക്കെ തുല്യമായി കാണും. കിട്ടിയതുകൊണ്ട് സന്തോഷിക്കും. ഭഗവാനില്‍ വസിക്കുന്ന അവര്‍ക്ക് എല്ലായിടവും വാസസ്ഥാനമായതിനാല്‍ പ്രത്യേകിച്ചൊരു വാസസ്ഥാനമില്ല, സ്വന്തമെന്ന ഒട്ടലില്ല. മറ്റുള്ളവരേയും ഈ മാര്‍ഗത്തില്‍ നയിക്കാന്‍ പോന്ന ഭക്തര്‍ ഭഗവാനില്‍ ഉറച്ച മനസ്സുള്ളവരാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close