അറിവിന്റെ ലക്ഷണം (77)

ഭഗവാന്‍ ഗീതയില്‍ ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങളായി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക. ഫലസമൃദ്ധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനേയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റേത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസയ്ക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് ഏകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആര്‍ജവം വക്രതയില്ലായ്മയാണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.

ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂര്‍ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. ഗുരുവായി സന്യാസിയേയോ അച്ഛനേയോ അമ്മയേയോ മക്കളേയോ സൂര്യനേയോ സമുദ്രത്തേയോ എന്തിനെ വേണമെങ്കിലും സ്വീകരിക്ക‍ാം. ജ്ഞാനത്തിന് വാക്ക്, ശരീരം, കര്‍മ്മം, കുലം, മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്. ആത്മസംയമനവും ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.

അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന ചിന്തയില്ലായ്മ); ജനനം, മരണം, ജര, വ്യാധി എന്നിവ ദുഃഖമായി കാണാതിരിക്കുക; പുത്രന്‍, ഭാര്യ, ഗൃഹം മുതലായവയില്‍ ഒട്ടലില്ലാതിരിക്കുക; ആസക്തിയില്ലാതിരിക്കുക; ഇഷ്ടമായോ അനിഷ്ടമായോ എന്തു വന്നാലും സമചിത്തത പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ല‍ാംവിട്ട് ഏകാന്തതയിലിരിക്കുക); ജനക്കൂട്ടത്തിലിരിക്കാന്‍ ഇഷ്ടമില്ലായ്ക (നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാ കാര്യങ്ങളുമറിയണം എന്ന നിര്‍ബന്ധമില്ലാതിരിക്കുക); ആത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിര്‍ത്തുക, തത്വജ്ഞാനംകൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍. മറ്റെല്ല‍ാം അറിവില്ലായ്മയാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close