ബ്രഹ്മമാണ് വിശ്വയോനി (80)

ബീജം ഭഗവാനും മഹത്തായ ബ്രഹ്മം എന്റെ യോനി (ഉല്പത്തികേന്ദ്രം) യാകുന്നുവെന്നും അതില്‍ ഞാന്‍ ഗര്‍ഭാധാനം ചെയ്യുന്നുവെന്നും ഭഗവാന്‍ പറയുന്നു. സര്‍വചരാചരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാ യോനികളും ചേരുന്നതാണ് വിശ്വയോനി. അതില്‍ നിന്നാണ് എല്ല‍ാം ഉണ്ടാകുന്നത്. ജനനത്തിനായി സ്വീകരിക്കുന്ന മാര്‍ഗമാണ് യോനി. ഏതെല്ല‍ാം ശരീരങ്ങള്‍ ഉണ്ടാകുന്നുണ്ടോ അവയ്ക്ക് മഹത്തായ ബ്രഹ്മപ്രകൃതി തന്നെയാണ് യോനി. പിതാവ് ഭഗവാനും. അച്ഛന്‍, അമ്മ എന്നെല്ല‍ാം പറയുമ്പോള്‍ ഈ വിശ്വപിതാവുമായി, വിശ്വമാതാവുമായി ചേരണം.

പ്രകൃതിയില്‍ നിന്നുണ്ടാകുന്ന ഗുണങ്ങളില്‍ നിര്‍മലവും പ്രകാശിക്കുന്നതും അനാമയവുമായ സത്വഗുണം സുഖസംഗംകൊണ്ടും ജ്ഞാനസംഗംകൊണ്ടും നാശരഹിതനായ ജീവാത്മാവിനെ ശരീരത്തില്‍ ബന്ധിക്കുന്നു. രാഗ(താല്പര്യം) രൂപത്തിലുള്ള രജോഗുണം തൃഷ്ണയിലും സംഗത്തിലും നിന്നുണ്ടാകുന്നു. അത് കര്‍മ്മസംഗത്തിലൂടെ ജീവാത്മാവിനെ ബന്ധിക്കുന്നു.

അറിവില്ലായ്മയില്‍ നിന്നു ജനിച്ച തമോഗുണം സകലജീവികള്‍ക്കും മോഹമുണ്ടാക്കുന്നു. പ്രമാദം, ആലസ്യം, നിദ്ര ഇവകൊണ്ട് ബന്ധിക്കുന്നു. തമോഗുണം ജ്ഞാനത്തെ മറച്ച് തെറ്റില്‍ ചേര്‍ക്കുന്നു. ഒന്നിനെ മറ്റൊന്നായി മനസ്സിലാക്കലാണ് തെറ്റ്. ഓരോ ഗുണവും മറ്റു രണ്ടു ഗുണങ്ങളെ മറച്ച് പ്രകടമാകുന്നു. തമോഗുണം പ്രകടമായിരിക്കുന്ന വ്യക്തിക്ക് വിശ്രമവും നിദ്രയുമാണ് ആവശ്യം. അയാള്‍ കര്‍മ്മം ചെയ്യാന്‍ ശ്രമിച്ചാലും പൂര്‍ണമാകില്ല. ഗുണത്തിനനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യാന്‍.

അനുഭവജ്ഞാനത്തെ ആശ്രയിച്ച് ഭഗവദ് ധര്‍മ്മത്തെ പ്രാപിച്ചിട്ടുള്ളവര്‍ സൃഷ്ടിയുടെ ആരംഭത്തില്‍ പോലും ജനിക്കുന്നില്ല. പ്രളയത്തില്‍ ദുഃഖിക്കുന്നുമില്ല. അവര്‍ക്ക് ജനിമൃതികളില്ല. ആഭരണമല്ല സ്വര്‍ണമാണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കമ്മലും മാലയും വളയുമൊന്നുമില്ല. എല്ല‍ാം സ്വര്‍ണമാണ്. അത് പിന്നെ എല്ലാക്കാലവും സ്വര്‍ണക്കട്ടിയായി രൂപമാറ്റം വരാതെ ഇരിക്കും എന്നല്ല. രൂപം മറന്നുവെന്ന ഭാവം സ്വര്‍ണത്തിന് ഉണ്ടാകില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close