ഗുണാതീത ലക്ഷണം (82)

ജ്ഞാനി പ്രകാശത്തേയും (ജ്ഞാനത്തേയും) കര്‍മ്മത്തേയും മോഹത്തേയും (അജ്ഞാനത്തേയും) ചേര്‍ന്നിരിക്കുമ്പോള്‍ വെറുക്കുന്നില്ല. അവന്‍ അവനെ വെറുക്കുന്നില്ല, അവന്റെ കര്‍മ്മങ്ങളെയും വെറുക്കുന്നില്ല.

പലരും കഴിഞ്ഞകാല ചെയ്തികളെ ഓര്‍ത്ത് സ്വയംവെറുത്ത്, ശപിച്ച് കഴിയുന്നു. ഗുണങ്ങള്‍ വന്നുപോകുന്നതാണ്. വരുമ്പോള്‍ ദേഷ്യവും ഇല്ലാത്തപ്പോള്‍ അതിനായി ആഗ്രഹിക്കുകയും ചെയ്യേണ്ടതില്ല. ഏതെങ്കിലും ഗുണങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് അനുഭവിച്ച സുഖത്തെ മനസ്സില്‍ ഓര്‍ത്തുവയ്ക്കരുത്. ജ്ഞാനി ഗതകാല സങ്കല്പങ്ങളിലും ഭാവികാല ആശങ്കകളിലുംപെട്ട് വര്‍ത്തമാനകാലത്തെ വൃഥാ കളയുന്നില്ല. ഗുണാതീതന്‍ എപ്പോഴും വര്‍ത്തമാനകാലത്തിലായിരിക്കും. അവന്‍ ഗുണങ്ങളാല്‍ ഇളകുന്നവനല്ല, ഒന്നുമായും കക്ഷിചേരാത്ത ഉദാസീനനാണ്. ഗുണങ്ങള്‍ അവയുടെ സ്വാഭാവിക ധര്‍മ്മം കാട്ടുന്നു എന്നറിഞ്ഞ് അവന്‍ സ്ഥിരചിത്തനായിരിക്കുന്നു. പൊട്ടിക്കരയണമെന്നു തോന്നുമ്പോള്‍ കരയുന്നു. പൊട്ടിച്ചിരിക്കണമെന്നു തോന്നുമ്പോള്‍ ചിരിക്കുന്നു. പക്ഷേ, അവയുമായി താദാത്മ്യപ്പെടുന്നില്ല, അവ ഓര്‍ത്തുവയ്ക്കുന്നില്ല. നമ്മുടെ അധിപന്‍ എപ്പോഴും ന‍ാം തന്നെയായിരിക്കണം.

സുഖദുഃഖങ്ങളെയും പ്രിയാപ്രിയങ്ങളെയും നിന്ദയേയും സ്തുതിയേയും സമമായി കാണുന്ന ഗുണാതീതന്‍ സ്വസ്ഥനായിരിക്കുന്നു. അചഞ്ചലനായിരിക്കുന്ന അവന്‍ സ്വര്‍ണത്തെയും മണ്‍കട്ടയെയും ഒരുപോലെ അറിയുന്നു. സ്വര്‍ണത്തെ മണ്‍കട്ടയായോ മണ്‍കട്ടയെ സ്വര്‍ണമായോ കാണുന്നു എന്നല്ല. രണ്ടിനേയും പൂര്‍ണമായി കാണുന്നു എന്നാണ് ഇതിനര്‍ഥം. മറ്റുള്ളവരെ പഴിക്കാത്ത, സ്വചെയ്തികള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്താത്ത അവന്‍ ധീരനായിരിക്കും.മാനത്തേയും അപമാനത്തേയും ശത്രുമിത്രപക്ഷങ്ങളേയും തുല്യമായി കാണും. എല്ലാ ഉദ്യമങ്ങളുടെയും ആരംഭത്തിലെ ഞാന്‍ എന്ന കര്‍തൃത്വഭാവം, അഹങ്കാരം ഉപേക്ഷിച്ചവരായിരിക്കും ഗുണാതീതര്‍.

അങ്ങേയറ്റം ശ്രദ്ധയുള്ളവനാണ് ഗുണാതീതന്‍. എന്താണ് എന്നില്‍ സംഭവിക്കുന്നത് – ദേഷ്യം വന്നു, സങ്കടം വന്നു, സന്തോഷം വന്നു എന്നൊക്കെ അറിയുന്നവനാണ് അവന്‍. തെറ്റിപ്പോകാത്ത ഭക്തിയോഗത്താല്‍ പരമാത്മാവിനെ സേവിക്കുന്നവര്‍ ഗുണങ്ങളെയെല്ല‍ാം അതിവര്‍ത്തിക്കുന്നു. ബ്രഹ്മത്തിന്റെയും അക്ഷയമായ അമൃതത്തിന്റെയും സനാതനധര്‍മ്മത്തിന്റെയും ഇരിപ്പിടമാണ് ഞാന്‍ എന്നറിയുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close