ജീവിതവൃക്ഷമാകുന്ന അരയാല്‍ (83)

ജലത്തിലെ സൂര്യന്‍ (പ്രതിഫലനം) ജലം വറ്റുമ്പോള്‍ സൂര്യനില്‍പോയി ചേരുന്നപോലെ പരമാത്മാവിലേയ്ക്ക് ന‍ാം തിരിച്ചുപോകും. പിന്നെ തിരിച്ചുവരവില്ലെന്ന് പറയുന്നു. ചേരുന്നു എന്ന് ഭാവനചെയ്യുന്നതാണ്. യഥാര്‍ഥത്തില്‍ തിരിച്ചുപോക്കോ ചേര്‍ച്ചയോ വരവോ ഇല്ല. എല്ല‍ാം പ്രകാശമാണ്. എല്ല‍ാം പരമാത്മാവാണ്. എന്റെ പരമപദത്തെ പ്രകാശിപ്പിക്കാന്‍, തെളിയിച്ചുതരാന്‍ സൂര്യനോ ചന്ദ്രനോ അഗ്നിക്കോ കഴിയില്ല. അതിനെ പ്രാപിച്ചാല്‍ പിന്നെ തിരിച്ചുവരവുമില്ലെന്ന് ഭഗവാന്‍ പറയുന്നു.

ഭഗവാന്‍ ജീവിതവൃക്ഷത്തെ അരയാലായി ഉപമിക്കുന്നു. ആ വൃക്ഷത്തിന്റെ വേര് മുകളിലും ശിഖരങ്ങള്‍ താഴെയുമാണ്. ഇലകള്‍ വേദങ്ങളാണ്. ശിഖരങ്ങള്‍ മുകളിലേക്കും താഴേക്കും പോയിരിക്കുന്നു. എല്ലാറ്റിനും ആസ്പദമായിരിക്കുന്ന, സര്‍വ്വപ്രകാരത്തിലും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനും കാരണമായ പരമമായ ബ്രഹ്മമാണ് ഏറ്റവും മുകളില്‍. ജീവിതത്തിനു കാരണമായ വേര് ബ്രഹ്മമാണ്. ഏറ്റവും ഉയര്‍ന്നതാണത്. താഴെയുള്ള ശിഖരങ്ങളാണ് സ്ഥൂലജീവിതം. അത് ഉദാത്തചിന്തകളുമായി മുകളിലേക്കുയര്‍ന്നതും അധമവികാരവിചാരങ്ങളുമായി താഴേയ്ക്കു തിരിഞ്ഞതുമായി രണ്ടു തരമുണ്ട്. വേദങ്ങളാണ്, അറിവാണ് അതിന്റെ ഇലകള്‍. അറിവിലാണ് ന‍ാം നിറയേണ്ടത്. അത് കൊഴിഞ്ഞുപോകേണ്ടതും പുതിയത് കിളിര്‍ക്കേണ്ടതുമാണ്.

ഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെട്ട വിഷയങ്ങളാകുന്ന സംസാരവൃക്ഷത്തിന്റെ വേരുകള്‍ കര്‍മ്മബന്ധങ്ങളായി മനുഷ്യലോകത്തില്‍ വ്യാപിച്ചിരിക്കുന്നു. ഇത്തരം വൃക്ഷത്തിന്റെ രൂപം കാണാനാവില്ല. അതിന്റെ ആദിയും അന്തവും നിലനില്പും അറിയില്ല. ഇതിന്റെ ഉറപ്പുള്ള വേരുകള്‍ അസംഗമാകുന്ന ആയുധംകൊണ്ട് മുറിച്ചുവേണം പരമപദം അന്വേഷിക്കുവാന്‍. സംഗം വളര്‍ച്ച മുരടിപ്പിക്കും. കര്‍മ്മബന്ധങ്ങളെ ഛേദിക്കണം.

ഭഗവാന്റെ സനാതനമായ അംശം ജീവാത്മാവായി തീര്‍ന്ന് സംസാരലോകത്തില്‍ പ്രകൃതിനിഷ്ഠമായ മനസ്സുള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങളെ വലിച്ചിഴക്കുന്നു. ഇന്ദ്രിയങ്ങളെ നമുക്ക് നിയന്ത്രിക്കാനും നേര്‍വഴിക്ക് നയിക്കാനും കഴിയണം. മനുഷ്യനെ സ്വയം എങ്ങനെ ഉപയോഗിക്കണമെന്ന കൈപ്പുസ്തകമാണ് ഗീത.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close