വിശപ്പ് ഭഗവാനാണ് (84)

ഭഗവാന്‍ ജഠരാഗ്നിയായി (വിശപ്പായി) പ്രാണാപാനവായുക്കളോടു ചേര്‍ന്ന് നാലുതരത്തിലുള്ള അന്നത്തെയും ദഹിപ്പിക്കുന്നു. പൊട്ടിച്ച്, ചവച്ചരച്ച്, കുടിച്ച്, നക്കി നാലുവിധത്തില്‍ കഴിക്കാവുന്ന ഭക്ഷണം; ഗന്ധ, തേജോ, വായു, ജല രൂപങ്ങളിലുള്ള ഭക്ഷണം. ഇങ്ങനെയൊക്കെ ഭക്ഷണത്തെ നാലായി തിരിക്ക‍ാം. പ്രാണന്‍ ഉള്ളിലേക്കെടുക്കുന്നതും അപാനന്‍ വിസര്‍ജിക്കുന്നതുമാണ്.

ബാഹ്യമായ അഗ്നിയില്‍ ഹവിസ്സ് ഹോമിക്കുന്നത് നിര്‍ത്തി ജഠരാഗ്നിയില്‍ ഹോമിക്കാന്‍ ഉപനിഷദ് പറയുന്നു. വിശക്കുന്ന ആര്‍ക്കും ഭക്ഷണം നല്‍കണം. മറ്റുള്ള ജീവജാലങ്ങളോട് നമുക്കു കടപ്പാടുണ്ട്. അവയ്ക്ക് അന്നം നല്‍കാനാണ് പൂര്‍വികര്‍ ഓരോ അനുഷ്ഠാനങ്ങളുണ്ടാക്കിയത്. ബലിച്ചോറ് അതിനാണ്. ഉറുമ്പുകള്‍ക്കായാണ് കോലം വരയ്ക്കുന്നത്.

നാമിപ്പോള്‍ ഉറുമ്പുപൊടിയിട്ടാണ് കോലം വരയ്ക്കുന്നത്. ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും അഗ്നിയുടെ തേജസ്സും ചന്ദ്രന്റെ തേജസ്സും ഭഗവല്‍തേജസ്സാണ്. ഇവയുടെ സാന്നിധ്യത്തില്‍ ന‍ാം ഈശ്വര സാന്നിധ്യത്തിലാണെന്നറിയണം. ആ തേജസ്സാണ് നമുക്കുള്ളിലുമുള്ളത്. ഇതറിയാതെ ന‍ാം നാലുകൈയുമായി ‘വത്സാ കണ്ണുതുറക്കൂ, ചോദിക്കൂ’ എന്നുപറയുന്ന ഈശ്വരനെ തേടി നടക്കുകയാണ്. കിട്ടില്ല.

ഭഗവാന്‍ തന്റെ ഓജസ്സുകൊണ്ട് ഭൂമിയില്‍ ജീവജാലങ്ങളെയെല്ല‍ാം നിലനിര്‍ത്തുന്നു. നമുക്കാവശ്യമായ പോഷകങ്ങളെയെല്ല‍ാം ഫലരൂപത്തില്‍ നല്‍കുന്നു. ഈ മഹാകാരുണ്യത്തെ കാണാത്ത അജ്ഞതയുടെ മൂര്‍ധന്യത്തിലാണ് അമ്പലത്തിനു മുന്നില്‍ പോയി നിന്ന് ‘എന്നോടിതു ചെയ്തല്ലോ, എനിക്കൊന്നും തന്നില്ലല്ലോ’ എന്നു വിലപിക്കുന്നത്.

ദേഹത്തിലിരിക്കുന്നതായിട്ടോ, വിട്ടുപോകുന്നതായിട്ടോ, വിഷയങ്ങളെ അനുഭവിക്കുന്നതായിട്ടോ ഉള്ള ജീവനെ ജ്ഞാനദൃഷ്ടിയുള്ളവര്‍ കാണുന്നു. ആത്മശുദ്ധിയില്ലാത്തവര്‍ എത്രതന്നെ പ്രയത്നിച്ചാലും തന്നില്‍ത്തന്നെയുള്ള ജീവാത്മാവിനെ കാണുന്നില്ല. ജീവാത്മാവ് ഇന്ദ്രിയങ്ങളെയും മനസ്സിനെയും അധിഷ്ഠാനമാക്കി വിഷയങ്ങളെ അനുഭവിക്കുന്നു. നാമാര്‍ജിച്ച സംസ്കാരമാകുന്ന മനസ്സുകാരണമാണ് എല്ലാ ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത്. ശരികേടാകുന്ന പ്രതലത്തിലൂടെ നോക്കിയാല്‍ എല്ല‍ാം ശരികേടായേ മനസ്സിലാക്കാനാകൂ. പൂ വിരിയുന്നതു കാണുവാനാകാത്തതാണ് ഇപ്പോള്‍ നമ്മുടെ കണ്ണ്. മനസ്സിനെ കരുത്തുറ്റതാക്കി ഇന്ദ്രിയങ്ങളെ സൂക്ഷ്മതലങ്ങളിലേക്ക്, പരിശുദ്ധമായവയിലേക്ക് വ്യാപിപ്പിക്കണം. ഏതിലും ശുദ്ധിമാത്രം കാണണം, കേള്‍ക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close