ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ? (260)

ശ്രീ രമണമഹര്‍ഷി
ആഗസ്റ്റ്‌ 23, 1936

ചോദ്യം: ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ?
രമണമഹര്‍ഷി: ആവശ്യമില്ലാത്ത ചിന്തയാണു ദുഖം. അതിനെ തടുക്കാനുള്ള ബലം മനസ്സിനില്ല.

ചോദ്യം: അതിനുള്ള ബലം മനസിന് എങ്ങനെ കിട്ടും?
ഉത്തരം: ഈശ്വരാര്‍പ്പണത്താല്‍.

ചോദ്യം: സര്‍വ്വത്തിലും വ്യാപിച്ചിരിക്കുന്ന ഈശ്വരനെ എങ്ങനെ അറിയാന്‍?
ഉത്തരം: അങ്ങനെയാണെങ്കില്‍ ഈശ്വരനെ വിട്ടേയ്ക്കൂ. നീ നിന്നെ മാത്രം പറ്റി നില്‍ക്കൂ.

ചോദ്യം: മന്ത്രജപം ചെയ്യുന്നതെങ്ങനെയായിരിക്കണം?
ഉത്തരം: ജപം രണ്ടുവിധം.സ്ഥൂലം,സൂക്ഷമം. സൂക്ഷ്മജപം മാനസികമാണ്.അതു നിമിത്തം മനസിനു ബലം കൂടും.

ചോദ്യം: പുണ്യപാപഫലങ്ങളെ നമുടെ ഇഷ്ടമനുസരിച്ച് ഏറ്റു കൊള്ളാമെന്ന് ചിലര്‍ പറയുന്നു. അങ്ങനെതന്നെയോ?
രമണമഹര്‍ഷി: അതെല്ലാം മേലാലുള്ള കാര്യങ്ങളല്ലേ? ഇപ്പോള്‍ തന്നെ താന്‍ ജനിച്ചിരിക്കുകയാണോ? കര്‍മ്മഫലങ്ങളെ അനുഭവിക്കുന്നു എന്നു വിചാരിക്കുന്നതുതന്നെ ശരിയാണോ? എന്നും നോക്കണം. ഉറങ്ങുമ്പോള്‍ ഈ പ്രശ്നങ്ങളില്ലല്ലോ. ഉണരുമ്പോള്‍ ഇതെങ്ങനെ ഉണ്ടാവുമെന്നും നോക്കൂ.

ഒരു ഭക്തന്‍ ഒരു ചന്ദനവടി ഭഗവാനു സമ്മാനിച്ചു. ഭഗവാന്‍ അതിനെ എടുത്തു മണപ്പിച്ചു. ‘നല്ല വാസന, ഇതു നിങ്ങളില്‍ തന്നെ ഇരിക്കട്ടെ. അതുമൂലം നിങ്ങള്‍ക്ക് എന്‍റെ ഓര്‍മ്മ ഉണ്ടാകും. ഇവിടെ ഇരുന്നാല്‍ ആരെങ്കിലും എടുത്തുകൊണ്ടുപോവും. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതിനെ ഞാന്‍ വച്ചുകൊള്ളുകയില്ല, എന്നു പറഞ്ഞ് മടക്കിക്കൊടുത്തു.

Close