ദ്രോഹിക്കാതിരിക്കലാണ് മഹത്തായ ദാനം (86)

പാകമായ മാതള മത്തന്‍ അതിന്റെ ഞെട്ടില്‍നിന്നു വിടുന്നതുപോലെ ബന്ധനങ്ങളില്‍നിന്ന് വിടണം. വള്ളിയില്‍ നിന്ന് എല്ല‍ാം സ്വീകരിച്ച് പാകത വന്നാല്‍ സ്വാഭാവികമായി, അല്പംപോലും പ്രയാസമില്ലാതെ മത്തന്‍ വിട്ടുപോരുന്നു. ചെടിക്കോ ഫലത്തിനോ അതില്‍ പരിഭവമില്ല. അതുപോലെ വിശ്വത്തില്‍നിന്ന് എല്ല‍ാം സ്വീകരിച്ച്, അറിവിനാല്‍ പാകതവന്ന ന‍ാം വിശ്വത്തെ, ലോകബന്ധത്തെ ഉപേക്ഷിക്കുക. ഇതാണ് മൃത്യുഞ്ജയ മഹാമന്ത്രം. ഇതിലൂടെ സിദ്ധമായതാണ് അഭയം. ഒന്നിനെക്കുറിച്ചും പേടിയില്ലാതിരിക്കുക.

അഭയം, മനഃശുദ്ധി, ജ്ഞാനയോഗത്തിലുള്ള നിഷ്ഠ, ദാനം, ഇന്ദ്രിയ നിഗ്രഹം, യജ്ഞം (ലോകസേവനം), പഠനം, ആര്‍ജ്ജവം, അഹിംസ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദോഷം പറയാതിരിക്കല്‍, ഭൂതദയ, ആശയില്ലായ്മ, മാര്‍ദവം, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമ, ധൈര്യം, ശുചിത്വം, ദ്രോഹമില്ലായ്മ, ഞാനെന്ന ഭാവമില്ലായ്മ ഇതൊക്കെ ദൈവിക ഗുണങ്ങളാണ്. ഇതില്‍ ഉറച്ചു നില്‍ക്കല്‍ (നിഷ്ഠ) അങ്ങേയറ്റം പ്രകൃത്യാനുസാരിയാകണം.

ഇത് എന്റേതല്ല, ജഗദീശ്വരന്റേതാണ്, ഞാനൊരു ഉപാധിമാത്രം, ഇതിനവസരം കിട്ടിയതിന് നന്ദി എന്ന ഭാവത്തിലാണ് ദാനം നല്‍കേണ്ടത്. കൊടുക്കുന്നവനല്ല, വാങ്ങുന്നവനാണ് ഭാരതീയ പാരമ്പര്യത്തില്‍ ശ്രേഷ്ഠന്‍. ദ്രോഹിക്കാതിരിക്കലാണ് മഹത്തായ ദാനം. ശരീരംകൊണ്ടോ മനസ്സുകൊണ്ടോ, എന്തെങ്കിലും കൊടുത്തോ ദ്രോഹിക്ക‍ാം. നമ്മുടെ പല ദാനങ്ങളും ദ്രോഹമാണ്. എക്കാലവും മറ്റൊരാളെ കൈനീട്ടി നിര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഏറ്റവും നല്ലത്, ആവശ്യമുള്ളത് ആണ് ദാനമായി നല്‍കേണ്ടത്.

ഇന്ദ്രിയ നിഗ്രഹം കെട്ടിയിടലോ അഴിച്ചുവിടലോ അല്ല, അറിയലാണ്. ദേഷ്യം വരുമ്പോള്‍ ദേഷ്യം വന്നു എന്നറിയുക. സത്യം ഉള്ളതിനെ നല്ലവണ്ണം പ്രകാശിപ്പിക്കലാണ്. ദയ എല്ലാ ജീവജാലങ്ങളും തന്റെ തന്നെ മറ്റൊരു രൂപമാണെന്നറിയലാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close