അസുരഗുണങ്ങളും നരകജീവിതവും (87)

ദേവഗുണങ്ങള്‍ മോക്ഷത്തിനും അസുരഗുണങ്ങള്‍ ബന്ധനത്തിനും ഹേതുവാകുന്നു. ഇന്ദ്രിയങ്ങളും ഇന്ദ്രിയവിഷയങ്ങളും സത്യമെന്നു കരുതി അതില്‍ രമിക്കുന്നവരാണ് അസുരര്‍. അവരുടെ മനസ്സ് പല പല വ്യാപാരങ്ങളിലേര്‍പ്പെട്ട് ഒന്നിലും ശാന്തികിട്ടാതെ, തെറ്റിദ്ധാരണകളാകുന്ന വലയില്‍ കുടുങ്ങി, ഇന്ദ്രിയസുഖാനുഭവങ്ങളില്‍ മുഴുകി, നിന്ദ്യമായ നരകത്തില്‍ ചെന്നുവീഴുന്നു.

നരകം ഭൂമിയില്‍ നിന്നന്യമായ വേറേതോ ലോകമാണെന്നു കരുതരുത്. മനുഷ്യര്‍ എവിടെ ദുഃഖമനുഭവിക്കുന്നുവോ അതാണ് നരകം. ആത്മാവിനെ നശിപ്പിക്കുന്ന, അറിയാതിരിക്കാന്‍ കാരണമാകുന്ന കാമം, ക്രോധം, അത്യാഗ്രഹം ഇവ മൂന്നും നരകത്തിലേക്കുള്ള വാതിലുകളാണ്. അതിനാല്‍ അവ ഉപേക്ഷിക്കണം.

അസുരപ്രകൃതികള്‍ക്ക് എന്ത് ചെയ്യണം, എന്ത് ചെയ്യാതിരിക്കണം എന്നറിയില്ല. ശുചിത്വമില്ല, സത്യമില്ല, എങ്ങനെ പെരുമാറണം, എന്തു പറയണം തുടങ്ങിയ ആചാരങ്ങളുമില്ല. അവര്‍ക്ക് സ്വന്തം പരിമിതികള്‍ അറിയില്ല. പരിമിതികള്‍ അറിഞ്ഞ് അതിനെ അതിവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിനുപകരം ചുറ്റുപാടുകളെയോ വിധിയെയോ ശപിക്കലല്ല.

ഈ ലോകം അസത്യമാണ്, അതിന് അടിസ്ഥാനമില്ല, ഈശ്വരനുമില്ല, അന്യോന്യ പാരസ്പര്യമില്ല, ഹേതു ആഗ്രഹം മാത്രമാണ്, വേറൊന്നുമില്ല എന്നെല്ല‍ാം അസുരഗുണമാര്‍ന്നവര്‍ കരുതുന്നു. ഈ അല്പബുദ്ധികള്‍ ഒരാള്‍ക്കും ഹിതം വരാത്ത, സര്‍വജീവജാലങ്ങളെയും ശത്രുക്കളായി കാണുന്ന ക്രൂരകര്‍മ്മങ്ങള്‍ ചെയ്യുന്നു. ലോകത്തെ നശിപ്പിക്കുന്നു.മതിവരാത്ത ആഗ്രഹങ്ങളാല്‍ ദംഭം, മാനം, മദം എന്നിവയോടുകൂടി അന്യായമായ പ്രവൃത്തികള്‍ ചെയ്യുന്നു. അന്യായമായി ധനം സമ്പാദിക്കാന്‍ ശ്രമിക്കുന്നു. ഞാനിതു ചെയ്തു, ഞാന്‍ നേടി, എനിക്കിത്ര ഉണ്ട്, ശത്രുക്കളെ വകവരുത്തി, ഞാന്‍ കേമനാണ്, ഞാന്‍ സുഖിക്കും, ഞാന്‍ ദാനം ചെയ്യും, യജ്ഞം ചെയ്യും എന്നിങ്ങനെ പണത്തിന്റെയും സ്ഥാനത്തിന്റെയും ദുരഭിമാനത്തിന്റെയും ഫലത്തില്‍ അവര്‍ കരുതുന്നു. ഇതെല്ല‍ാം നമ്മെത്തന്നെ അളക്കാനുള്ളതാണ്. ഇവയുമായി മറ്റൊരാളെ നോക്കിയാല്‍ നാമും ഇതിന്റെ ഭാഗമായി. ഇത്തരം അജ്ഞാനികളോട്, ക്രൂരത പ്രവര്‍ത്തിക്കുന്നവരോട്, പകരം ചോദിക്കണം, കനത്ത ശിക്ഷ നല്‍കണം എന്ന് കരുതുന്നതും അസുരപ്രകൃതിയാണ്. അവരെ ജ്ഞാനമാര്‍ഗത്തിലേക്കെത്തിക്കാനുള്ള വഴികളാണ് ഗീതാ വിദ്യാര്‍ത്ഥി ചെയ്യേണ്ടത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close