സാത്വികഭക്ഷണവും സാത്വികയജ്ഞവും (89)

ദാമ്പത്യത്തിന്റെ കരുത്ത് ഉച്ഛിഷ്ടം പങ്കുവയ്ക്കുന്നതിലല്ല. ഭര്‍ത്താവിന്റെ എച്ചില്‍ ഭാര്യ കഴിക്കണമെന്ന് ഒരു ശാസ്ത്രവും പറയുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഭര്‍ത്താവിന്റെ സമയം കാത്തിരിക്കുകയുമരുത്. ഓരോരുത്തര്‍ക്കും വിശക്കുമ്പോള്‍ കഴിക്കണം. അല്ലാഞ്ഞാല്‍ വൈശ്വാനരനായ ഭഗവാനെ അപമാനിക്കലാകും.

ഉച്ഛിഷ്ടം (ഈച്ച വന്നിരുന്നാല്‍ മതി, പിന്നെ അത് ഈച്ചയുടെ ഉച്ഛിഷ്ടമാകും), തണുത്താറിയ ഭക്ഷണം, സ്വാദുപോയ, ദുര്‍ഗന്ധമുള്ള, കെട്ട ഭക്ഷണം ഇതൊക്കെ അമേദ്യമാണ്, അശുദ്ധമായതാണ്. താമസഗുണമുള്ളവരാണ് ഇതു കഴിക്കുക. ദുഃഖത്തേയും രോഗത്തേയും മോഹത്തേയും ഉണ്ടാക്കുന്ന എരിവും പുളിയും ഉപ്പും ചൂടും അധികരിച്ച കൊഴുപ്പൊന്നുമില്ലാത്ത ഭക്ഷണമാണ് രാജസന്മാര്‍ക്ക് പ്രിയം.

ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സുഖം, തൃപ്തി ഇവയെ വര്‍ധിപ്പിക്കുന്ന കൊഴുപ്പുള്ള, സ്വാദുള്ള മ‍ാംസപുഷ്ടിയുണ്ടാക്കുന്ന ഹൃദ്യമായ ഭക്ഷണമാണ് സാത്വികന്മാര്‍ക്ക് പ്രിയം. ഭക്ഷണമായി മുന്നില്‍ വന്നതിന്റെ ആരംഭം മുതല്‍ അറിയാവുന്നവയാകും അവ. ഈ ഗുണങ്ങളെല്ല‍ാം ഇലക്കറികളിലും പഴവര്‍ഗങ്ങളിലുമേ ഉള്ളൂ. ഭക്ഷണമാണ് നമ്മുടെ എല്ലാ സ്വഭാവഗുണങ്ങളേയും സ്വാധീനിക്കുന്നത്. വളിച്ച ഭക്ഷണം കഴിച്ചാല്‍ വളിച്ച ചിന്തയേ വരൂ.

മനസ്സിനെ ഉറപ്പിച്ച് വിധിപ്രകാരമുള്ള കര്‍മ്മം ഇന്നത് കിട്ടണം എന്ന ഇച്ഛയില്ലാതെ, ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയോടെ ചെയ്യുന്നതാണ് സാത്വികയജ്ഞം. പ്രയോജനത്തെ ഉദ്ദേശിച്ചോ സ്വമഹത്വം കാണിക്കുന്നതിനോ ഉള്ള യജ്ഞങ്ങള്‍ രാജസമാണ്. ശാസ്ത്രവിധിയില്ലാതെ, അന്നദാനമില്ലാതെ, മന്ത്രമില്ലാതെ, ശ്രദ്ധയില്ലാതെ, ദക്ഷിണ കൂടാതെ കര്‍മ്മം ചെയ്യുക തമോഗുണികളാണ്.

ദേവന്മാരെ, ദ്വിജന്മാരെ, ഗുരുവിനെ പൂജിക്കല്‍ (അവരുടെ സാന്നിധ്യം അനുഭവിക്കല്‍) ശുചിത്വം, വക്രതയില്ലായ്മ, ബ്രഹ്മമാര്‍ഗത്തില്‍ ചരിക്കല്‍, അഹിംസ ഇവയൊക്കെ ശാരീരികമായ തപസ്സാണ്. ആരേയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവുമായതും ആലോചിച്ചുറപ്പിച്ചതുമായ സംസാരം വാങ്മയമായ തപസ്സാണ്.

‘ആലോചിക്കാതെ പറഞ്ഞതാണ് ക്ഷമിക്കണം’ എന്ന് ഒരിക്കലും പറയാനിട വരരുത്. ആരുടെയും മനസ്സിനെ വാക്കുകൊണ്ട് മുറിപ്പെടുത്തരുത്. മനഃശാന്തി, സൗമ്യത്വം, മൗനം, മനസ്സിന്റെ അടക്കം, സ്വഭാവസംശുദ്ധി ഇവയെല്ല‍ാം മനസ്സിന്റെ തപസ്സാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close