ദാനം ദേശകാലപാത്രമനുസരിച്ച് (90)

ഇത് കൊടുക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ് എന്നു കരുതി, തിരിച്ചെന്തെങ്കിലും ചെയ്യാന്‍ കഴിവില്ലാത്തവന് ശരിയായ സ്ഥലത്തും കാലത്തും നല്‍കുന്ന ദാനം സാത്വികമാണ്. ശരിയായ പാത്രത്തിലാകണം, അര്‍ഹതയുള്ളവര്‍ക്കാകണം ദാനം. ന‍ാം നല്‍കുന്ന സമ്മാനങ്ങളും സംഭാവനകളുമൊക്കെ ദാനമാണ്. പല സംഭാവനകളും ന‍ാം പേടിച്ചിട്ടാണ് കൊടുക്കുന്നത്.

മിമിക്സ് പരേഡ്, ഗാനമേള തുടങ്ങിയ പരിപാടികളുമായി വരുന്ന ക്ഷേത്രകമ്മിറ്റിക്കാര്‍ക്ക് പത്തുപൈസ കൊടുക്കരുത്. അതെല്ല‍ാം ക്ഷേത്രസംസ്കാരത്തെ ഇല്ലാതാക്കുന്നതാണ്. ആനപ്പരിപാടിക്കും കൊടുക്കരുത്. ഭഗവാന്റെ വീടായ, ഉദ്യാനമായ കാട്ടില്‍ സ്വൈരവിഹാരം നടത്തിയിരുന്ന അവയെ കുഴിയില്‍ച്ചാടിച്ച്, കൂട്ടിലടച്ച് പീഡിപ്പിച്ച് നടയ്ക്കുവക്കുന്നത് സാത്വികമാണെന്ന് കരുതരുത്.

ഓടുന്ന വാഹനത്തില്‍നിന്ന് ആരാധനാലയങ്ങളിലേക്ക് പണം എറിയുന്നതും ശ്രദ്ധയില്ലാതെയുള്ള ദാനമാണ്. അനാവശ്യമായും അര്‍ഹതയില്ലാതെയും ധനം വരുമ്പോഴാണ് ആരാധനാലയങ്ങളില്‍ പോലും കളവും അഴിമതിയും നടക്കുന്നത്.

പ്രത്യുപകാരമോ ഫലമോ ഉദ്ദേശിച്ചോ വളരെ ബുദ്ധിമുട്ടിയോ നല്‍കുന്ന ദാനം രാജസമാണ്. വേണ്ടസമയത്തും വേണ്ടസ്ഥലത്തുമല്ലാതെ അനര്‍ഹര്‍ക്ക് ബഹുമാനമില്ലൊതെയും നിന്ദയോടുകൂടിയും കൊടുക്കുന്ന ദാനം താമസമാണ്.

ഒരാള്‍ക്ക് എന്തെങ്കിലും കൊടുക്കാമെന്നുപറഞ്ഞ് പത്തുവട്ടം നടത്തിക്കുന്നത് നിന്ദയാണ്. വാങ്ങുന്നയാളോട് ആദരവുകാട്ടണം. അന്യരെ ദ്രോഹിക്കാനും സ്വയം പീഡിപ്പിച്ചും ചെയ്യുന്ന തപസ്സും താമസമാണ്. മൂഢതയില്‍ എന്തിനെന്നില്ലാതെ പലതുംചെയ്യുന്ന താമസരുടെ മറ്റൊരു ലക്ഷണം സംശയമാണ്.

സത്കാരം, മാനം, പൂജ ഇവയ്ക്കുവേണ്ടി, അഹന്തകാണിക്കാനായി ചെയ്യുന്ന രാജസമായ തപസ്സിനും നിലനില്പില്ല. ഫലേച്ഛയില്ലാതെ അതീവ ശ്രദ്ധയോടെ ചെയ്യുന്ന തപസ്സാണ് സാത്വികം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close