ശ്രദ്ധയില്ലാതെ ചെയ്യുന്നതെല്ലാം അസദ് (91)

ശ്രദ്ധയില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങളെല്ല‍ാം അസദ് ആണ്. അതുകൊണ്ട് ഇഹത്തിലും പരത്തിലും സുഖത്തിന് കാരണമാകില്ല. കര്‍മ്മം ചെയ്യുന്ന സമയത്തും ശാന്തി കിട്ടില്ല. അതിനു ശേഷവും ശാന്തി കിട്ടില്ല. തപസ്സും യജ്ഞവും ദാനവുമെല്ല‍ാം ശ്രദ്ധയില്ലാതെ ചെയ്താല്‍ ഈ അവസ്ഥയാണുണ്ടാവുക.

ഏത് കര്‍മ്മവും ഓം, തത്, സത് എന്നീ പദങ്ങളിലേതെങ്കിലും ചേര്‍ത്ത് അനുഷ്ഠിച്ചാല്‍ സാത്വികമാകും. ബ്രഹ്മത്തിനെ ഈ മൂന്നു ശബ്ദങ്ങള്‍ കൊണ്ടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ബ്രഹ്മജ്ഞാനികള്‍ യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ ക്രിയകളൊക്കെ പ്രണവത്തേയും (ഓം) ചേര്‍ത്ത് ഉച്ചരിച്ച് പ്രവര്‍ത്തിക്കുന്നു.

പ്രണവധ്യാനത്തിലാണ്, ആ സങ്കല്പത്തിലാണ് ന‍ാം എന്തും എടുക്കേണ്ടതും കൊടുക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. പ്രണവം എല്ലാറ്റിനേയും പവിത്രീകരിക്കുന്നു. മോക്ഷേച്ഛുക്കള്‍ പല പ്രകാരത്തിലുള്ള ക്രിയകളൊക്കെ ഫലം ഇച്ഛിക്കാതെ തത് എന്നു പറഞ്ഞ് ചെയ്യുന്നു. ന‍ാം ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്തായാലും നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങളൊക്കെ മാറ്റി കര്‍മ്മങ്ങളെ ഈ ശബ്ദങ്ങള്‍ പവിത്രീകരിക്കുന്നു.

ഫലേച്ഛ കൂടാതെയുള്ള ജീവിതം എന്നത് ദരിദ്രവാസിയായിരിക്കണം എന്നല്ല. എല്ലാ അനുഭവങ്ങളെയും ഒരുപോലെ സ്വീകരിക്കണം എന്നാണ്. ഒന്നിനോടും പ്രത്യേക മമതയോ ദ്വേഷമോ പാടില്ല. രാജകൊട്ടാരത്തിലെ ജീവിതമാണ് വന്നുചേരുന്നതെങ്കില്‍ പൂര്‍ണതൃപ്തിയോടെ അതനുഭവിക്കുക. വസ്ത്രം പോലുമില്ലാതെ മരച്ചുവട്ടിലെ ജീവിതമാണ് വന്നുചേരുന്നതെങ്കില്‍ പൂര്‍ണതൃപ്തിയോടെ അതും അനുഭവിക്കുക. ഒന്നും നേടുമ്പോഴോ നഷ്ടപ്പെടുമ്പോഴോ അതുമായി താദാത്മ്യം പ്രാപിക്കരുത്. ഈ അറിവില്‍ ഏതു പദാര്‍ത്ഥങ്ങളും നമുക്ക് വിനിമയം ചെയ്യ‍ാം, അനുഭവിക്ക‍ാം.

വാസ്തവമെന്ന ഭാവത്തിലും നല്ലതെന്ന ഭാവത്തിലുമാണ് സദ് എന്ന വാചകത്തെ ഉപയോഗിക്കുന്നത്. യജ്ഞതപദാനാദികളിലുള്ള നിഷ്ഠയും അവയെ സംബന്ധിച്ച കര്‍മ്മവും സദ് ആണ്. മൂന്നു കാലത്തിലും നിലനില്‍ക്കുന്ന ഒന്നിന്റെ പ്രതീകം വിശ്വത്തില്‍ നിന്നെടുത്ത് കൊടുക്കുന്നു. ഇവിടെ അതു മാത്രമേയുള്ള. ഞാന്‍ ഉപാധി മാത്രം എന്നതാണ് ദാനത്തില്‍ ജ്ഞാനിയുടെ ഭാവം. അജ്ഞാനിയാകട്ടെ ഞാനിത്ര കൊടുത്തു, ഞാനിതു കൊടുത്തു എന്നെല്ല‍ാം അഹങ്കാരത്തോടെ കരുതുന്നു. അതുകൊണ്ട് കൊടുക്കുന്നവനും വാങ്ങുന്നവനും പ്രയോജനമുണ്ടാകുന്നില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close