സ്വാമി വിവേകാനന്ദന്‍

കര്‍മ്മയോഗസിദ്ധാന്തം യഥാര്‍ത്ഥമായും സ്വജീവിതത്തില്‍ പ്രായോഗികമാക്കിയ ഒരു മനുഷ്യനെപ്പറ്റി രണ്ടു വാക്കു പറഞ്ഞ് അവസാനിപ്പിക്കാം; അദ്ദേഹമാണ് ബുദ്ധദേവന്‍. കര്‍മ്മയോഗം എന്നെങ്കിലും പൂര്‍ണ്ണമായും അനുഷ്ഠാനത്തില്‍ വരുത്തിയ ഒറ്റയൊരാള്‍ അദ്ദേഹമത്രേ. ബുദ്ധനൊഴികെ ലോകത്തിലുണ്ടായിട്ടുള്ള മറ്റെല്ലാ മതപ്രവാചകന്മാര്‍ക്കും, അവരെ നിഃസ്വാര്‍ത്ഥകര്‍മ്മത്തില്‍ പ്രേരിപ്പിക്കാനുള്ള ബാഹ്യപ്രേരണകള്‍ ഉണ്ടായിരുന്നു. ബുദ്ധനൊഴിച്ചുള്ള മതപ്രവാചകന്മാരെയെല്ലാം രണ്ടിനമായി തിരിക്കാം. ഒരു കൂട്ടര്‍ തങ്ങള്‍ ഈശ്വരന്റെ അവതാരങ്ങളാണെന്നും, മറ്റേ കൂട്ടര്‍ തങ്ങള്‍ ഈശ്വരന്റെ സന്ദേശവാഹകന്മാര്‍ മാത്രമാണെന്നും പ്രസ്താവിച്ചിട്ടുള്ളവരാണ്. അവരുപയോഗിച്ച ഭാഷ എത്ര സമുന്നതമാംവണ്ണം ആദ്ധ്യാത്മികമായാലും, ഈ രണ്ടു കൂട്ടരും തങ്ങള്‍ക്കുള്ള കര്‍മ്മ പ്രേരണ പുറമേനിന്ന് ആര്‍ജ്ജിക്കുന്നവരും പുറമേനിന്ന് പ്രതിഫലം പ്രതീക്ഷിക്കുന്നവരുമാകുന്നു. ബുദ്ധന്‍ ഒരു പ്രവാചകന്‍ മാത്രമാണ് ഈവിധം പ്രസ്താവിച്ചിട്ടുള്ളത്; ‘ഈശ്വരനെപ്പറ്റിയ നിങ്ങളുടെ വിവിധ വാദങ്ങള്‍ അറിയുന്നതില്‍ എനിക്കു താല്പര്യമില്ല. ആത്മാവിനെപ്പറ്റിയ വിവിധ സൂക്ഷ്മസിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യുന്നതുകൊണ്ടും എന്തു പ്രയോജനം? നന്മ ചെയ്യുക, നല്ലവരായിരിക്കുക. അതു നിങ്ങളെ മുക്തിയിലേയ്ക്കും യാതൊരു സത്യവസ്തുവുണ്ടോ ആ സത്യത്തിലേയ്ക്കും നയിക്കും.’ സ്വജീവിതത്തില്‍ സ്വാര്‍ത്‌ഥോദ്ദേശങ്ങളില്‍നിന്നു തികച്ചും വിമുക്തനായിരുന്നു അദ്ദേഹം; പിന്നെ, അദ്ദേഹത്തെക്കാള്‍ കൂടുതല്‍ പ്രവൃത്തി എടുത്തിട്ടുള്ളവരാരുണ്ട്!

ഇങ്ങനെ എല്ലാവരിലും മേലേ അത്രയധികം ഉയര്‍ന്ന മറ്റൊരു വ്യക്തിയെ ചരിത്രത്തില്‍ എവിടെയെങ്കിലും കാണിച്ചുതരിക. മനുഷ്യവര്‍ഗ്ഗം ആകെക്കൂടി, ഇത്ര ഉത്കൃഷ്ടനായ ഒരു പുരുഷന്നും ഇത്ര ഉന്നതമായ തത്ത്വശാസ്ത്രത്തിനും ഇത്ര വിസ്തൃതമായ ഭൂതാനുകമ്പയ്ക്കും ജന്മം നല്കിയിട്ടുള്ളത് ഒരിക്കല്‍ മാത്രമാണ്. ഏറ്റവും ഉന്നതമായ തത്ത്വശാസ്ത്രത്തിന്റെ പ്രഭാഷകനായിരുന്ന ഈ മഹാജ്ഞാനി, ഏറ്റവും എളിയ പ്രാണികളോടും അത്യഗാധമായ അനുകമ്പ കാണിച്ചിരുന്നു; അതേ സമയം, തനിക്കുവേണ്ടി യാതൊരവകാശവാദവും ഒരിക്കലും പുറപ്പെടുവിച്ചിട്ടുമില്ല. തികച്ചും നിഷ്‌കാമമായി കര്‍മ്മം ചെയ്തിരുന്ന സാക്ഷാല്‍ ആദര്‍ശകര്‍മ്മയോഗി അദ്ദേഹമാണ്. ഇന്നേവരെ ഭൂമുഖത്തു ജനിച്ചിട്ടുള്ളവരില്‍വെച്ച് ഏറ്റവും മഹാനായി, മനുഷ്യചരിത്രം അദ്ദേഹത്തെ നമുക്കു കാണിച്ചുതരികയും ചെയ്യുന്നു. ഇന്നേവരെ ഉണ്ടായിട്ടുള്ളതിലേയ്ക്കും മഹത്തമമായ പ്രേമജ്ഞാനങ്ങളുടെ സമ്മേളനംകൊണ്ടും ആദ്ധ്യാത്മികപ്രഭാവത്തിന്റെ അഭിവ്യക്തികൊണ്ടും നിസ്തുല്യനായി അദ്ദേഹം നിലകൊള്ളുന്നു; ലോകത്തിന്റെ ആദ്യത്തെ വലിയ പരിഷ്‌കര്‍ത്താവും അദ്ദേഹമത്രേ. അദ്ദേഹമത്രേ ആദ്യമായി ഇപ്രകാരം പറയാന്‍ ധൈര്യപ്പെട്ടത്; ‘വല്ല പഴയ ഗ്രന്ഥത്തിലും എഴുതിയിട്ടുണ്ടെന്നു വെച്ച് നിങ്ങള്‍ ഒന്നും വിശ്വസിക്കേണ്ട. അതു നിങ്ങളുള്‍പ്പെട്ട ജനതയുടെ വിശ്വാസമാണ്; ബാല്യം മുതല്‍‌ക്കേ നിങ്ങളെ വിശ്വസിപ്പിച്ചുപോന്നിട്ടുള്ളതാണ് എന്നുവെച്ച് നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ അതിനെപ്പറ്റി യുക്തിയുക്തം ആലോചിച്ച് വേണ്ടതുപോലെ വിശകലനം ചെയ്തു നിരൂപണം നടത്തിയതിനുമേല്‍, അതു സകലര്‍ക്കും ഗുണകരമാകുമെന്നു കാണുന്നപക്ഷം വിശ്വസിക്കുക; അതു ജീവിതത്തില്‍ അനുഷ്ഠിക്കുക, അങ്ങനെ അനുഷ്ഠിക്കാന്‍ മറ്റുള്ളവരെ സഹായിക്കയും, ചെയ്യുക.’ ധനത്തിനോ യശസ്സിനോ മറ്റെന്തിനെങ്കിലുമോ അല്ലാതെ കേവലം നിഷ്‌കാമമായി കര്‍മ്മം ചെയ്യുന്നതാരോ, അയാളത്രേ ഉത്തമമായി കര്‍മ്മം ചെയ്യുന്നത്. അതിനൊരാള്‍ക്കു കഴിവുണ്ടാകുമ്പോള്‍ അയാള്‍ ബുദ്ധനായിത്തീരും. ലോകത്തിന്റെ പ്രകൃതം മാറ്റിമറിക്കാന്‍ തക്കരീതിയില്‍ കര്‍മ്മം ചെയ്യാനുള്ള ശക്തിയും അയാളില്‍നിന്നുളവാകും. ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍മ്മയോഗത്തിന്റെ സാക്ഷാല്‍ പരമോച്ചമായ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 8. പേജ് 128-129]