ശ്രീ രമണമഹര്‍ഷി
നവംബര്‍ 17, 1936

ചോദ്യം: ഒരാള്‍ ജിതസംഗദോഷനാകുന്നതങ്ങനെ?
മഹര്‍ഷി: സത്സംഗംമൂലം. സത്ത് ആത്മാവാണ്. ആത്മധ്യാനം തന്നെ സംത്സംഗം. അതിനു കഴിയാത്തവര്‍ സത്തുക്കളെ ശരണം പ്രാപിക്കുന്നതും സത്സംഗം തന്നെ. തന്മൂലം വിഷയങ്ങളില്‍ പരാങ്ങ്മുഖനായി അന്തര്‍മുഖത്വം സംഭവിച്ച്, ഭ്രാന്തിയൊഴിഞ്ഞു നിത്യ നിശ്ചലമായ സ്വന്തം ആത്മ സ്വരൂപത്തിന്‍റെ ദര്‍ശനമുണ്ടാകുന്നു.
മഹര്‍ഷി: പ്രസ്തുത സംഗദോഷമാര്‍ക്കാണ്?

ചോദ്യം: ആത്മാവിന്.
മഹര്‍ഷി: അല്ല, അഹങ്കാരനാണ്. ആത്മാവ് നിത്യവിമുക്തനാണ്. ഒന്നും അതിനെ ബാധിക്കുകയില്ല.

ചോദ്യം: ആത്മാവ് ഉപാധി കൂടാതെ സ്ഥിതി ചെയ്യുമോ?
മഹര്‍ഷി: നിദ്രയില്‍ എങ്ങനെയിരിക്കുന്നു? അപ്പോള്‍ ആത്മാവ് ഉപാധി രഹിതനായിരിക്കുന്നില്ലേ. ഇപ്പോഴും അങ്ങനെയാണെന്നറിയണം.

ചോദ്യം: സന്യാസി സംസാരത്തിനിടയിലിരിക്കുമോ?
മഹര്‍ഷി: താന്‍ സാന്യാസിയാണെന്നു ചിന്തിക്കുന്നവര്‍ സന്യാസിയല്ല. സംസാരത്തെപ്പറ്റി ചിന്തിക്കാത്തവന്‍ സംസാരിയുമല്ല. അവന്‍ സന്യാസിയാണ്.