ഈ ശരീരത്തെ അറിയുക (95)

പഞ്ചഭൂതങ്ങളില്‍ ഓരോന്നിന്റെയും സാത്വിക‍ാംശം കൊണ്ട് അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും (കാത്, ത്വക്ക്, നേത്രം, നാക്ക്, മൂക്ക്) എല്ലാറ്റിന്റേയും ചേര്‍ന്ന് സമഷ്ടിസാത്വിക‍ാംശം കൊണ്ട് മനോബുദ്ധി ചിത്ത അന്തകരണങ്ങളും ഉണ്ടായി. ഓരോന്നിന്റെയും രാജസ‍ാംശം കൊണ്ട് വാക്ക്, പാണി, പാദം, ജനനേന്ദ്രിയം, വിസര്‍ജ്ജനേന്ദ്രിയം എന്നീ കര്‍മ്മേന്ദ്രിയങ്ങളും സമഷ്ടിരാജസ‍ാംശംകൊണ്ട് പഞ്ചപ്രാണനും ഉണ്ടായി. താമസ‍ാംശം പഞ്ചഭൂതങ്ങളില്‍ ഓരോന്നിലും മറ്റുനാലിന്റേയും അംശങ്ങള്‍ ചേര്‍ന്ന പഞ്ചീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളാകുന്നു.

ഇവയോരോന്നിലും നിന്ന് പ്രത്യേകം ബ്രഹ്മാണ്ഡങ്ങളും അവയില്‍ പതിനാല് ലോകങ്ങളും അതില്‍ ഭൂമിയും ഉണ്ടായി. ഭൂമിയില്‍ നിന്ന് പലവിധത്തില്‍ പലവ ജന്മമെടുത്തു. അതതിന്റെ ശരീരത്തില്‍ അഭിമാനുള്ള ജീവനും ബ്രഹ്മാണ്ഡശരീരമായ ഈശ്വരനും (സമഷ്ടി ശരീരാഭിമാനി) ഇപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശങ്കരാചാര്യരുടെ ‘തത്വബോധം’ വിശദീകരിക്കുന്നു. അതിനാല്‍ ജീവനും ഈശ്വരനും തമ്മില്‍ ഭേദചിന്ത പാടില്ല.

ആത്മാവ് സ്ഥൂല, സൂക്ഷ്മ, കാരണശരീരങ്ങളില്‍ നിന്ന് ഭിന്നമായതും അന്നമയവും പ്രാണമയവും മനോമയവും വിജ്ഞാനമയവും ആനന്ദമയവുമായ കോശങ്ങളില്‍ നിന്ന് അതീതമായതും ജാഗ്രത്, സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ക്ക് സാക്ഷിയായതുമായ സച്ചിദാനന്ദ സ്വരൂപമാണ്. മൂന്നുകാലത്തും നിലനില്‍ക്കുന്ന (സദ്) അറിവ് സ്വരൂപമായ (ചിത്) സുഖഭാവ (ആനന്ദ) ത്തിലുള്ളതാണ് താനെന്ന് അറിയണം.

സാധകനുവേണ്ട ഗുണങ്ങളെക്കുറിച്ച് ആചാര്യര്‍ പറയുന്നു: നിത്യവും അനിത്യവുമായ ഏതൊക്കെയെന്ന് വേര്‍തിരിച്ചറിയാനുള്ള വിവേകം; ഇഹലോകത്തില്‍ എന്തെങ്കിലും സുഖഭോഗങ്ങള്‍ അനുഭവിക്കണമെന്നോ സ്വര്‍ഗ്ഗം കിട്ടണമെന്നോ ഉള്ള ആഗ്രഹമില്ലായ്മ, ക്ഷമ, ദമം, സ്വധര്‍മാനുഷ്ഠാനം, സുഖദുഃഖാദി വിപരീതഭാവങ്ങളെസ്വീകരിക്കല്‍, ഗുരുവരം – ശാസ്ത്രവാക്യങ്ങളിലുള്ള ശ്രദ്ധ, മനസ്സിന്റെ ഏകാഗ്രത, മോക്ഷം വേണമെന്ന ആഗ്രഹം എന്നിവയാണവ.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close