സ്വാഭാവികഗുണങ്ങളും അധികാരവും (97)

ശമം, ദമം, തപസ്സ്, ശുചിത്വം, ക്ഷമ, വക്രതയില്ലായ്മ, ജ്ഞാനം, അനുഭവജ്ഞാനം, ശ്രദ്ധ ഇവയെല്ല‍ാം സ്വാഭാവികമായ ബ്രാഹ്മണകര്‍മ്മങ്ങളാണ്. ശൗര്യം, വീര്യം, ധൈര്യം, സാമര്‍ഥ്യം, ദാനം, യുദ്ധത്തില്‍ പിന്തിരിഞ്ഞോടാതിരിക്കല്‍, യജമാനത്വം ഇതെല്ല‍ാം ക്ഷത്രിയകര്‍മ്മങ്ങളാണ്. കൃഷി, ഗോരക്ഷ, വാണിജ്യം എന്നിവ വൈശ്യകര്‍മ്മങ്ങളും ജനസേവനം ശൂദ്രകര്‍മ്മവുമാണ്. ശൂദ്രകര്‍മ്മം ചെയ്യുന്നവര്‍ ധര്‍മ്മത്തിനും വൈശ്യര്‍ അര്‍ഥത്തിനും ക്ഷത്രിയന്‍ കാമത്തിനും ബ്രാഹ്മണന്‍ മോക്ഷത്തിനും അധികാരിയാണ്.

ജന്മംകൊണ്ടുള്ള കാര്യമല്ല ഗീത പറയുന്നത്. ഓരോരുത്തരും അവരവരുടെ സ്വാഭാവിക ഗുണങ്ങള്‍ക്കനുസരിച്ച് തങ്ങളുടെതായ കര്‍മ്മത്തിലെത്തിച്ചേരുന്നു. ബിസിനസുകാരന്‍ (വൈശ്യന്‍) ബിസിനസ് നിര്‍ത്തി ആത്മാന്വേഷണപാതയിലേക്കു വന്നാല്‍ ബ്രാഹ്മണനാകും. ഗുണങ്ങളില്‍ നിന്നു വേര്‍പെട്ട് പ്രപഞ്ചത്തില്‍ ഒന്നുമില്ല. അവനവന്റെ കര്‍മ്മം ശരിയായി ചെയ്താല്‍ അവര്‍ പരമമായ പദത്തെ പ്രാപിക്കുന്നു.

ധര്‍മാര്‍ഥകാമങ്ങളെ (മോക്ഷം ഒഴികെ) ധരിക്കുകയും ഫലക‍ാംക്ഷയുള്ളതുമായ ധൃതി രാജസവും ഉറക്കവും ഭയവും ശോകവും മനഃക്ഷീണവും മദവും വിടാത്ത ദുഷ്ടബുദ്ധി താമസമായ ധൃതിയുമാണ്.

ആത്മബോധത്തില്‍ നിന്നു ജനിക്കുന്ന ആദ്യം വിഷംപോലെയും പിന്നീട് അമൃതായും ഇരിക്കുന്ന സുഖം സാത്വികമാണ്. ആരംഭത്തില്‍ അമൃതുപോലെയും പരിണാമത്തില്‍ വിഷംപോലെയുമിരിക്കുന്ന രാജസമായ സുഖം വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സംയോഗത്തില്‍ നിന്നുണ്ടാകുന്നതാണ്. നിദ്ര, ആലസ്യം, പ്രമാദം എന്നിവയില്‍ നിന്നുണ്ടാകുന്നതും ആദ്യവും അവസാനവും ആത്മാവിന് മോഹം മാത്രമുണ്ടാക്കുന്നതുമായ സുഖം താമസമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close