ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 13, 1936

ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്?
രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും തന്മാത്രകള്‍ കൂടുതല്‍ സൂക്ഷ്മങ്ങളായിരിക്കും. പഞ്ചീകരണത്തിനുശേഷം തന്മാത്രകള്‍ പ്രത്യേകം പ്രത്യേകം കാര്യകാരണങ്ങളോടുകൂടിയവയായിരിക്കും. സത്വഗുണം മുന്തിനില്‍ക്കുമ്പോള്‍ അവ അന്തഃകരണങ്ങളായിത്തീരുന്നു. ഇതിലും ആകാശത്തിന്‍റെ അംശം കൂടിയിരിക്കുമ്പോള്‍ അതു ജ്ഞാനമായിത്തീരുന്നു. വായുവിന്‍റെ അംശത്താല്‍ മനസ്സും തേജസ്സിന്‍റെ അംശത്താല്‍ ബുദ്ധിയും ജലാംശത്താല്‍ ചിത്തവും പൃഥ്വിയുടെ അംശത്താല്‍ ബുദ്ധിയും അഹങ്കാരവും ജനിക്കുന്നു. ഇവ സമഷ്ടിയിലും വ്യഷ്ടയിലും വൃത്തിപ്പെടുന്നു. രാജോഗുണം വര്‍ദ്ധിക്കുമ്പോള്‍ അവ വ്യഷ്ടിയില്‍ ജ്ഞാനേന്ദ്രിയങ്ങളായിത്തീരുന്നു. തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളാകുന്നു. വ്യഷ്ടിസമഷ്ടികള്‍ക്ക് തന്മാത്ര പൊതുവായതിനാല്‍ ലോകത്തിനും ജീവനും തമ്മിലുള്ള സംബന്ധം സഹജമായിരിക്കുന്നു. തന്മാത്രകള്‍ പ്രകൃതിയില്‍ നിന്നുമുണ്ടാകുന്നു. സൃഷ്ടിയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ പലവിധത്തിലുണ്ട്. ക്രമസൃഷ്ടി (ക്രമപ്രകാരമുള്ളത്), യുഗപദസൃഷ്ടി (ഒന്നിച്ചുള്ളത്). എല്ലാ പ്രവചനങ്ങളുടെയും താല്‍പര്യം ആദിസ്വരൂപത്തെ നോക്കണമെന്നല്ലാതെ ബാഹ്യലോകാന്വേഷണത്തെപ്പറ്റി പറയുന്നില്ല.

ചോദ്യം: ധ്യാനം അന്തര്‍മുഖത്വത്തിനു സഹായകമായിരിക്കുന്നില്ല.
മഹര്‍ഷി: എന്തിനു വേണ്ടിയാണോ അന്തര്‍മുഖമായിരിക്കുന്നത്‌ നാം എപ്പോഴും ആ സ്വരൂപമായിട്ടു തന്നെയിരിക്കുകയാണ്.

ചോദ്യം: അങ്ങനെയിരുന്നാലും നാമതിനെ അറിയുന്നില്ലല്ലോ
മഹര്‍ഷി: അജ്ഞാനം ആര്‍ക്ക്? എന്തിനെപ്പറ്റി? എന്നെ ഞാനറിയുന്നില്ലെങ്കില്‍ രണ്ടാത്മാവുകളുണ്ടായിരിക്കണമല്ലോ?

ചോദ്യം: രണ്ടു ‘ഞാന്‍’ ഇല്ല. എന്നാലും ദേഹാത്മബോധബന്ധം തുടര്‍ന്നിരിക്കുകതന്നല്ലോ ചെയ്യുന്നു?
മഹര്‍ഷി: ആ ബോധം മനസ്സിനുള്ളതാണ്. ആ ബോധം ഉറക്കത്തിലുണ്ടോ? അപ്പോഴും നീ അവിടെയുണ്ട്. അതിനെ നിഷേധിക്കാനാവുകയില്ല. ആ നീ തന്നെ ഇപ്പോള്‍ ജാഗ്രത്തിലുമിരിക്കുന്നത്. എന്നാലും ബന്ധമിരിക്കുന്നുവെന്നാണ് നീ പറയുന്നത്. ഈ വിപരീത ജ്ഞാനത്തിനു കാരണം എന്ത്? ഉറക്കത്തില്‍ മനസ്സില്ലായിരുന്നു. ഇപ്പോള്‍ അതു ഇളകി നില്‍ക്കുന്നു. മനസ്സിലാത്ത ഉറക്കത്തിലും ആത്മാവായ നീ കുറവൊന്നും കൂടാതെ തന്നെ ഇരിക്കുന്നു.

ചോദ്യം: ഭഗവാനരുളിച്ചെയ്യുന്നതു ശരിയാണെന്നിരുന്നാലും ആ സത്യം അനുഭവത്തിനു വഴങ്ങുന്നില്ലല്ലോ.
മഹര്‍ഷി: ക്രമേണ ധ്യാനം തീവ്രമാകുമ്പോള്‍ അതു സ്വയം പ്രകാശിക്കും.

ചോദ്യം: മനസ്സു കൊണ്ടല്ലേ ധ്യാനിക്കുന്നത്? ആ സ്ഥിതിക്ക് മനോനാശം എങ്ങനെയുണ്ടാകും?
മഹര്‍ഷി: ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം. അപ്പോള്‍ മറ്റു വിചാരങ്ങള്‍ ഒഴിയുന്നു. വ്യതിചലനം ദുര്‍ബലത്വത്തെക്കാണിക്കുകയാണ്. ഒരേ വിചാരം നിരന്തരമായാല്‍ ആ വിചാരം ഒഴിയുന്നു. വിചാരമൊഴിഞ്ഞുള്ള വികാസം തന്നെയാണാത്മാവ്. അജ്ഞാനി ആത്മാവ് ദേഹത്തിനുള്ളിലിരിക്കുന്നുവെന്നു കരുതുന്നു. ജ്ഞാനിയാകട്ടെ, ദേഹം ആത്മാവിനെ ആശ്രയിച്ചുള്ളതാണെന്നു കാണുന്നു.

ചോദ്യം: ഭഗവത്സന്നിധിയില്‍ ലഭിക്കുന്ന ശാന്തി തുടര്‍ന്നിരിക്കാത്തതെന്ത്?
മഹര്‍ഷി: ശാന്തി തന്‍റെ നിജപ്രകൃതിയാണ്. ഈ അനുഭവത്തോടു കൂടിയിരിക്കുന്നതാണ് ഭക്തിയും യോഗവും ജ്ഞാനവും. ഇതഭ്യാസബലത്താല്‍ സിദ്ധിക്കുന്നതാണെന്നു തോന്നാം. സത്യം എന്തെന്നു പറഞ്ഞാല്‍ അഭ്യാസബലത്താല്‍ വിപരീത ജ്ഞാനവും ചലനവും ഒഴിയുമ്പോള്‍ താന്‍ സ്വന്തം ശാശ്വതശാന്തിയില്‍ ഇരിക്കുന്ന പൂര്‍വ്വാനുഭവമുണ്ടാകും.

മറ്റൊരു ചോദ്യത്തിനുത്തരമായി ഭഗവാന്‍ പറഞ്ഞു. ഹൃദയമെന്നതാത്മാവാണ്, അതിന്‍റെ ശക്തിയാണ് മനസ്സ്. മനസ്സ് ചലിക്കുമ്പോള്‍ ലോകം തോന്നപ്പെടുന്നു. ഇപ്രകാരം ലോകവും മനസ്സും അത്മാവിലടക്കം ചെയ്തിരിക്കുന്നു. അന്യമായി ഒന്നുമില്ല.