ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 – 4

ഇതു കേള്‍ക്കുമ്പോള്‍ പ്രകൃതിവാദികള്‍ ക്ഷുഭിതരാകുന്നു. അവര്‍ ചോദിക്കുന്നു:

ഇപ്രകാരം വാദിക്കുന്ന നിങ്ങളുടെ ബുദ്ധി അപാരം തന്നെ. സങ്കല്പം ബ്രഹ്മത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന്‍ പറയുന്ന നിങ്ങള്‍ക്ക്, പ്രകൃതിയും അതില്‍ മറഞ്ഞുകിടന്നിരുന്നുവെന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ? ഏതായാലും നിങ്ങള്‍ അധികമൊന്നും ബുദ്ധിമുട്ടേണ്ട. കാര്യങ്ങള്‍ എങ്ങനെയാണ് ഞങ്ങള്‍ പറഞ്ഞു തരാം കേള്‍ക്കുക.

ജലധരങ്ങളില്‍ ജലത്തിനെ സംഭരിക്കുന്നതാരാണ്? നക്ഷത്രങ്ങളെ നഭസ്സില്‍ പിടിച്ചുനിര്‍ത്തുന്നതാരാണ്? ആകാശത്തിന്‍റെ വിശാലമായ മേല്‍ക്കട്ടി വിരിച്ചിരിക്കുന്നതാരാണ്? വായു എപ്പോഴും ചലിച്ചുകൊണ്ടിരിക്കണമെന്ന് ആജ്ഞ നല്കിയിരിക്കുന്നതാരാണ്? ശരീരത്തില്‍ മുളച്ചുപൊങ്ങുന്ന രോമത്തിന്‍റെ വിത്ത് വിതച്ചതാരാണ്? ആരാണ് സാഗരത്തെ നിറയ്ക്കുന്നതും മാരി ചൊരിക്കുന്നതും? ഈ ശരീരമായ ക്ഷേത്രം സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. ഇത് ആര്‍ക്കും പരമ്പരാഗതമായി അവകാശപ്പെട്ടതല്ല. ഇതില്‍ കൃഷിയിറക്കുന്നവന്‍ അതിന്‍റെ ഫലം കൊയ്യുന്നു. അല്ലാത്തവന് ഒന്നും ലഭിക്കുന്നില്ല.