ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 16, 1936

ചോദ്യം: ആത്മാവ്, പരമാത്മാവ്, സച്ചിദാനന്ദം എന്നിവയെ ഞാന്‍ സാക്ഷാല്‍ക്കരിക്കാന്‍ അനുഗ്രഹിക്കണം.
രമണ മഹര്‍ഷി: നിങ്ങള്‍ പറഞ്ഞ മൂന്നും താനും എപ്പോഴുമുള്ള ഒരേ സ്വയംപ്രകാശവസ്തുവാണ്. കാലത്രയങ്ങളിലും ഉള്ളത് എന്ന അതിനെ പുത്തനായി പ്രാപ്രാപിക്കേണ്ടിയില്ല. ഈ സത്യത്തെ അറിയുന്നത് തന്നെ സാക്ഷാല്‍ക്കാരം.

ചോദ്യം: യുക്തിയില്‍ കൂടിയുള്ള കാര്യങ്ങളെന്തിന്? അനുഭവമാണല്ലോ വേണ്ടത്.
മഹര്‍ഷി: അതെ. അനുഭവത്തിനു യുക്തി ആവശ്യമില്ലതന്നെ. ‘ഞാന്‍ ഉണ്ട്’ എന്ന് എല്ലാവരും പറയുന്നു. ഇതില്‍ കൂടുതല്‍ സാക്ഷാല്‍ക്കരിക്കാനെന്തുണ്ട്?

ചോദ്യം: മനസ്സിലാകുന്നില്ല.
മഹര്‍ഷി: ‘ഞാനുണ്ട്’ എന്ന് നിങ്ങള്‍ പറയുമ്പോള്‍ അതു നിങ്ങളുടെ നിലനില്പ്പിനെക്കുറിക്കുകയല്ലേ?

ചോദ്യം: നിശ്ചയമില്ല.
മഹര്‍ഷി: നിങ്ങള്‍ ഇല്ലെങ്കില്‍ ചോദ്യം ചോദിക്കുന്നതാര്?

ചോദ്യം: ശരി. ഉണ്ട്. അതുകൊണ്ടെന്തായി?
മഹര്‍ഷി: നിങ്ങള്‍ ഉണ്ട് എന്നതെങ്ങനെ അറിയുന്നു?

ചോദ്യം: ഞാന്‍ കാണുന്നു, കേള്‍ക്കുന്നു, ചിന്തിക്കുന്നു.
മഹര്‍ഷി: ഇതൊന്നുമില്ലാത്ത ഉറക്കത്തില്‍ നിങ്ങളുണ്ടോ?

ചോദ്യം: ദൈവത്തിനു തന്നെ അറിയാം.
മഹര്‍ഷി: ഉണരുമ്പോള്‍ അതിനുമുമ്പു നിങ്ങള്‍ ഉറങ്ങി എന്നറിയുന്നില്ലേ? ഉറക്കത്തിന്‍റെ ഓര്‍മ്മയില്ലെങ്കില്‍ അതെങ്ങനെ പറഞ്ഞു?

ചോദ്യം: അതുകൊണ്ട് ഞാന്‍ ഉറക്കത്തിലുണ്ടായിരുന്നു എന്നെങ്ങനെ തീര്‍ച്ചപ്പെടുത്താന്‍?
മഹര്‍ഷി: ഉറങ്ങുമ്പോള്‍ മരിച്ചുപോകുന്നുവെന്നും ഉണരുമ്പോള്‍ ജനിക്കുന്നുവെന്നുമാണോ നിങ്ങള്‍ കണക്കാക്കുന്നത്?

ചോദ്യം: ദൈവത്തിനു തന്നെ സത്യമറിയാം.
മഹര്‍ഷി: എന്നാല്‍ ഈ പ്രശനം ഈശ്വരന്‍ തീര്‍ക്കട്ടെ. ഉറക്കത്തില്‍ മരിക്കുകയാണെങ്കില്‍ ആരും ഉറങ്ങാന്‍ ഭയപ്പെടണമല്ലോ? മറിച്ചു ഉറക്കം ആര്‍ക്കും സന്തോഷപ്രദമായിട്ടല്ലേ ഇരിക്കുന്നത്?

ചോദ്യം: ഉറക്കം ക്ഷീണം തീര്‍ക്കാനാണ്.
മഹര്‍ഷി: ക്ഷീണം തീര്‍ന്ന ആളുണ്ടല്ലോ?

ചോദ്യം: ഉണ്ട്.
ഭഗവാന്‍: ഉറക്കത്തില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന സുഖം ഇപ്പോള്‍ എവിടെ?

ചോദ്യം: ഉറക്കത്തില്‍ സുഖമുണ്ടായിരുന്നു എന്നെങ്ങനെ അറിയാം?
മഹര്‍ഷി: ‘ഞാന്‍ സുഖമായുറങ്ങി’ എന്നാണെല്ലാവരും പറയുന്നത്.

ചോദ്യം: അതു ശരിയാണെന്നെനിക്കു തോന്നുന്നില്ല. ഞാന്‍ സാക്ഷാല്‍ക്കാരമാഗ്രഹിക്കുകയാണ്.
മഹര്‍ഷി: സുഖം നിങ്ങളുടെ ജന്മസ്വത്തായതുകൊണ്ടാണ് നിങ്ങള്‍ സാക്ഷാല്‍ക്കാരത്തില്‍ക്കൂടി ആ നിത്യാനന്ദത്തെ തേടുന്നത്. ദേഹമാണ് താന്‍ എന്ന ദേഹാത്മബുദ്ധി സ്വസ്വരൂപാനന്ദത്തെ മറയ്ക്കുന്ന സ്ഥിതിക്ക് ഈ ബോധത്തെ മാറ്റാന്‍ താന്‍തന്നെ ശ്രമിക്കേണ്ടതാണ്. വൈദ്യന്‍ കല്‍പ്പിക്കുന്ന മരുന്ന് രോഗി കഴിച്ചല്ലേ പറ്റൂ. തന്നെ ( ആത്മാവിനെ) അറിഞ്ഞാല്‍ ഈശ്വരനെ അറിയുന്നതാവും എന്നു മഹര്‍ഷി മറ്റൊരു ചോദ്യത്തിനുത്തരമായി അരുളി ചെയ്തു.

ചോദ്യം: എനിക്കു ജ്യോതിസ്സിനെ ദര്‍ശിക്കനോക്കുമോ?
മഹര്‍ഷി: ദര്‍ശനത്തിന് ദ്രഷ്ടാവു വേണം. ദ്രഷ്ടാവിനെ നോക്കൂ.