വേണ്ടത്‌ ലോക സമന്വയം (107)

യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്‌. ധനുര്‍ധരനായ പാര്‍ഥന്‍, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേര്‍ച്ചയുടെ അഭാവം കൊണ്ടാണ്‌ ഇവ ഇല്ലാതെ പോകുന്നത്‌. അമേരിക്കയില്‍ പാര്‍ഥനുണ്ട്‌, യോഗേശ്വരന്റെ അഭാവമുണ്ട്‌. ഭാരതത്തിന്‌ ആധ്യാത്മികതയുണ്ട്‌, പാര്‍ഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ്‌ അതിനാല്‍ ഇവിടെ ആവശ്യമെന്ന്‌ സ്വാമി സന്ദീപ്‌ ചൈതന്യ പറഞ്ഞു. മനുഷ്യരാശിയുടെ നന്മയ്ക്കായി, മുഴുവന്‍ സാധ്യതകളേയും പുറത്തെടുക്കണം. അപ്പോള്‍ അണുബോംബോ യുദ്ധമോ ഒന്നും ഉണ്ടാകില്ല.

ശരിയായ കാഴ്ചപ്പാട്‌, തിരിച്ചറിവ്‌ ലഭിച്ചതിലൂടെ എന്റെ സ്‌മൃതി ഉണര്‍ന്നു എന്ന്‌ അര്‍ജുനന്‍ പറയുന്നു. എന്റെ ഉള്ളില്‍ ഉള്ളതുതന്നെയാണ്‌ അത്‌. അതിനെ ഉണര്‍ത്തിവിടുകയാണ്‌ ഭഗവാന്‍ ചെയ്തത്‌. ഭഗവാന്റെ വാക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്ന്‌ അര്‍ജുനന്‍ ഉറപ്പു നല്‍കുന്നു. അത്‌ പ്രകൃത്യാനുസാരിയായ ജീവിതമാണ്‌. പ്രകൃതിവിരുദ്ധമാകില്ല പിന്നെ കര്‍മ്മങ്ങള്‍.

തത്ത്വമസി എന്ന മഹാവാക്യത്തിന്റെ വിശദ‍ാംശങ്ങളിലേക്കാണ്‌ ഗീത നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. ആദ്യത്തെ ആറ്‌ അധ്യായങ്ങളില്‍ ‘ത്വം’ (നീ) പദ നിരൂപണവും പിന്നത്തെ ആറ്‌ അധ്യായങ്ങളില്‍ ‘തത്‌’ (അത്‌, പരമാത്മാവ്‌) പദനിരൂപണവും അവസാനത്തെ ആറ്‌ അധ്യായങ്ങളില്‍ ‘അസി’ അവ തമ്മിലുള്ള ചേര്‍ച്ചയായും പറയുന്നു. അത്‌ നീയാകുന്നു എന്നത്‌ ബോധ്യപ്പെട്ട് ഞാന്‍ ബ്രഹ്മമാകുന്നു എന്ന ഭാവത്തിലെത്തിച്ചേരണം, ശാസ്ത്രപഠനത്തിലൂടെ. ആ അറിവിലേക്കായിരിക്കണം പിന്നെ കര്‍മ്മങ്ങളെല്ല‍ാം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

Close